പ്രമേഹവും നേത്രരോഗവും
ഡയബറ്റിക് റെറ്റിനോപ്പതി
പ്രമേഹരോഗികളിൽ കുറേ വർഷങ്ങൾ കഴിയുമ്പോൾ കണ്ണിലെ റെറ്റിനയിലെ ചെറിയ രക്തക്കുഴലുകളുടെ ഭിത്തികളിൽ ചില വ്യത്യാസങ്ങൾ കാണാം. അതിനോടൊപ്പം രക്തം കട്ടപിടിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഇങ്ങനെ വരികയാണെങ്കിൽ റെറ്റിനയിലേക്കുള്ള രക്തസഞ്ചാരം കുറയും. ഓക്സിജനും മറ്റ് അവശ്യവസ്തുക്കളും നേത്രപടലത്തിന് ലഭിക്കാതെ വരും. തുടർന്ന് റെറ്റിനയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ മാക്കുലയിൽ വരുന്ന നീർക്കെട്ട് കാഴ്ചശക്തിയെ ബാധിക്കുന്നു.പ്രോളിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപ്പതി എന്ന പ്രശ്നം കാരണം രക്തസഞ്ചാരത്തിലെ കുറവുകാരണം പുതിയ രക്തക്കുഴലുകൾ വളർന്നുവരാൻ ഇടയാകും. ഇവയുടെ ഭിത്തികളിലെ അപാകതകൾ മൂലം റെറ്റിനയിലും കണ്ണിന്റെ ഉള്ളിലെ വിട്രിയസിലുമാണ് രക്തസ്രാവം ഉണ്ടാകുകയും തുടർന്ന് കാഴ്ചശക്തിയെ ബാധിക്കുകയും ചെയ്യും. ഈ രക്തസ്രാവം കണ്ണിലെ രക്തക്കുഴലുകൾ തന്നെ വലിച്ചെടുക്കുന്നതിനാൽ പിന്നീട് കാഴ്ച തിരികെ കിട്ടും. ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ ശസ്ത്രക്രിയവഴി രക്തം നീക്കം ചെയ്യേണ്ടി വരും. ഇങ്ങെയുണ്ടാകുന്ന രക്തവാർച്ചകൾ കെട്ടിക്കിടന്ന് റെറ്റിനയ്ക്കും സ്ഥാനചലനമുണ്ടായേക്കാം.
ചികിത്സ
പ്രമേഹം പോലെ ഡയബറ്റിക് റെറ്റിനോപ്പതിയും ചികിത്സിച്ചു മാറ്റാൻ കഴിയില്ല. എന്നാൽ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സ ആശ്വാസം നൽകാറുണ്ട്. എന്നാൽ ഈ ചികിത്സ സമയത്ത് തന്നെ ലഭിക്കണം. ഈ ചികിത്സ കൊണ്ട് അമ്പതുശതമാനത്തോളം അന്ധത തടയാനേ കഴിയൂ. അതല്ലാതെ പൂർണമായും കാഴ്ച തിരികെ കിട്ടില്ല.
ഫ്ളൂറസിൻ ആഞ്ജിയോഗ്രാഫി
റെറ്റിനയിലെ രക്തക്കുഴലുകളുടെ ഘടനയിലുള്ള തകരാറുകളും രക്തസഞ്ചാരത്തിലുള്ള പ്രശ്നങ്ങളും മനസിലാക്കുന്നതിനുള്ള പരിശോധഇയാണിത്. ഫ്ളൂറസിൻ എന്ന വർണവസ്തു കൈയിലെ രക്തക്കുഴലുകളിൽ കുത്തിവയ്ക്കുകയും ഇത് രക്തക്കുഴലുകളിലൂടെ കണ്ണിലെ രക്തക്കുഴലുകളിലെത്തുകയും ചെയ്യുന്നു. പ്രത്യേകതരം കാമറ ഉപയോഗിച്ച് കണ്ണിലെ രക്തസഞ്ചാരം കണ്ടുമനസ്സിലാക്കാനും ഫോട്ടോയെഴുക്കാനും കഴിയുന്ന രീതിയിലാണ് ഈ സംവിധാനം.
ശ്രദ്ധിക്കുക
റെറ്റിനോപ്പതി അതിന്റെ ആരംഭഘട്ടത്തിൽ കാഴ്ചയെ ബാധിക്കില്ല. അതിനാൽ കാഴ്ചയിൽ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ പോലും പ്രമേഹരോഗികൾ വർഷത്തിൽ ഒരിക്കൽ ഒരു നേത്രരോഗവിദഗ്ദ്ധന്റെ വിശദമായ പരിശോധനയ്ക്ക് വിധേയനാകണം. റെറ്റിനോപ്പതിയുണ്ടെന്നറിഞ്ഞാൽ മൂന്നുമാസത്തിലൊരിക്കലോ, ആറുമാസത്തിലൊരിക്കലോ കൂടുതൽ പരിശോധനയ്ക്ക് വിധേയനാകണം. ഡയബറ്റിക് റെറ്റിനോപ്പതി ജീവിതകാലം മുഴുവൻ പരിശോധനയും ചികിത്സയും ആവശ്യമായ അവസ്ഥയാണെന്നുമുള്ള കരുതലും വേണം.
പ്രൊഫ്. ജോണ് കുരാക്കാര്
No comments:
Post a Comment