ഭാഷയുടെ ഉണര്‍വിന്
അമ്പത്തൊന്നക്ഷരം കാട്ടുന്ന വിസ്മയത്തിന് ഇവിടെയൊരു വിളനിലം.ഭാഷയുടെ ഭംഗിയും ഭാവവും ഭവ്യതയും അടുത്തറിയാനൊരു കേന്ദ്രം... ഭാഷാസ്‌നേഹികളുടെ സ്വപ്നത്തിന് ഭാഷാപിതാവായ തുഞ്ചന്റെ മണ്ണിലാണ് സാഫല്യമെന്നത് മറ്റൊരപൂര്‍വ്വത... ഇനിയറിയാം നമുക്ക് പൈതൃക പദവിക്കപ്പുറം നില്‍ക്കുന്ന നമ്മുടെ മലയാളത്തിന്റെ ആത്മാവിനെ...മലയാളികള്‍ എന്നുമെന്നും ആഗ്രഹിച്ചതാണ് മലയാള സര്‍വകലാശാല. അതുകൊണ്ടു തന്നെ ഇത് പ്രതീക്ഷക്കൊത്ത് ഉയരുന്ന, മലയാളിക്ക് അഭിമാനമായ ഒരു മഹദ് സ്ഥാപനമായി മാറേണ്ടതുണ്ട്. പ്രാരംഭകാലത്തെ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയുടെ സ്വരൂപവും അന്തഃസത്തയും നിര്‍വചിക്കുന്നതില്‍ വളരെ നിര്‍ണായകമാണ്. ഈ ദൗത്യം തികഞ്ഞ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയാണ്. സര്‍വകലാശാലയുടെ നിയമാനുസൃതമായ സംവിധാനങ്ങള്‍ വരുന്നതുവരെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും ഉപദേശവും നല്‍കാനായിട്ടാണ് ഉപദേശക സമിതി രൂപവത്കരിച്ചിട്ടുള്ളത്. സ്‌പെഷല്‍ ഓഫീസര്‍ എന്ന നിലയ്ക്ക് ഞാന്‍ തയ്യാറാക്കി സര്‍ക്കാര്‍ അംഗീകരിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഉപദേശക സമിതിയുടെ വിശദമായ പരിശോധനയോടുകൂടി മാത്രമേ നടപ്പാക്കുകയുള്ളൂ.
മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉയര്‍ന്ന നിലവാരത്തിലുള്ള, നൂതനമായ പഠന ഗവേഷണ പരിപാടികളായിരിക്കും സര്‍വകലാശാലയുടെ പ്രത്യേകത. മറ്റ് സര്‍വകലാശാലകളില്‍ ലഭ്യമായ വിധത്തിലുള്ള കോഴ്‌സുകള്‍ ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. നമ്മുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും ഈ പഠന ഗവേഷണങ്ങള്‍ വഴി പുതിയൊരു ഉണര്‍വും ലോക വ്യാപകമായ അംഗീകാരവും നേടുന്നതിന് ഈ സര്‍വകലാശാല ഉപകരിക്കണം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോക നിലവാരത്തിലുള്ള സര്‍വകലാശാലയാക്കി മലയാള സര്‍വകലാശാലയെ വളര്‍ത്തുകയാണ് സ്വപ്നം.ഭാഷാപഠനം, സാഹിത്യപഠനം, കലാപഠനം, സാംസ്‌കാരികപഠനം, വൈജ്ഞാനിക പഠനങ്ങള്‍ എന്നിങ്ങനെ അഞ്ച് മേഖലകളിലായിട്ടാണ് പഠനക്രമം. ഏതാണ്ട് 15 കോഴ്‌സുകള്‍ എന്റെ റിപ്പോര്‍ട്ടില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതില്‍ ഏതെല്ലാം കോഴ്‌സുകള്‍ ആദ്യവര്‍ഷം ആരംഭിക്കുമെന്ന കാര്യം ഉപദേശക സമിതിയുമായി ആലോചിച്ച് തീരുമാനിക്കും. അഞ്ചു കോഴ്‌സുകളെങ്കിലും ആദ്യവര്‍ഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബിരുദാനന്തര പഠനവും ഗവേഷണവും മാത്രമേ ഈ സര്‍വകലാശാലയില്‍ ഉദേശിക്കുന്നുള്ളൂ.
സര്‍വകലാശാലയ്ക്ക് സ്ഥലമെടുപ്പ് സംബന്ധിച്ച് പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അത് ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ആതവനാട് 100 ഏക്കര്‍ ഭൂമി ഏറ്റെടുത്താണ് സര്‍വകലാശാലയ്ക്ക് കെട്ടിടം പണിയുക. താമസക്കാരെ കുടിയൊഴിപ്പിക്കാതെയും കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലുമാണ് ഏറ്റെടുക്കല്‍ നടത്തുക. ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മലയാള സര്‍വകലാശാലയ്ക്ക് പ്രത്യേക ലൈബ്രറി ഉടന്‍ തുടങ്ങും. സര്‍വകലാശാലയ്ക്ക് വേണ്ട എല്ലാ പുസ്തകങ്ങളും ഈ ലൈബ്രറിയില്‍ ഉണ്ടായിരിക്കും. ഭാഷാസ്‌നേഹികളുടെ ചിരകാലസ്വപ്നം പൂവണിയുന്ന ഈ വേളയില്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar