Pages

Tuesday, November 20, 2012

കല്ലടയില്‍ പ്രാചീന ഇരുമ്പ് സംസ്‌കരണകേന്ദ്രത്തിന്റെ തെളിവുകള്‍


കല്ലടയില്‍ പ്രാചീന ഇരുമ്പ് സംസ്‌കരണകേന്ദ്രത്തിന്റെ തെളിവുകള്‍

കിഴക്കേ കല്ലടയിലെ കോട്ടപ്പുറത്തുനിന്ന് പ്രാചീന ഇരുമ്പ് സംസ്‌കരണകേന്ദ്രത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തി. ചുറ്റുമലച്ചിറയുടെ തെക്ക് നേരുകടവില്‍നിന്നാണ് പുരാതന ഇരുമ്പുരുക്ക് വ്യവസായത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കുണ്ടറ ടെക്‌നോപാര്‍ക്കിനു വേണ്ടിയുള്ള പമ്പ് ഹൗസ് നിര്‍മ്മിക്കുവാന്‍ മണ്ണ് നീക്കിയപ്പോഴാണ് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇരുമ്പ് ഉരുക്കിയതിന്റെ അവശേഷിപ്പുകളായ കിട്ടംകല്ലുകളുടെ വലിയ ശേഖരം കണ്ടെത്തിയത്. മികച്ച നിലയില്‍ ഇരുമ്പ് സംസ്‌കരണം നടന്ന പുരാതനമായ ഒരു വ്യവസായം ഇവിടെ ഉണ്ടായിരുന്നെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

ദേശിംഗനാടിന്റെ രാജതലസ്ഥാനമായിരുന്ന കല്ലട മതിലകത്തുനിന്ന് കേവലം ഒന്നര കിലോമീറ്റര്‍ തെക്ക് ചിറ്റുമലച്ചിറയില്‍ ഓണംമ്പലം കട്ട് തുടങ്ങുന്നതിനടുത്താണ് ഈ അവശേഷിപ്പ്. വെള്ളത്തിനടിയില്‍ നാലടിയോളം മണ്ണ് നീക്കിയപ്പോഴാണ് ഈ അവശേഷിപ്പ് ലഭിച്ചത്.കല്ലട നദീതട സംസ്‌കാര പൈതൃകത്തെപ്പറ്റി ജി.സ്റ്റീഫന്‍ പുത്തേഴുത്ത്, ഹരി കട്ടേല്‍, ഡോ. പി.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രദേശത്ത് നടത്തിവരുന്ന പര്യവേക്ഷണത്തിനിടെയാണ് കോട്ടപ്പുറത്തെ ഇരുമ്പ് സംസ്‌കരണത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തിയത്.
 
മതിലകം കൊട്ടാരത്തിന്റെ പഴയ കോട്ടമതിലിനുള്ളിലാണ് പ്രാചീനമായ ഇരുമ്പ് സംസ്‌കരണത്തിന്റെ തെളിവ്. പഴയ രാജഭരണ തലസ്ഥാനവും അഷ്ടമുടിക്കായല്‍ കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന കല്ലട തുറമുഖത്തിന്റെ പരിധിയില്‍പ്പെട്ടതുമായ സ്ഥലത്താണ് കോട്ടപ്പുറം. ചരിത്രപ്രസിദ്ധമായ മതിലകം കൊട്ടാര പരിസരത്തെ ഈ തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കുന്നതിന് സര്‍ക്കാരിന്റെയും പുരാവസ്തു വകുപ്പിന്റെയും അടിയന്തര ശ്രദ്ധ ആവശ്യമാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: