Pages

Wednesday, December 5, 2012

TRIGLYCERIDES AND HEART DISEASE


ട്രൈഗ്ലിസറൈഡും ഹൃദ്രോഗവും 
ഡോ.വി. ജയറാം
അസോസിയേറ്റ് പ്രൊഫസർമെഡിക്കൽ കോളേജ് ആശുപത്രി,ആലപ്പുഴ
നമ്മുടെ ആഹാരത്തിലെ മുഖ്യ ഘടകങ്ങളിലൊന്നാണ് കൊഴുപ്പുകൾ. ഫാ​റ്റി ആസിഡുകൾ, ഫോസ്‌ഫോലിപ്പിഡുകൾ, ട്രൈഗ്ലിസറൈഡുകൾ, കൊളസ്‌ട്രോൾ, എന്നിങ്ങനെ ശരീരത്തിലെ കൊഴുപ്പുകളെ നാലായി തരംതിരിക്കാം. ഇവയിൽ ഹൃദയാഘാതം, മസ്തിഷ്‌ക്കാഘാതം തുടങ്ങിയവയ്ക്ക് കാരണം കൊളസ്‌ട്രോളാണ്. വർദ്ധിച്ച ട്രൈഗ്ലിസറൈഡും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമായേക്കാം.ശരീരത്തിനാവശ്യമായ ട്രൈഗ്ലിസറൈഡുകൾ ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. കരളിലും ഇത് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പൂരിത കൊഴുപ്പ് കൂടുതലായടങ്ങിയ മാംസം, മുട്ട, പാൽ, പാലുൽപ്പന്നങ്ങൾ, എണ്ണ എന്നിവ കൂടുതൽ ഉപയോഗിച്ചാൽ രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ വർദ്ധിക്കും.

സംസ്‌കരിച്ച അന്നജവും പഞ്ചസാരയും അടങ്ങിയ ഭക്ഷണസാധനങ്ങൾ അമിതമായി കഴിക്കുന്നവരിൽ അധികംവരുന്ന ഊർജ്ജത്തെ കരൾ ട്രൈഗ്ലിസറൈഡുകളാക്കി മാ​റ്റി രക്തത്തിൽ ഈ കൊഴുപ്പിന്റെ അളവ് ക്രമാതീതമായി ഉയർത്തുന്നു. കരളിൽ ട്രൈഗ്രിസറൈഡുകൾ അമിതമായി ഉത്പാദിപ്പിക്കുന്നതാണ് കൊഴുപ്പിന്റെ അളവ് രക്തത്തിൽ കൂടുവാനുള്ള പ്രധാന കാരണം.പൊണ്ണത്തടി, അമിതമദ്യപാനം, അനിയന്ത്രിതപ്രമേഹം, വ്യായാമരാഹിത്യം, പുകവലി, കൊഴുപ്പും അന്നജവും കൂടുതൽ അടങ്ങിയ ഭക്ഷണശീ
ലം എന്നിവയെല്ലാം കരളിൽ ട്രൈഗ്ലിസറൈഡുകളുടെ ഉത്പാദനം കൂട്ടുന്നു. കൂടാതെ വൃക്കരോഗം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവ്, ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം എന്നീ കാരണങ്ങളും ട്രൈഗ്ലിസറൈഡുകൾ വർദ്ധിപ്പിക്കും. ജനിതക വൈകല്യങ്ങളുടെ ഫലമായി പാരമ്പര്യമായി ചിലരുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ ക്രമാതീതമായി വർദ്ധിക്കാം.ഹൃദയരക്തധമനികളിൽ ബ്ലോക്കുണ്ടാക്കുന്ന പ്രധാന വില്ലൻ എൽ.ഡി.എൽ എന്ന ചീത്ത കൊളസ്‌ട്രോൾ ആണ്. എങ്കിലും വർദ്ധിച്ച ട്രൈഗ്ലിസറൈഡും ഹൃദയ രക്തധമനികൾക്ക് കട്ടികൂടുവാനും ബ്ലോക്കുണ്ടാക്കുവാനും കാരണമാകും. ട്രൈഗ്ലിസറൈഡുകൾ കൂടിയ വ്യക്തികളിൽ ഹൃദയരക്ത ധമനികളിൽ ബ്ലോക്കുണ്ടാകാതെ സംരക്ഷിക്കുന്ന കൊഴുപ്പായ എച്ച്.ഡി.എൽ കൊളസ്‌ട്രോളിൻ കുറവായിരിക്കും. വർദ്ധിച്ച ട്രൈഗ്ലിസറൈഡും, കുറഞ്ഞ എച്ച്.ഡി.എൽ കൊളസ്‌ട്രോളും ഹൃദയ രക്തധമനികളിൽ ബ്ലോക്കുണ്ടാക്കുന്നു.



രക്തത്തിലെ ട്രൈഗ്ലിസറൈഡു നില കൃത്യമായി അറിയുക എന്നതാണ് നിയന്ത്രണത്തിന്റെ ആദ്യപടി. ഭക്ഷണം രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനാൽ കുറഞ്ഞത് 12 മണിക്കൂറെങ്കിലും ഒന്നും കഴിക്കാതെ വേണം രക്തപരിശോധന നടത്താൻ. ലിപ്പിഡ് പ്രോഫൈൽ എന്നാണ് ഈ പരിശോധനക്ക് പറയുന്നത്. ഈ പരിശോധനയിൽ ട്രൈഗ്ലിസറൈഡിനെ കൂടാതെ രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്‌ട്രോളും, ചീത്ത കൊളസ്‌ട്രോളായ എൽ.ഡി.എല്ലും, നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്ലും വേർതിരിച്ച്, അളവുകൾ അറിയുവാൻ സാധിക്കും.
വളരെക്കൂടിയ രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ അപടകസാധ്യതയുള്ളതിനാൽ, പ്രത്യേകിച്ചും പാൻക്രിയാസ് ഗ്രന്ഥിയുടെ നീർവീക്കം കൂട്ടുന്നതിനാൽ അടിയന്തര ചികിത്സ ആവശ്യമാണ്.
പൂരിത കൊഴുപ്പടങ്ങിയ ആഹാര സാധനങ്ങളായ മാംസം, മുട്ട, നെയ്യ്, വെണ്ണ, പാൽ, പാംഓയിൽ, വെളിച്ചെണ്ണ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. സംസ്‌കരിച്ച അന്നജവും പഞ്ചസാരയും കൂടുതൽ അടങ്ങിയ ഭക്ഷണത്തിന്റെ ഉപയോഗം കുറയ്ക്കുക. നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം. മത്സ്യം കറിവെച്ച് കഴിക്കാം. കേരളത്തിലെ കടൽത്തീരങ്ങളിൽ സുലഭമായി ലഭിക്കുന്ന മത്തി, അയല, ചൂര, കോര തുടങ്ങിയ മത്സ്യങ്ങളിൽ ധാരാളമായി കഴിക്കുക.പൊണ്ണത്തടി കുറയ്ക്കുക. ക്രമമായ വ്യായാമം ട്രൈഗ്ലിസറൈഡു കുറയ്ക്കുവാൻ ഉത്തമമാണ്. നടത്തം, നീന്തൽ, ജോഗിങ്ങ്, സൈക്ലിങ്ങ് തുടങ്ങിയ ഏതുതരം എയറോബിക് വ്യായാമവും നല്ലതാണെങ്കിൽ കൂടി നടക്കുന്നതാണ് ഏ​റ്റവും ഉത്തമം. മദ്യപാനം, പുകവലി എന്നിവ പൂർണമായും ഒഴിവാക്കുക

ഹാനികരമായ തോതിൽ ട്രൈഗ്ലിസറൈഡുകൾ ഉള്ളവർക്ക് മരുന്നു ചികിത്സയും വേണ്ടിവരും. ഫൈബ്രേ​റ്റ് ഗ്രൂപ്പിൽപ്പെട്ട മരുന്നുകളും, നിക്കോട്ടിനിക്ക് ആസിഡും, മീൻ എണ്ണ ഗുളികകളും ട്രൈഗ്ലിസറൈഡ് നില നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: