Pages

Friday, November 30, 2012

ഉറങ്ങാതെ വനഗ്രാമങ്ങള്‍


ഉറങ്ങാതെ വനഗ്രാമങ്ങള്‍
.കെ എ അജിത്കുമാര്‍
 ""ജാഗ്രതപാലിക്കുക...നാട്ടില്‍ കടുവയിറങ്ങി...
ആരും വീടുകള്‍ക്ക് പുറത്തിറങ്ങരുത്..."".
 
വനാതിര്‍ത്തി ഗ്രാമങ്ങളെ ബാങ്കുവിളിയും ദേവസ്തുതികളും കേള്‍പ്പിച്ചിരുന്ന ദേവാലയങ്ങളുടെ ഉച്ചഭാഷിണികളില്‍ നിന്നുയരുന്ന മുന്നറിയിപ്പ്, അപായസൂചന നല്‍കി വാഹനങ്ങളില്‍ മൈക്ക്കെട്ടിപ്പായുന്ന ജനകീയ സമിതി പ്രവര്‍ത്തകര്‍, രക്ഷാവിളികള്‍ക്ക് മുന്നില്‍ പകച്ച് ഫോണെടുക്കാതെ ഉന്നത വനപാലകര്‍, ഓരോ രാത്രികളിലും കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ ജഡങ്ങളുമായി പിറ്റേന്ന് പ്രക്ഷോഭം നയിക്കുന്ന നാട്ടുകാര്‍, ബന്ദിയാക്കല്‍, തീവെപ്പ്, റോഡ് ഉപരോധം.... ഒരാഴ്ചയായി വയനാട്ടിലെ അറുപതോളം വനഗ്രാമങ്ങളില്‍നിന്നുള്ള കാഴ്ചയാണിത്. കാടിറങ്ങിയ കടുവകള്‍ നാടുവാഴുകയും നാടുവാഴുന്ന ഭരണകൂടം പകച്ചുനില്‍ക്കുകയും ചെയ്യുന്ന ഇവിടെ ഒടുവില്‍ ജനങ്ങളുടെ രക്ഷക്ക് അവര്‍തന്നെ രംഗത്തിറങ്ങിയിരിക്കുന്നു. പകല്‍ സമയങ്ങളില്‍ ജനകീയ സമരമുന്നണികളില്‍ അണിചേരുന്ന കര്‍ഷകര്‍ രാത്രികളില്‍ ഉറക്കിമിളച്ചിരുന്ന് പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കുന്നു.
 
കടുവാഭീഷണിയുള്ള പ്രദേശങ്ങളിലെ അങ്ങാടികളെല്ലാം വൈകുന്നേരമായാല്‍ വിജനമാകും. വനാതിര്‍ത്തികളിലെ ഇടവഴികളില്‍ പകല്‍പോലും ഒറ്റക്ക് നടക്കാന്‍ മനുഷ്യര്‍ക്ക് ഭയം. സ്കൂളുകളിലും മദ്രസകളിലും കുട്ടികള്‍ എത്തുന്നില്ല. കാട്ടുകൊമ്പന്മാരെ ഭയക്കാതെ ജീവിച്ചിരുന്ന ഈ ഗ്രാമങ്ങളില്‍ ഇപ്പോള്‍ ഒരു കരിയിലയനക്കംപോലും ഭീതി സൃഷ്ടിക്കുകയാണ്. ഇന്ന് കടുവാപ്പേടിയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ഈ മലയോര ജില്ല. ഇതിനിടെ കാട് വന്യമൃഗങ്ങള്‍ക്കുള്ളതാണെന്ന വാദമുയര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകരും. മനുഷ്യനോ, മൃഗങ്ങള്‍ക്കോ ജീവിക്കാന്‍ അവകാശമെന്ന ചോദ്യവുമായി മറുവിഭാഗവും. വയനാടിനെ കടുവസങ്കേതമാക്കി മാറ്റുന്നതിനുള്ള അണിയറ നീക്കങ്ങളും മുമ്പെങ്ങുമില്ലാത്ത വിധമുള്ള കടുവാ ആക്രമണവുമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ കമീഷന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തിയ ആശങ്കകളുമുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ ഒന്നാം സോണില്‍ വരുന്ന പ്രദേശമാണ് വയനാട്. ഈ സാഹചര്യത്തില്‍ കൃഷി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കടുത്ത നിയന്ത്രണം വരുമെന്ന ആശങ്കയുമെല്ലാം സൃഷ്ടിക്കുന്ന രോഷമാണ് കടുത്ത പ്രക്ഷോഭത്തിലേക്ക് ജനങ്ങളെ നയിച്ചത്. ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ 20 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്. തിരുനെല്ലി പഞ്ചായത്തിലെ പുലിവാല്‍മുക്കില്‍ പശുവിനെ കൊന്നുകൊണ്ടാണ് കടുവ രംഗത്തിറങ്ങിയത്. അടുത്തദിവസം തന്നെ അക്രമകാരിയായ ഈ വയസ്സന്‍ കടുവയെ വനംവകുപ്പ് പിടികൂടുകയും ചെയ്തു. ഈ കടുവയെ തമിഴ്നാട്ടിലെ മുതുമല- ബന്ദിപ്പൂര്‍ കടുവാസങ്കേതത്തില്‍ വിട്ടയച്ചതായാണ് വനംവകുപ്പിന്റെ വാദം. എന്നാല്‍ മുത്തങ്ങ വന്യജീവി സങ്കേത്തില്‍ തന്നെയാണ് വിട്ടയച്ചതെന്ന് ജനങ്ങള്‍ പറയുന്നു. ഇവിടെ ജനങ്ങളുടെ പക്ഷം ശരിവെക്കുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്

. മുത്തങ്ങക്കടുത്തുള്ള പ്രദേശങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കടുവയുടെ ആക്രമണമുണ്ടായി. ഒരു ദിവസം തന്നെ നാല് വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നു. നായ്ക്കട്ടി, വെളുതൊണ്ടി എന്നിവിടങ്ങളിലാണ് കടുവയെത്തിയത്. തിരുനെല്ലിയില്‍നിന്ന് പിടികൂടിയ കടുവയല്ല, മുത്തങ്ങയില്‍ ആക്രമണം നടത്തുന്നതെന്ന് തീര്‍ത്തുപറയാന്‍ വനംവകുപ്പിനുമാകുന്നില്ല. വൈല്‍ഡ്ലൈഫ് വാര്‍ഡനും സ്ഥലം ഡിഎഫ്ഒയും ഉള്‍പ്പെടെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ സംഭവവും വനംവകുപ്പിന് ഗുരുതരമായ വീഴ്ചപറ്റിയെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൊവ്വാഴ്ച പകല്‍ നായ്ക്കട്ടിയില്‍ ജനങ്ങളുടെ ഉപരോധസമരം നടക്കുന്നതിനിടെ സമീപപ്രദേശമായ ഈസ്റ്റ് ചീരാലിലും തിരുനെല്ലിയിലെ കാട്ടിക്കുളത്തും പട്ടാപ്പകല്‍ കടുവയെത്തി വളര്‍ത്തുമൃഗങ്ങളെ കൊന്നു. ഒടുവില്‍ കടുവയെ വെടിവെച്ചുകൊല്ലാനും ഉത്തരവിറങ്ങി. കടുവയെപ്പോലെ ജീവശ്രേണിയിലെ പ്രധാനപ്പെട്ട ഒരു ജീവിയെ വെടിവെച്ചുകൊല്ലുന്നതിലെ നിയമപ്രശ്നങ്ങളും മറ്റുമൊന്നും ജനരോഷം തണുപ്പിക്കാനുള്ള ഈ തീരുമാനത്തിന് തടസമായില്ല. ജില്ലാ കലക്ടറും പൊലീസ് ചീഫും നേരിട്ട് കാട്ടില്‍ കയറി കടുവയെ തിരയുന്നതടക്കമുള്ള തമാശകള്‍ക്കും വയനാട് സാക്ഷ്യംവഹിക്കുകയാണ്. ഈ കളികള്‍ പ്രതിഷേധങ്ങളെ അല്‍പ്പം തണുപ്പിച്ചേക്കാം. എന്നാല്‍ ശാശ്വതപരിഹാരം അകലെയാണെന്നതാണ് വസ്തുത. കടുവയെ തേടിയുള്ള സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച കടുവയെ കണ്ടു എന്നും വളഞ്ഞുവെച്ചു എന്നെല്ലാമുള്ള അഭ്യൂഹങ്ങള്‍ പടര്‍ന്നു. എങ്കിലും സാങ്കേതിക വിഷയങ്ങള്‍ ബാക്കി കിടക്കുന്നു.
 
വയനാട് കടുവാസങ്കേതം ചില ദേശീയ മാധ്യമങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് വാര്‍ത്തവന്നതിനെ തുടര്‍ന്നാണ് വയനാട് വന്യജീവി സങ്കേതം കടുവാ സംരക്ഷണ കേന്ദ്രമായി മാറുമെന്ന ആശങ്ക പരന്നത്. 2007മുതല്‍ തന്നെ വനത്തില്‍ ക്യാമറകള്‍ സ്ഥാപിച്ച് കടുവകളെ മാത്രം നിരീക്ഷിച്ച് കണക്കെടുക്കുന്നത് ആപല്‍സൂചനയായി ചില കര്‍ഷകസംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആദ്യ കണക്കെടുപ്പില്‍ പത്തില്‍ താഴെ കടുവകള്‍ മാത്രമാണ് വയനാട്ടിലുള്ളതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കടുവകളുടെ എണ്ണം എഴുപതില്‍ അധികമായി ഔദ്യോഗിക കണക്ക് പുറത്തുവന്നു. ഈ കണക്കിലും കളിയുണ്ടെന്നാണ് ഒരുപക്ഷം. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ചുരുങ്ങിയ കാലംകൊണ്ട് കടുവകളുടെ എണ്ണം ഇത്രയധികം വര്‍ധിച്ച പ്രദേശം മറ്റൊന്നില്ല.

തൊട്ടടുത്തുള്ള തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും വന്യജീവി സങ്കേതങ്ങള്‍ ടൈഗര്‍ റിസര്‍വുകളാക്കിക്കഴിഞ്ഞു. കര്‍ണാടകയിലെ 123 ഗ്രാമങ്ങള്‍ കടുവാകേന്ദ്രത്തിന്റെ ബഫര്‍സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളിലും തമിഴ്നാട്ടിലെ മുതുമലയിലും ഗ്രാമീണരുടെ അവകാശങ്ങള്‍ക്ക് സര്‍ക്കാര്‍ പുല്ലുവിലപോലും കല്‍പ്പിച്ചില്ല. ഈ വസ്തുകളെല്ലാം വെച്ചുനോക്കുമ്പോള്‍ വയനാട് കടുവാസങ്കേതമാവാതിരിക്കാന്‍ കാരണങ്ങളൊന്നുമില്ല. വയനാട് കടുവാസങ്കേതം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വാര്‍ത്താസമ്മേളനം വിളിച്ച് നിഷേധിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി. അതേസമയം കടുവാസങ്കേതം സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുവെന്ന് വനംവകുപ്പ് മേധാവി വിവരാവകാശ നിയമപ്രകാരം അറിയിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായപ്പോള്‍ വനംമന്ത്രിയും കടുവാ സങ്കേതം വരില്ലെന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ നിഷേധിക്കുമ്പോഴും യുഡിഎഫിലെ കക്ഷികളായ സോഷ്യലിസ്റ്റ് ജനതയും മാണി ഗ്രൂപ്പും കടുവാസങ്കേതത്തിനെതിരെ പ്രക്ഷോഭം നടത്തുകയാണ്. ഇത്തരം നിലപാടുകളും നിലപാട് മാറ്റങ്ങളുമാണ് ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. മാധവ്ഗാഡ്ഗില്‍ കമീഷന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പഠനം നടത്തിയ പ്രൊഫ. മാധവ്ഗാഡ്ഗില്‍ കമീഷന്‍ നിര്‍ദേശങ്ങള്‍ വയനാടിനെ സംബന്ധിച്ച് വലിയ ആശങ്കകള്‍ക്ക് വഴിവെക്കുന്നതല്ല.

പ്രൊഫ് .ജോണ്‍ കുരാക്കാര്‍


No comments: