Pages

Wednesday, November 14, 2012


ദളിതരുടെ ദയനീയാവസ്ഥയ്ക്ക്
 മാറ്റം വരണം
തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ സവര്‍ണവിഭാഗത്തില്‍പെട്ട വണ്ണിയര്‍, ദളിതരെ ആക്രമിക്കുകയും നൂറുകണക്കിന് കുടിലുകള്‍ കത്തിക്കുകയുംചെയ്ത വാര്‍ത്ത മനുഷ്യഹൃദയമുള്ള ഏതൊരാളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചതാണ്്. സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം കഴിഞ്ഞ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും ദളിതര്‍ക്ക് സ്വതന്ത്രമായും സൈ്വരമായും നിര്‍ഭയമായും ജീവിക്കാന്‍ കഴിയുന്നില്ലെന്നു വരുന്നത് രാജ്യത്തിനാകെ അപമാനമാണ്. തമിഴ്നാട് സര്‍ക്കാര്‍ ദളിതരുടെ കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ തികച്ചും അക്ഷന്തവ്യമാണ്. ദുരഭിമാനഹത്യ തടയാനുള്ള ജാതി പഞ്ചായത്തിന്റെ തീരുമാനം ചോദ്യം ചെയ്തതിനാണ് ദളിതരെ ആക്രമിച്ചതും കുടിലുകള്‍ കത്തിച്ചതും എന്ന് ദേശീയ പട്ടികജാതി കമീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു. മേല്‍ജാതിക്കാരായ വണ്ണിയര്‍ സമുദായത്തിലെ പെണ്‍കുട്ടി ദളിത് സമുദായത്തിലെ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ദളിതര്‍ ചെയ്ത "മഹാപരാധം". തമിഴ്നാട്ടിലെ മാത്രമല്ല, രാജ്യത്താകെ പൊതുവായുള്ള അവസ്ഥയാണിത്. ജനസംഖ്യയില്‍ 16.2 ശതമാനം വരുന്ന പട്ടികജാതിക്കാര്‍ ജാതീയമായ മര്‍ദനത്തിനും മനുഷ്യാവകാശധ്വംസനത്തിനും ഇരയാകുന്നു. ഭൂമി, ശുദ്ധജലം, പൊതുറോഡുകള്‍, ഇതര സേവനങ്ങള്‍ എന്നിവയൊക്കെ നിഷേധിക്കപ്പെടേണ്ട വിഭാഗമായി ദളിതരെ കണക്കാക്കുന്ന അവസ്ഥ പ്രാകൃതമാണ്. നിയമപരമായ നിരോധനമുണ്ടായിട്ടും 10 ലക്ഷത്തിലധികം ദളിതര്‍ തോട്ടികളായി ജോലിചെയ്യാന്‍ നിര്‍ബന്ധിതരാണിന്ന്. നാത്തമിലും അണ്ണാനഗറിലും ധര്‍മപുരിയിലും വണ്ണിയരുടെ പറമ്പുവഴിയില്‍ ദളിതര്‍ നടക്കുന്നത് തടഞ്ഞതും കോടാമ്പട്ടിയിലെ ദളിത് വംശത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ സ്കൂളില്‍പോകാന്‍ വണ്ണിയരുടെ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നത് തടഞ്ഞതും കലാപകാരണമായി എന്നറിയുമ്പോള്‍, ഇന്ത്യയുടെ സാംസ്കാരിക ശോച്യാവസ്ഥയെക്കരുതി ലജ്ജിക്കുകയല്ലാതെ തരമില്ല. ദളിതരുടെ  ഉയര്ച്ചക്കുവേണ്ടി  പ്രവര്‍ത്തിക്കാന്‍  നാം കടപെട്ടവരാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: