Pages

Sunday, November 18, 2012

ഗാസയില്‍ വ്യോമാക്രമണം


ഗാസയില്‍ വ്യോമാക്രമണം

ഗാസയിലെ പലസ്തീന്‍മണ്ണില്‍ ചോരപ്പുഴയൊഴുക്കാന്‍ ഇസ്രയേല്‍ വീണ്ടും കച്ചമുറുക്കി. നാലുദിവസമായി തുടരുന്ന വ്യോമാക്രമണം ശക്തമാക്കിയ സയണിസ്റ്റ് സൈന്യം ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ ആസ്ഥാനവും പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയയുടെ വസതിയും ആക്രമിച്ചു. ശനിയാഴ്ച പുലരുംവരെ തുടര്‍ന്ന ആക്രമണത്തില്‍ എട്ടു പലസ്തീന്‍കാര്‍കൂടി കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏതുനിമിഷവും ഗാസയില്‍ കടന്നുകയറാന്‍ തയ്യാറെടുത്ത് ഇസ്രയേലിന്റെ വന്‍ സൈനികസന്നാഹം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കയാണ്. കരുതല്‍ശേഖരത്തിലുള്ള 75,000 സൈനികരെക്കൂടി രംഗത്തിറക്കാന്‍ ഇസ്രയേലി മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കരയാക്രമണം ആസന്നമായി. ബുധനാഴ്ചമുതല്‍ തുടരുന്ന ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഇതില്‍പ്പെടുന്നു. 345 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച സമാധാനദൗത്യവുമായെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദിലുമായി ഇസ്മായില്‍ ഹനിയ ചര്‍ച്ച നടത്തിയ ഓഫീസ് മന്ദിരം മണിക്കൂറുകള്‍ക്കകമാണ് ആക്രമിക്കപ്പെട്ടത്. സമീപത്തെ പൊലീസ് ആസ്ഥാനത്തും മിസൈലുകള്‍ പതിച്ചു. ഹമാസ് നേതാവ് അബു ഹസ്സന്‍ സലാഹിന്റെ വീട് ആക്രമണത്തില്‍ തകര്‍ന്നു. 30 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഹനിയയുടെ ഓഫീസും ഹമാസ് ആഭ്യന്തരമന്ത്രാലയവും പൊലീസ് ആസ്ഥാനവുമടക്കം നിരവധി പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ 180 വട്ടം വ്യോമാക്രമണം നടത്തിയതായി ഇസ്രയേലി ടിവി റിപ്പോര്‍ട്ട്ചെയ്തു. നാലുവര്‍ഷം മുമ്പത്തെ നിഷ്ഠുരമായ കടന്നാക്രമണത്തിന്റെ ആവര്‍ത്തനത്തിനാണ് ഇസ്രയേലിന്റെ ആസൂത്രിതനീക്കം. വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ ടെല്‍ അവീവില്‍ യോഗംചേര്‍ന്നിരുന്നു. ആക്രമണം കൂടുതല്‍ വ്യാപകമാക്കാന്‍ ഈ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ഗാസയ്ക്കുമേല്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ചത്. ഗാസയിലേക്കുള്ള ഹൈവേയില്‍ വന്‍ ആയുധസന്നാഹത്തോടെ ഇസ്രയേലി സൈന്യം നിലയുറപ്പിച്ചിരിക്കയാണ്. അതിര്‍ത്തിയിലെ രണ്ടു പ്രധാന റോഡും അവര്‍ പിടിച്ചെടുത്തു. ആക്രമണം തുടരുന്നതിനിടയിലും അറബ്ലോകത്തിന്റെ ഐക്യദാര്‍ഢ്യവുമായി ടുണീഷ്യ വിദേശമന്ത്രി റഫീഖ് അബ്ദുസലാം ഗാസയിലെത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ഗാസയിലെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദില്‍ ഇസ്രയേലി ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമധാനചര്‍ച്ചയ്ക്ക് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇസ്രയേല്‍ സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. മൂണ്‍ ഉടന്‍ ഗാസ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: