തിരുവനന്തപുരത്ത് 74 ശതമാനം
മാലിന്യ സംസ്കരണത്തിന് സർക്കാരിന് 26 ശതമാനം ഓഹരിയോടുകൂടിയ സംയുക്ത കമ്പനി രൂപീകരിക്കാൻ
മന്ത്രിസഭായോഗം അനുമതി നൽകിയിരിക്കുകയാണ്. തലസ്ഥാന നഗരിയിൽ കഴിഞ്ഞ പത്തുമാസമായി
പരിഹാരം കാണാനാവാതെ ശേഷിക്കുന്ന മാലിന്യ സംസ്കരണ പ്രശ്നമാണ് ഇത്തരത്തിലൊരു
കമ്പനിയുടെ രൂപീകരണത്തെക്കുറിച്ച് ചിന്തിക്കാൻ സർക്കാരിന് പ്രേരണയായതെന്നുവേണം
കരുതാൻ. നെടുമ്പാശേരി വിമാനത്താവള നിർമ്മാണത്തിനും നടത്തിപ്പിനുമായി രൂപംകൊണ്ട `സിയാലി'ന്റെ മാതൃകയിലാകും നിർദ്ദിഷ്ട
മാലിന്യസംസ്കരണ കമ്പനി എന്ന് തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തനം തുടങ്ങിയ കാലം മുതൽ
സിയാൽ ലാഭത്തിലാണ്. ഇക്കുറിയും ലാഭവിഹിതമായി പതിനഞ്ചുകോടിയിൽപ്പരം രൂപ സർക്കാരിന്
കൈമാറിയത് കഴിഞ്ഞദിവസമാണ്. ഇതേ മാതൃകയിൽ 74 ശതമാനം സ്വകാര്യ ഓഹരി പങ്കാളിത്തത്തോടെ മാലിന്യ സംസ്കരണ കമ്പനി
സ്ഥാപിതമാകുമ്പോൾ അത് ലാഭകരമായി നടത്താൻ കഴിയുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഒന്നാമതായി കമ്പനിയുടെ മേൽനോട്ടവും പ്രവർത്തനവും സ്വകാര്യമേഖലയിൽത്തന്നെയാണ്.
നടത്തിപ്പ് സർക്കാരിനാകുമ്പോഴാണല്ലോ ഇത്തരം സംരംഭങ്ങൾ തുടങ്ങി അധികംവൈകാതെ
പൂട്ടേണ്ടിവരുന്ന സ്ഥിതി ഉണ്ടാകുന്നത്. സംസ്ഥാനത്തെ നഗരങ്ങളും പട്ടണങ്ങളും
മാലിന്യസംസ്കരണ വിഷയത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
നിർദ്ദിഷ്ട സംസ്കരണ കമ്പനിയുടെ പ്രവർത്തനം വികേന്ദ്രീകൃതമാക്കിയാൽ
സംസ്ഥാനമൊട്ടുക്കുള്ള ജനങ്ങൾക്ക് അത് ആശ്വാസമാകും.
തിരുവനന്തപുരം നഗരത്തിൽ നഗരസഭയും സർക്കാരും തമ്മിൽ മാലിന്യപ്രശ്നത്തിലുണ്ടായ തർക്കം ഇതുവരെ തീർന്നിട്ടില്ല. നഗരത്തിനുപുറത്ത് വിളപ്പിൽ പഞ്ചായത്തിൽ നഗരസഭയുടേതായി ഉണ്ടായിരുന്ന മാലിന്യ സംസ്കരണ പ്ളാന്റ് നാട്ടുകാരുടെ പ്രക്ഷോഭത്തെത്തുടർന്ന് അടച്ചുപൂട്ടിയിട്ട് പത്തുമാസം കഴിഞ്ഞു. രണ്ടുമാസത്തിനകം ബദൽ നടപടി ഉണ്ടാകുമെന്നാണ് ഫാക്ടറി ഗേറ്റിൽ പൂട്ടുവീണപ്പോൾ സർക്കാർ നൽകിയ ഉറപ്പ്. പത്തുമാസമായിട്ടും ബദലൊന്നുമായില്ല. ഇതിനിടയിൽ
വിളപ്പിൽശാലയുടെ പേരിൽ നിരവധി സമരങ്ങളും നഗരസഭയുടെയും സർക്കാരിന്റെയും കെടുകാര്യസ്ഥതയും നഗരവാസികൾ കണ്ടുകഴിഞ്ഞു. മാലിന്യസംസ്കരണ കമ്പനി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനം കൈക്കൊണ്ട ദിവസം ഏതായാലും ഗുജറാത്തിൽനിന്ന് മൊബൈൽ സംസ്കരണ വണ്ടി വന്നതുമാത്രമാണ് ഇപ്പോൾ എടുത്തുപറയാവുന്ന കാര്യം. നാലുദിവസത്തിനകം യന്ത്രം പ്രവർത്തിപ്പിച്ചുതുടങ്ങുമെന്നാണ് അറിയിപ്പ്. യന്ത്രം പാപ്പനംകോട്ടുവന്നുനിന്നപ്പോൾത്തന്നെ എതിർപ്പുമായി ചിലർ വണ്ടിക്കുചുറ്റും കൂടിയതായി വാർത്തയുണ്ട്. മാലിന്യങ്ങൾ കൂടിക്കിടക്കുന്നതിനെക്കുറിച്ച് സദാ ആക്ഷേപം ചൊരിയുന്നവർതന്നെ അതു സംസ്കരിക്കാനുള്ള ഉദ്യമങ്ങൾക്കെതിരെ പ്രക്ഷോഭവുമായി എത്തുന്നത് കാപട്യം മാത്രമല്ല, ജനദ്രോഹംകൂടിയാണ്. മാലിന്യങ്ങൾ നീക്കുകയും വേണം നഗരത്തിലൊരിടത്തും അതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയുമരുത് എന്ന സമീപനം നഗരവാസികൾ ഉപേക്ഷിക്കുകതന്നെവേണം.
നിർദ്ദിഷ്ട മാലിന്യസംസ്കരണ കമ്പനിതന്നെ പ്ളാന്റുകൾ സ്ഥാപിക്കാനാവശ്യമായ സ്ഥലം കണ്ടെത്തുമെന്നാണ് പറയുന്നത്. ഇത്തരം പ്ളാന്റുകൾക്കെതിരെ ജനങ്ങളുടെയിടയിൽ ഇന്നുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാൻ കഴിഞ്ഞാലേ കമ്പനിയുടെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന കാര്യം മറക്കരുത്. അതിന് കമ്പനിക്ക് സർക്കാരിന്റെ പൂർണ പിന്തുണയും സഹായവും ഉണ്ടായിരിക്കുകയും വേണം. പ്രധാനമായും ഫ്ളാറ്റുകൾ, വില്ലകൾ, ആശുപത്രികൾ, കല്യാണമണ്ഡപങ്ങൾ, വ്യവസായ- വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണമാണ് കമ്പനി ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്താനാവും. ഇതിനും പണം നൽകേണ്ടിവരും. ഗാർഹിക മാലിന്യങ്ങൾകൂടി സംഭരിച്ചു സംസ്കരിക്കാൻ കഴിയുന്നില്ലെങ്കിൽ സംയുക്ത മാലിന്യ സംസ്കരണ കമ്പനികൊണ്ട് നഗരവാസികൾക്ക് ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതുകൊണ്ട് ഗാർഹിക മാലിന്യ സംഭരണത്തിനും സംവിധാനം ഉണ്ടാകണം. കുടുംബശ്രീ വഴി നിലനിന്ന സംവിധാനത്തിലെന്നതുപോലെ വീടുകളിൽ നിന്നു ഇതിനായി നിശ്ചിത സംഖ്യ ഫീസായി പിരിക്കാവുന്നതാണ്.
നഗരാസൂത്രണ വകുപ്പ് മുൻകൈയെടുത്ത് രൂപീകൃതമാകുന്ന മാലിന്യസംസ്കരണ കമ്പനി സർക്കാരിന്റെ ഇതര പദ്ധതികൾപോലെ കടലാസിൽത്തന്നെ ഇരിക്കാതെ എത്രയുംവേഗം പ്രവൃത്തിപഥത്തിലെത്തേണ്ടതുണ്ട്. ഇതിനകം തന്നെ കൈവിട്ടുപോയ മാലിന്യപ്രശ്നത്തിൽനിന്നു സർക്കാരിന് അല്പമെങ്കിലും മോചിതമാകാൻ ഇത്തരത്തിലൊരു കമ്പനിയുടെ ഉദയം സഹായകമായിരിക്കും. പതിവുപോലെ കമ്പനിയോടൊപ്പം വിവാദങ്ങളും ചാനൽ ചർച്ചകളുമൊക്കെ ഉണ്ടായെന്നിരിക്കും. ചീഞ്ഞുനാറുന്ന നഗരങ്ങൾക്ക് ആശ്വാസമായി ഇത്തരം ഒന്നിലേറെ കമ്പനികൾതന്നെ വരേണ്ടതുണ്ട്.
പ്രൊഫ്. ജോണ് കുരാക്കാര്
No comments:
Post a Comment