Pages

Monday, November 19, 2012

ഇസ്രയേല്‍ ആക്രമണം തുടരുന്നു; മരണം 87 ആയി

ഇസ്രയേല്‍ ആക്രമണം തുടരുന്നു;
 മരണം 87 ആയി
ഗാസയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ഇസ്രയേലിന്റെ നിഷ്ഠുരമായ ആക്രമണം. ഇസ്രയേലി സൈന്യം നടത്തുന്ന വംശഹത്യയില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം 87 പേര്‍ മരിച്ചു. പോര്‍വിമാനങ്ങള്‍ക്ക് പുറമെ യുദ്ധക്കപ്പലുകള്‍കൂടി മിസൈല്‍ വര്‍ഷിച്ചുതുടങ്ങിയതോടെ ഗാസയില്‍ ജീവിതം ദുസഹമായി. ബുധനാഴ്ച തുടങ്ങിയ ആക്രമണം ഇസ്രയേല്‍ കൂടുതല്‍ ശക്തമാക്കി. ഗാസയില്‍ നിന്ന് ആക്രമണവാര്‍ത്തകള്‍ പുറംലോകത്തെത്തുന്നത് തടയാന്‍ ഞായറാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകളും തകര്‍ത്തു. സൈനികനടപടി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചു.ഞായറാഴ്ച പുലരുംവരെയും ആകാശത്തും കടലിലുംനിന്ന് ഇസ്രയേല്‍ രൂക്ഷമായ ആക്രമണം തുടര്‍ന്നു. ഹമാസ് പ്രവര്‍ത്തകന്റെ വീടിനുനേരെ നടന്ന ഒരു ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അഭയാര്‍ഥി ക്യാമ്പിനുനേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്നുകുട്ടികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒന്നരവയസ്സും മൂന്നര വയസ്സുമുള്ള സഹോദരങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു ആക്രമണത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടു. ഏതുനിമിഷവും ഗാസയില്‍ കടന്നുകയറി കര ആക്രമണത്തിനും സന്നദ്ധമായി ഇസ്രയേലി സൈന്യം അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കയാണ്.

ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ നടന്ന വ്യോമാക്രമണത്തില്‍ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. അറബ് അല്‍ ഖുദ്സ് ടിവി ശൃംഖലയുടെ ഓഫീസാണ് ആദ്യം തകര്‍ത്തത്. തുടര്‍ന്ന് അല്‍ അറേബ്യ, റഷ്യ ടുഡെ, കുവൈത്ത് ടിവി, ബ്രിട്ടന്റെ സ്കൈ ന്യൂസ്, ജര്‍മനിയുടെ എആര്‍ഡി, ഇറ്റലിയുടെ റായ് എന്നിവയുടെയും ഹമാസിന്റെ അല്‍ അഖ്സ ടിവി ചാനലിന്റെയും ഓഫീസുകളും ആക്രമണത്തിനിരയായി. പ്രദേശത്തെ റേഡിയോ പ്രക്ഷേപണം നിലച്ചു. ഹമാസിന്റെ ട്രാന്‍സ്മിഷന്‍ ആന്റിന തകര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേലി സേനാ വക്താവ് പറഞ്ഞു. വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടെന്ന് അറിയാമായിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു.അതിനിടെ, ഈജിപ്തിന്റെ മുന്‍കൈയില്‍ നടക്കുന്ന അനുരജ്ഞന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സിന്റെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ലോറങ് ഫാബിയസ് ഗാസയിലെത്തി. അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും യുദ്ധം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരയിലൂടെ ഇസ്രയേല്‍ കടന്നാക്രമണം തുടങ്ങിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി മുന്നറിയിപ്പ് നല്‍കി. ഈജിപ്തും സ്വതന്ത്രലോകവും ഒരിക്കലും ഈ നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സ്ഥിതിഗതിയില്‍ ആശങ്ക പ്രകടിപ്പിച്ചു. നെതന്യാഹുവിനെ ഫോണ്‍ചെയ്ത കാമറണ്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: