Pages

Friday, December 21, 2012

KERALA-NOW A TODDY SHOP


ഭരണനേതൃത്വം കേരളത്തെ മദ്യഷാപ്പാക്കി - കാതോലിക്കാബാവ
കേരളത്തെ മദ്യഷാപ്പാക്കി മാറ്റുന്നതില്‍ മനസാക്ഷിക്കുത്തില്ലാത്ത ഭരണനേതൃത്വം അധികാരരാഷ്ട്രീയത്തിനു വേണ്ടി നിലകൊള്ളുകയാണെന്ന് ബസേലിയോസ്് മാര്‍തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജ്ജനസമിതിയുടെ നേതൃരത്വത്തില്‍ സംഘടിപ്പിച്ച ബിഷപ്പ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുവര്‍ഷം കൊണ്ട് ഏഴായിരം കോടിയിലേറെ രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിച്ചതെന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ ഭരണനേതൃത്വത്തിന്റെ മനോഗതിയെക്കുറിച്ച് ചിന്തിക്കണം. ഘട്ടംഘട്ടമായി മദ്യനിരോധനം പറഞ്ഞിരുന്നവര്‍ക്ക് അത് നടപ്പാക്കാന്‍ ധൈര്യമില്ല.
pic 
പ്രജകളുടെ ക്ഷേമമല്ല, ഭരണനേതൃത്വത്തിന് വലുത്. മദ്യവിപത്തിനെതിരെ നടപടി ആവശ്യപ്പെടുന്ന ബിഷപ്പുമാരോട് ഭരണനേതൃത്വം സൗമ്യമായി ഇടപെടുമ്പോഴും അബ്കാരികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. മദ്യത്തിന്റെ വ്യാപനത്തെ രഹസ്യമായി പ്രോത്സാഹിപ്പിക്കുന്ന അജണ്ടയാണ് അവര്‍ ഭരണത്തില്‍ നടപ്പാക്കുന്നത്. മദ്യവിപത്തിനെതിരെ ക്രൈസ്തവസഭകളും ഹൈന്ദവ, മുസ്ലിം സമുദായങ്ങളും കൈകോര്‍ക്കണം. മദ്യം വിളമ്പുന്ന ചടങ്ങുകളില്‍ കാലു കുത്തില്ലെന്ന് പറയനുള്ള ചങ്കൂറ്റം പുരോഹിതര്‍ക്കുണ്ടാകണം. ഒരു ഇടവക കമ്മിറ്റികളിലും മദ്യപന്മാരെ ഉള്‍പെടുത്തുകയുമരുത്. ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ എല്ലാ ക്രൈസ്തവസഭകളും തയാറാകണമെന്നും കാതോലിക്കാബാവ ആവശ്യപ്പെട്ടു. അരി വാങ്ങാന്‍ പണമില്ലാത്ത ജനങ്ങളെ മദ്യഷാപ്പുകള്‍ക്കു മുന്നിലേക്ക് സര്‍ക്കാര്‍ പറഞ്ഞയക്കുകയാണെന്ന് മലങ്കര കഗത്താലിക്കാസഭാ മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞവര്‍ കോടതിവിധിയുണ്ടെന്നു പറഞ്ഞ് വീണ്ടും ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കുകയാണ്. ഖദര്‍ ധരിച്ചതു കൊണ്ടുമാത്രം കോണ്‍ഗ്രസാവില്ല. ഗാന്ധിജിയുടെ ആദര്‍ശം നടപ്പാക്കാന്‍ ഇവര്‍ക്കു കഴിയില്ലെങ്കില്‍ രാജിവെച്ച് ഇറങ്ങിപ്പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മദ്യശാലകളെ വരുമാനമാര്‍ഗമായി കാണുന്ന സര്‍ക്കാര്‍ വേശ്യാലയങ്ങളും അനുവദിക്കട്ടെയെന്ന് അധ്യക്ഷനായിരുന്ന കേരള സംയുക്ത മദ്യവര്‍ജ്ജന സമിതി പ്രസിഡന്റും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പുമായ റവ. തോമസ് കെ ഉമ്മന്‍ അഭിപ്രായപ്പെട്ടു. അങ്ങനെ ഭരണാധികാരികള്‍ കേരളത്തെ സമ്പന്നമാക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. ഒരു ദേവാലയം പണികഴിപ്പിക്കാന്‍ ഒന്നര വര്‍ഷത്തോളം സര്‍ക്കാരാപ്പീസുകളില്‍ കയറിയിറങ്ങേണ്ടി വരുമ്പോള്‍ പത്തു മിനുട്ടുകൊണ്ടാണ് ബാറുകള്‍ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ ഇച്ഛാശക്തിയാണ് സര്‍ക്കാരിനുണ്ടാവേണ്ടതെന്ന് ചങ്ങനാരേശി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സമൂഹത്തെയാകെ പങ്കെടുപ്പിച്ചുള്ള ലഹരിവിമോചനസമരം നടത്തണമെന്ന് പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും പറഞ്ഞു. റവ. കുര്യാക്കോസ് മാര്‍ സേവേസിയോസ്, പ്രൊഫ. ജോസ് പാറേക്കടവില്‍ എന്നിവരും സംസാരിച്ചു. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ വിഷയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി റവ. തോമസ് പി ജോര്‍ജ് സ്വാഗതവും റവ. അലക്സ് പി ഉമ്മന്‍ നന്ദിയും പറഞ്ഞു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: