Pages

Monday, November 5, 2012

DISEASES AND FEAR OF DISEASES


രോഗവും രോഗഭീതിയും

പൊതുജനാരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് കേരളത്തില്‍ പല സ്ഥലങ്ങളിലുമുള്ള ആപത്കരമായ സ്ഥിതിവിശേഷം 
സര്‍ക്കാറിനെ ഓര്‍മിപ്പിക്കുന്നത്. രോഗങ്ങളും രോഗഭീതിയും കൊണ്ട് പലേടത്തും ജനങ്ങള്‍ വലയുകയാണ്. അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. എറണാകുളം ജില്ലയില്‍ രാമമംഗലം പഞ്ചായത്തിലെ ഊരമനയില്‍ ഇരുന്നൂറോളം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് വൈറോളജി വിഭാഗമാണ് ഇതു സംബന്ധിച്ചുള്ള പരിശോധനകള്‍ നടത്തിയത്. മെഡിക്കല്‍ സംഘം നടത്തിയ രക്തപരിശോധനയുടെ ഫലം അടുത്ത ആഴ്ചയോടെ മുഴുവനായി ലഭിക്കും.വിവിധതരം പനികളും പകര്‍ച്ചവ്യാധികളും കേരളത്തില്‍ കുറെ വര്‍ഷങ്ങളായി മഴക്കാലത്ത് വ്യാപകമാകാറുണ്ട്. നിര്‍മാര്‍ജനം ചെയ്തുവെന്ന് കരുതിയ മലേറിയയും ഇക്കുറി പടരുന്നതായി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ ഒട്ടേറെപ്പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും പിടിപെട്ടത് കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 

ഊരമനയിലെ രോഗവ്യാപനത്തെ ഗൗരവമായിത്തന്നെ അധികൃതര്‍ കാണണം. രോഗത്തിന്റെ ഉറവിടം ഏതെന്നോ പടരുന്നതെങ്ങനെയെന്നോ മനസ്സിലാക്കാനായിട്ടില്ല. ആ പ്രദേശത്ത് മഞ്ഞപ്പിത്ത രോഗങ്ങള്‍ വ്യാപകമായിട്ട് ഒരു കൊല്ലത്തിലേറെയായെന്ന് പറയുന്നു. ഫിബ്രവരിയിലാണ് ആദ്യ ഹെപ്പറ്റൈറ്റിസ് ബി കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനകം രണ്ടുപേര്‍ രോഗം ബാധിച്ച് മരിച്ചെന്നും അവര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, മഞ്ഞപ്പിത്ത രോഗങ്ങള്‍ പിടിപെട്ട് കൂടുതല്‍പേര്‍ മരിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ വൈറോളജി വിഭാഗം പരിശോധന നടത്തിയപ്പോള്‍ കുട്ടികളിലും രോഗബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചികിത്സ, പ്രതിരോധം, ബോധവത്കരണം എന്നീ മൂന്നു കാര്യങ്ങളിലും ഊര്‍ജിതവും ഏകോപിതവുമായ പ്രവര്‍ത്തനം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ഊരമനയിലെ സ്ഥിതി സൂചിപ്പിക്കുന്നത്. അവിടെ ഹെപ്പറ്റൈറ്റിസ് ബി ബാധിക്കുന്നതായ ആശങ്കയുണ്ടായപ്പോള്‍ത്തന്നെ അധികൃതര്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നു. ഫിബ്രവരിയില്‍ രോഗബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ കാര്യമായ നടപടികളെടുത്തില്ലെന്ന് ആരോപണമുണ്ട്. പിന്നീട് നടത്തിയ ഓരോ പരിശോധനയിലും കൂടുതല്‍ പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് കുറച്ചെങ്കിലും സക്രിയമായത്. ആരോഗ്യവകുപ്പിന്റെ ആവശ്യമനുസരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) ഇതിലിടപെട്ടു. കൗണ്‍സിലിന്റെ നിര്‍ദേശമനുസരിച്ചാണ് മണിപ്പാല്‍ സംഘം ഊരമനയില്‍ പഠനം നടത്തിയത്.
 

ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുമെന്നും അടുത്ത മന്ത്രിസഭായോഗം പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമരൂപം നല്‍കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വിദഗ്ദ്ധചികിത്സയ്ക്കും പ്രതിരോധത്തിനും വേണ്ടതെല്ലാം എത്രയും വേഗം ഒരുക്കി ഈ അടിയന്തര സാഹചര്യത്തെ നേരിടാന്‍ അധികൃതര്‍ക്ക് കഴിയണം. പണമോ നടപടിക്രമങ്ങളോ അതിന് തടസ്സമാകരുത്.ശാസ്ത്രീയവും ആസൂത്രിതവുമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയാലേ ആരോഗ്യപരിപാലനത്തില്‍ മികച്ച നേട്ടം കൈവരിക്കാനാവൂ. രോഗം പടരുമ്പോള്‍ മാത്രം രംഗത്തിറങ്ങുകയും അല്ലാത്തപ്പോള്‍ അലസസമീപനം തുടരുകയും ചെയ്യുന്ന ശൈലിയാണ് ഭരണ, ഉദ്യോഗസ്ഥതലങ്ങളില്‍ പൊതുവേ കാണുന്നത്. ആരോഗ്യകാര്യങ്ങള്‍ക്കായി കേരളത്തില്‍ അതിവിപുലമായ സംവിധാനമുണ്ട്. ഡോക്ടര്‍മാര്‍, പ്രതിരോധപ്രവര്‍ത്തകര്‍, പ്രചാരകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണത്. എന്നാല്‍, പ്രവര്‍ത്തനം വേണ്ടത്ര ഏകോപിതമോ കാര്യക്ഷമമോ അല്ല. ഈ പോരായ്മകള്‍ പരിഹരിക്കണം. സര്‍ക്കാര്‍ ആസ്​പത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും സൗകര്യങ്ങളും ഉണ്ടായാലേ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം മികച്ച ചികിത്സ കിട്ടൂ. മരുന്നുകളുടെ ഗുണനിലവാരവും ലഭ്യതയും ഉറപ്പാക്കാന്‍ കഴിയണം. രോഗപ്രതിരോധത്തിന് അനിവാര്യമായ ശുചിത്വം, ശുദ്ധജലം, കൊതുകുനിര്‍മാര്‍ജനം എന്നിവയുടെ കാര്യത്തിലും കേരളത്തിലെ സ്ഥിതി പൊതുവേ തൃപ്തികരമല്ല. ഇത്തരം കാര്യങ്ങള്‍ക്കും എല്ലായിടത്തും സ്ഥിരംസംവിധാനം ഉണ്ടാക്കിയാലേ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: