Pages

Wednesday, November 7, 2012

TOTAL DEVELOPMENT


വികസനം സമഗ്രമാകണം
രാജ്യത്ത് സാമ്പത്തിവളര്‍ച്ചനിരക്ക് ഈ വര്‍ഷം കുറയുമെന്ന് മുന്നറിയിപ്പ്. നേരത്തേ അന്താരാഷ്ട്ര നാണ്യനിധിയാണ് ഇതേപ്പറ്റി സൂചന നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ കേന്ദ്ര ധനമന്ത്രി തന്നെയാണ് ഇക്കാര്യം പറയുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം വളര്‍ച്ചനിരക്ക് 5. 5 ശതമാനമായി കുറയുമെന്നാണ് ധനമന്ത്രിയുടെ ആശങ്ക. ഇത് ആറ് ശതമാനത്തിലെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ സാമ്പത്തിക വളര്‍ച്ച യഥാക്രമം ഏഴും എട്ടും ശതമാനമായി മെച്ചപ്പെടുത്താനാവുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു. പ്രതീക്ഷ സഫലമാകുമെങ്കില്‍ അത് തികച്ചും നല്ലകാര്യമാണ്. ഇതിനുമുന്‍പ് 2002-03 വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ചനിരക്ക് നാല് ശതമാനമായിരുന്നു. ഇപ്പോള്‍ വീണ്ടും വളര്‍ച്ചനിരക്ക് ഇടിയുന്നുവെങ്കില്‍ അത് ആസൂത്രണത്തിലെയും പദ്ധതികളുടെ നടത്തിപ്പിലെയും വീഴ്ചയാണെന്ന് സംശയം ഉയര്‍ന്നേക്കാം. വരള്‍ച്ച, ആഗോള സാമ്പത്തിക മാന്ദ്യം, വ്യാവസായിക രംഗത്തെ തളര്‍ച്ച തുടങ്ങിയവയാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമായി പറയുന്നത്. സാമ്പത്തികമേഖലയില്‍ പുത്തനുണര്‍വ് കൊണ്ടുവരാന്‍ സാമ്പത്തിക പരിഷ്‌കരണ നടപടി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് അതിന്റെ കാര്യമായ ഗുണഫലം അനുഭവപ്പെടുന്നില്ല. ഈ അവസ്ഥയില്‍ മാറ്റം വരണം. 

ദിനംപ്രതിയുള്ള വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന സാധാരണക്കാരനെ സഹായിക്കുന്നതാവണം സാമ്പത്തിക രംഗത്തെ രാജ്യത്തിന്റെ പുരോഗതി. നിലവില്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഇത്തരം സ്ഥാനങ്ങള്‍ കടലാസിലും കണക്കിലും ഒതുങ്ങുന്നതാകരുത്. രാജ്യത്ത് ആളോഹരിവരുമാനം കൂടുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാവപ്പെട്ടവനെ സംബന്ധിച്ചിടത്തോളം അവന്റെ അവസ്ഥയില്‍ വലിയ മാറ്റം കാണുന്നില്ല. ക്ഷേമപദ്ധതികളുടെ പേരില്‍ കോടിക്കണക്കിന് രൂപ ചെലവിടുന്നുണ്ട്. എങ്കിലും ഇത് പലപ്പോഴും പ്രത്യുത്പാദനപരമായി വിനിയോഗിക്കപ്പെടാതെ പോകുകയാണ്. മാറി മാറിവരുന്ന ഭരണാധികാരികളുടെ എക്കാലത്തെയും പ്രഖ്യാപിത ലക്ഷ്യമാണ് ദാരിദ്ര്യനിര്‍മാര്‍ജനം. പക്ഷേ, പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും രാജ്യത്തിന്റെ പല മേഖലകളിലും ഇന്നും ദാരിദ്ര്യം കൊടികുത്തി വാഴുന്നു. ശുചിത്വം, ആരോഗ്യം എന്നീ മേഖലകളിലും രാജ്യം ഏറെ പിറകിലാണ്. ശരിയായ കക്കൂസ് സൗകര്യം പോലുമില്ലാത്ത വീടുകളേറെയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ കൂടി മുന്‍ നിര്‍ത്തി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയോടൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗം ആള്‍ക്കാരുടെയും ഉന്നമനമാണ് ആവശ്യം.
 

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളിലേവരി ലും അര്‍ഹമായ വികസനം എത്തുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട് . റോഡ്, വിമാനത്താവളങ്ങള്‍, വ്യവസായം എന്നിവയൊക്കെ വികസനത്തിന്റെ മാനകങ്ങള്‍ തന്നെ. എന്നാല്‍ ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സൗകര്യം മാത്രമായി ചുരുങ്ങരുത്. സാധാരണക്കാരുടെ കാര്യത്തില്‍ക്കൂടി ശ്രദ്ധചെലുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം വീണ്ടും കുറയുകയാണെന്ന് സൂചനയുണ്ട്. ഇത് ഡീസല്‍, പെട്രോള്‍ വില കൂടാന്‍ കാരണമായേക്കും. പെട്രോളിയം വില വര്‍ധിക്കുന്നതോടെ ചരക്കുകൂലി വര്‍ധിക്കും. ഇത് ഭക്ഷ്യവസ്തുക്കള്‍ക്കുള്‍പ്പെടെ ഒട്ടെല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിലാണ് കലാശിക്കുക. ഇത്തരം കാര്യങ്ങളില്‍ ജനോപകാര പ്രദമായ നടപടിയെടുക്കുന്നതിനോപ്പം അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് വികസനമുഖം നല്കുന്നതും പ്രധാനമാണെ ന്നത് അവഗണിക്കാനാവില്ല. സാമ്പത്തികവളര്‍ച്ചയുടെ നിരക്കും കണക്കുകളും ഉയര്‍ന്നുനിന്നാല്‍ മാത്രമേ അന്താരാഷ്ട്രതലത്തില്‍ വായ്പ ലഭ്യത ഉറപ്പാക്കാനാകുകയുള്ളൂ. രാജ്യത്തെ അടിസ്ഥാന സൗകര്യവികസന, ക്ഷേമപദ്ധതികള്‍ക്ക് വിദേശത്തുനിന്ന് വായ്പകളെയാണ് നാം ആശ്രയിക്കുന്നത്. ഇതിന് വിദേശരാജ്യങ്ങള്‍ അടിസ്ഥാനമാക്കുന്നത് വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ നിശ്ചയിക്കുന്ന ക്രെഡിറ്റ് റേറ്റിങ്ങിനെയും മറ്റുമാണ്. ഇത്തരം വിവിധ ഘടകങ്ങള്‍ പരിഗണിച്ച് രാജ്യത്തെ എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളിച്ചുള്ള വികസനത്തി നുള്ള ശ്രമമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: