Pages

Monday, December 17, 2012

HUMAN RIGHTS PROTECTION AND ABDUL NAZAR MADANI


 മഅ്ദനിക്ക് മനുഷ്യാവകാശം നിഷേധിക്കരുത്
    നമ്മുടെ ഭരണഘടനയില്‍ മനുഷ്യാവകാശത്തിന്റെ മഹത്വം ഊന്നിപ്പറയുന്നുണ്ട്. എന്നാല്‍, അതേ അവകാശം നിഷേധിക്കാനുള്ള പഴുതുകളും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതാണ് ഇന്ദിരാഗാന്ധിയുടെ കാലത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥ. നേതാക്കളെ അന്യായമായി ജയിലിലടച്ചു. നേതാക്കളെ മിസ ഉപയോഗിച്ച് അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. ആറുമാസം കൂടുമ്പോള്‍ മിസ തടവുകാരെപ്പറ്റി ഒരു പരിശോധനയെന്ന പ്രഹസനമുണ്ട്. ഒരാളെ അറസ്റ്റ്ചെയ്ത് ജയിലില്‍ തുടര്‍ന്നു പാര്‍പ്പിക്കേണ്ടത് രാജ്യരക്ഷയ്ക്കാവശ്യമാണെന്ന് കാണുന്നതുകൊണ്ട് തടവുകാലം ആറുമാസത്തേക്കുകൂടി നീട്ടുന്നുവെന്നൊരറിയിപ്പ് മാത്രം തടവുകാരന് നല്‍കിയാല്‍ മതി.


തീവ്രവാദികള്‍ക്കെതിരായ നടപടി ഇന്ത്യയില്‍  തുടര്‍ന്നുവരികയാണ്. എന്നാല്‍, യഥാര്‍ഥ തീവ്രവാദികള്‍ക്കെതിരായല്ല പലപ്പോഴും നടപടി സ്വീകരിക്കുന്നത്. തീവ്രവാദികള്‍ ആരാണെന്ന് സങ്കല്‍പ്പിച്ചുള്ള നടപടിയാണ് സ്വീകരിക്കുന്നത്. എല്ലാം മുസ്ലിങ്ങളും തീവ്രവാദികളല്ലെങ്കിലും എല്ലാ തീവ്രവാദികളും മുസ്ലിങ്ങളാണെന്നാണ് ബുഷ് പരസ്യമായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനമനുസരിച്ചാണ് ലോക പ്രശസ്തരായ പ്രമുഖ വ്യക്തികളെ പേരുനോക്കി അമേരിക്കയിലെ വിമാനത്താവളത്തില്‍ ദേഹപരിശോധന നടത്തി അപമാനിച്ചത് നമുക്ക് മറക്കാനാവില്ല .നിരവധി സംഭവങ്ങളില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതായി കാണാം . മതന്യൂനപക്ഷത്തില്‍പ്പെട്ട യുവാക്കളെ അന്യായമായി തടവില്‍വയ്ക്കുന്ന മനുഷ്യാവകാശ ലംഘനപ്രശ്നം ഗൗരവമായിത്തന്നെ കാണണം .കേരളത്തില്‍ അറിയപ്പെടുന്ന ഒരു മതനേതാവാണല്ലോ അബ്ദുള്‍നാസര്‍ മഅ്ദനി. ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ കോയമ്പത്തൂരില്‍ പ്രസംഗമണ്ഡപത്തിനടുത്ത് ബോംബു വച്ച സംഭവമുണ്ടായി. അമ്പതോളം പേര്‍ മരിക്കാനിടയായ സംഭവം അത്യന്തം അപലപനീയമാണെന്നതില്‍ സംശയമില്ല. മഅ്ദനിയെ ഇതുമായി ബന്ധപ്പെടുത്തി സംശയത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു. ഏഴുവര്‍ഷത്തിനുശേഷം മഅ്ദനി നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചു. താന്‍ പഴയ വ്യക്തിയല്ല, പുതിയ ആളാണെന്ന് പുറത്തുവന്നശേഷം മഅ്ദനി പരസ്യമായി പറഞ്ഞു. തീവ്രവാദം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍, മറ്റുചില സംഭവങ്ങളില്‍ പങ്കുണ്ടെന്ന് പറഞ്ഞ് കര്‍ണാടക പൊലീസ് മഅ്ദനിയെ അറസ്റ്റ്ചെയ്തു. എന്നാല്‍, തെറ്റുതിരുത്തിയ ഒരാളെ വീണ്ടും അറസ്റ്റ്ചെയ്ത് ജയിലിലടച്ചത് നീതീകരിക്കാനാവില്ല . ജാമ്യം നല്‍കാതെ മഅ്ദനിയെ വീണ്ടും അനിശ്ചിതമായി തടവില്‍ പീഡിപ്പിക്കുകയാണ്. ഒരു കാല്‍ നഷ്ടപ്പെട്ട മഅ്ദനി നിരവധി രോഗത്താല്‍ വിഷമിക്കുകയാണ്. ചികിത്സാസൗകര്യം അനുവദിക്കുന്നില്ല. ഒരിക്കല്‍ തീവ്രവാദിയായി മുദ്രകുത്തിയാല്‍ പിന്നീടൊരിക്കലും മോചനമില്ല എന്ന നിലവന്നാല്‍ അത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കലാണ്; നഗ്നമായ മനുഷ്യാവകാശലംഘനമാണ്. ഇതനുവദിച്ചുകൂടാ. മഅ്ദനിയുടെ മനുഷ്യാവകാശം സംരക്ഷിക്കുകതന്നെ വേണം. മനുഷ്യാവകാശം മഅ്ദനിക്ക് നിഷേധിച്ചുകൂടാ. ഈ വിഷയത്തില്‍ മനുഷ്യസ്നേഹികളായ മുഴുവന്‍പേരും പ്രതിഷേധസ്വരം ഉയര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നീതിന്യായ കോടതിയുടെ സമീപനത്തിലും മാറ്റം വരേണ്ടതുണ്ട്. പീഡിതരായ വ്യക്തികള്‍ക്ക് ആശ്രയിക്കാനുള്ളത് കോടതികളെയാണെന്നത് ഓര്‍ക്കേണ്ടതുണ്ട്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: