Pages

Friday, November 2, 2012

ALL INDIA KISSAN SABHA- PARLIAMENT MARCH


ഡല്‍ഹിയില്‍ ഗ്രാമീണ ജനമുന്നേറ്റം
രാജ്യത്തെ പട്ടിണിക്കാരായ ഗ്രാമീണര്‍ രാജ്യ തലസ്ഥാനം കൈയ്യടക്കി. അഖിലേന്ത്യാ കിസാന്‍ സഭയുടെയും ഭാരതീയ ഖേത് മസ്ദൂര്‍ യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പതിനായിരക്കണക്കിന് കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആദിവാസികളും അണിചേര്‍ന്നതോടെ ഇന്നുവരെ കാണാത്ത ഗ്രാമീണ ജനകീയ മുന്നേറ്റത്തിനാണ് ഡല്‍ഹി നഗരം സാക്ഷിയായത്. 
വെള്ളം, കാട്, മണ്ണ് ഒപ്പം വൈദ്യുതിയും ഭക്ഷ്യ സുരക്ഷയും മാനം മുട്ടെഉയരുന്ന പട്ടിണി പാവങ്ങളുടെ മുദ്രാവാക്യം വിളികള്‍. ചെങ്കൊടിയേന്തി രാംലീലാ മൈദാനിയില്‍നിന്ന് കിലോമീറ്ററുകള്‍ താണ്ടി പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നില്‍ പോലീസ് ബാരിക്കേടുവരെ നീണ്ട റാലി. തുടര്‍ന്ന് പൊതു സമ്മേളനം. രാവിലെ പത്തിനാരംഭിച്ച പ്രതിഷേധം സമാപിച്ചത് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക്. രാജ്യത്തെ 24 സംസ്ഥാനങ്ങളില്‍നിന്നായാണ് പ്രവര്‍ത്തകര്‍ റാലിക്കായി എത്തിയത്. സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളെയും എടുത്തുകൊണ്ടാണ് രാലിയില്‍ പങ്കെടുത്തത്. 
സര്‍ക്കാര്‍ നയങ്ങള്‍ ഗ്രാമീണ ജനതയുടെ ജീവിതത്തിനു വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത എ ഐ കെ എസ് ജനറല്‍ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ചാന്‍ പറഞ്ഞു. പോരാട്ടം വരും ദിനങ്ങളില്‍ ശക്തമാക്കുമെന്നും 2013 ഫെബ്രുവരിയില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തും. അന്നേ ദിവസം പത്ത് ലക്ഷം പേര്‍ അറസ്റ്റ് വരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ പേരില്‍ കര്‍ഷകരുടെ മണ്ണും ആദിവാസിയുടെ കാടും തട്ടിയെടുക്കുകയാണെന്നും ബി കെ എം യു ജനറല്‍ സെക്രട്ടറി നാഗേന്ദ്രനാഥ് ഓജ പറഞ്ഞു.
 സര്‍ക്കാര്‍ കര്‍ഷക, കര്‍ഷക തൊഴിലാളി, ആദിവാസി, ഗ്രാമീണര്‍, ഭൂരഹിതര്‍  എന്നിവര്‍ക്ക് പ്രയോജനം ലഭിക്കാന്‍ നയങ്ങളാണ് പുനസംഘടിപ്പിക്കേണ്ടതെന്നും സി പി ഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. മന്ത്രിസഭാ പുനസംഘടനയില്‍ അഴിമതിക്കാരായ മന്ത്രിമാര്‍ക്കാണ് പ്രമോഷന്‍ ഉണ്ടായതെന്നും മറ്റുള്ളവരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയുമാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാര്‍ച്ച് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന പതിവ് വാര്‍ത്ത കൊടുക്കുമ്പോഴും രാജ്യത്തെ പട്ടിണി പാവങ്ങള്‍ പല സംസ്ഥാനങ്ങളില്‍നിന്നും രാജ്യ തലസ്ഥാനത്ത് എത്തിയത് അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കൊണ്ടാണെന്ന കാര്യം വിസ്മരിക്കരുതെന്ന് മുതിര്‍ന്ന് സി പി ഐ നേതാവ് എ ബി ബര്‍ധന്‍ പറഞ്ഞു.  
 ഗ്രാമീണ ജനതയെ വിസ്മരിക്കുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ബി കെ എം യു പ്രസിഡന്റ് കെ ഇ ഇസ്മയില്‍ പറഞ്ഞു. ഇസ്മയിലും പ്രബോധ് പാണ്‌ഡെയും സംയുക്തമായാണ് പൊതു സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചത്. 
നേതാക്കളായ ഡി രാജ, അമര്‍ജിത് കൗര്‍, ആനി രാജ, പ്രബോധ് പാണ്ഡ, സത്യന്‍ മൊകേരി, വി ചാമുണ്ണി, വി കെ കൃഷ്ണന്‍, കെ ഇ ഹനീഫ, കൊല്ലി നാഗേശ്വര റാവു, ദ്രുപദ് ബൊര്‍ഗോയിന്‍, വിശ്വനാഥ് ശാസ്ത്രി, ജി മല്ലേഷ്,  ധീരേന്ദ്ര ശര്‍മ്മ, ദിനേഷ് വര്‍ഷിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കി. സമ്മേളനത്തിനുശേഷം നേതാക്കളുടെ സംഘം വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സമര്‍പ്പിച്ചു. വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്ന് രാഷ്ട്രപതി ഉറപ്പു നല്‍കി.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar