Pages

Sunday, December 23, 2012

ക്രിസ്തുമസ് ആഘോഷങ്ങളുടെ ലഹരി

                    ക്രിസ്തുമസ് ആഘോഷങ്ങളുടെ ലഹരി

ഇന്ന് നാട് എങ്ങും ക്രിസ്തുമസ് ആഘോഷങ്ങളുടെ ലഹരിയുടെ പാരമ്യത്തിലേക്ക്‌ എത്തിക്കൊണ്ടിരിക്കുന്നു. എങ്ങും വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ള ദീപാലങ്കാരങ്ങളും വിവിധ ഫാഷനുകളിലുള്ള നക്ഷത്ര ദീപങ്ങളും കൊണ്ട് നാടെങ്ങും നിറഞ്ഞിരിക്കുന്നു. അനേകര്‍ ക്രിസ്തുമസിനു അനവധിയായ ആഘോഷങ്ങളും പാര്‍ട്ടികളും പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടയില്‍ വീണ്ടും കേരളത്തെ ഞെട്ടിച്ചു കൊണ്ട് റെക്കോര്‍ഡ്‌ സ്ഥാപിക്കാനായി മദ്യശാലകളും തയ്യാറെടുത്തു കഴിഞ്ഞു. ഇന്ന് മലയാളിയുടെ 'സ്റ്റാറ്റസ് ' തന്നെ മാറിപ്പോയിരിക്കുന്നു. എന്ത് ആഘോഷങ്ങള്‍ക്കും മധുര പലഹാരങ്ങളും മധുര പാനീയങ്ങളും പോലെ തന്നെ മദ്യവും മുന്‍ നാളുകളില്‍ അപമാനം ആയിരുന്നെങ്കില്‍ ഇന്ന് അവന്റെ അഭിമാന പ്രശ്നം പോലെ ആയി തീര്‍ന്നിരിക്കുന്നു. 

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ക്രിസ്തുമസിനു മുന്‍പുള്ള നാളുകള്‍ വലിയ നോമ്പ് പോലെ തന്നെ പ്രാധാന്യമുള്ള നോമ്പിന്റെയും പ്രാര്‍ത്ഥനകളുടെയും വിശുദ്ധിയുടെയും ദിനങ്ങളായിരുന്നു. സ്നേഹത്തിന്റെയും കരുണയുടെയും കരുതലിന്റെയും ദിനങ്ങളായിരുന്നു. ഇന്ന് ഇവയൊക്കെയും വെറും നാമ മാത്രമായി തീരുകയും നോമ്പ് വീടല്‍ മാത്രം ആഘോഷങ്ങളായി തീരുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഈ ആഘോഷങ്ങളാകട്ടെ മദ്യ പൂരിതവും.

ഇതിനിടയില്‍ മൂന്നു കൂട്ടം മനുഷ്യ ജീവികളെ നമുക്ക് കാണാം. ഇതില്‍ ഒന്നാമത്തെ കൂട്ടരാകട്ടെ പണത്തിന്റെ ആധിക്യം മൂലം മദ്യവും ക്ലബ്ബുകളുമായി ആഘോഷങ്ങളില്‍ മദിച്ചു കൊണ്ടിരിക്കുന്നു. രണ്ടാമത്തെ കൂട്ടരാകട്ടെ പണത്തിന്റെ കുറവുണ്ടെങ്കിലും ഒന്നാമത്തെ കൂടരോട് കിട പിടിക്കുവാനായി മത്സരിച്ചു കൊണ്ട് അവരും ഇതേ പാതയില്‍ പിന്തുടരുന്നു. ഇനി മൂന്നാമത്തെ ഒരു കൂട്ടര്‍, ഒരു നേരത്തെ ആഹാരത്തിനു പോലും നിവൃത്തിയില്ലാതെ പട്ടിണിയോട് മല്ലിടുന്നവര്‍. 
മേല്‍ പറഞ്ഞതില്‍ മൂന്നാമത്തെ കൂട്ടരെ ആരും തന്നെ കാണാതെ പോകുന്നു എന്നതാണ് 
നഗ്ന സത്യം. ഇതിനിടയില്‍ മറ്റൊരു കൂട്ടരെയും നാം കാണുന്നില്ല. അവര്‍ക്ക് ജീ
വിക്കാന്‍ യാതൊരു നിവൃത്തിയുമില്ല എന്നാല്‍ യാചിക്കാനോ അവരുടെ ഇല്ലായ്മയെ മറ്റുള്ളവരെ അറിയിക്കുവാനോ അവരുടെ അഭിമാനം അനുവദിക്കുന്നുമില്ല. ഇക്കൂട്ടരാണ് ഏറ്റവും ഭയാനകമായ അവസ്ഥയില്‍ ഉള്ളത്. ഇവരാണ് കൂടുതലും കുടുംബമായി ആത്മഹത്യക്ക് മുതിരുന്നതും.

ഇന്ന് നാം ക്രിസ്തുമസ് ആര്‍ഭാട പൂര്‍വ്വം ആഘോഷിക്കുമ്പോള്‍ ഒരു നിമിഷം ഒന്ന് ആലോചിക്കുമോ ? 
യേശു നമ്മുടെ രക്ഷക്ക് വേണ്ടി പുല്‍ കുടിലില്‍ ജനിച്ച ഈ ദിവസത്തെ കൊണ്ടാടുമ്പോള്‍ നമ്മെ പോലെ നമുക്ക് ചുറ്റുമുള്ളവരിലേക്ക് ഒന്ന് കണ്ണോടിക്കുമോ ? നാം ആയിരക്കണക്കിന് പണം മുടക്കി അലങ്കാരങ്ങളും ഭക്ഷണ സാധനങ്ങളും വാങ്ങി ഈ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍, വില പിടിപ്പുള്ള കളി കോപ്പുകളും ഭക്ഷണങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ നശിപ്പിച്ചു കളയുമ്പോള്‍ നമ്മെ പോലെ തന്നെ സൃഷ്ടിക്കപ്പെടുകയും വിധിയുടെ ക്രൂരതയാല്‍ കഷ്ടതയുടെ തീചൂളയിലേക്ക് എറിയപ്പെട്ട, നിറ കണ്ണുകളോടെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി എച്ചില്‍ പാത്രം തിരയുന്ന കുരുന്നുകളെയും നമ്മുടെ സഹ ജീവികളെയും ഒരു നിമിഷം ഒന്ന് ഓര്‍ക്കുമോ ? 

നമ്മുടെ ആഘോഷങ്ങള്‍ അല്പമെങ്കിലും വെട്ടി ചുരുക്കി ഇവരില്‍ ഒരാളുടെയെങ്കിലും ഒരു നേരമെങ്കിലും വിശപ്പ് അടക്കുവാന്‍ നാം മനസ്സലിവു കാണിക്കുമോ ?
എങ്കില്‍ ഇന്ന് , ആ നിമിഷം തന്നെ യേശു നമ്മെ തന്റെ മാറോടു ചേര്‍ത്ത് നമ്മെ ആശ്ലേഷിക്കുമെന്ന് നാം ഓര്‍ക്കുമോ ?? 
അവര്‍ക്ക് ഒരു നേരമെങ്കിലും വയര്‍ നിറയെ ഭക്ഷണം ലഭിക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന ആ ആനന്ദം ഒരു പണത്തിനോ ആഘോഷങ്ങള്‍ക്കോ നല്‍കാന്‍ കഴിയാത്ത വില മതിക്കാന്‍ കഴിയാത്ത ഒന്നാണെന്ന് നാം ഓര്‍ക്കുമോ ???എങ്കില്‍ ഈ ക്രിസ്തുമസ് ഏറ്റവും ധന്യമായി എന്ന് നമുക്ക് സന്തോഷിക്കാം. അതിനു ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ !!!!

                                                            പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 


No comments: