Pages

Tuesday, October 23, 2012

തിരുവനന്തപുരത്ത് വന്‍ മോഷണം


തിരുവനന്തപുരത്ത് വന്‍  മോഷണം
23-10-2012
തലസ്ഥാനത്ത് പാങ്ങോട് റസിഡൻസ് സഹരണ സംഘത്തിൽ സൂക്ഷിച്ചിരുന്ന 291 പവൻ ആഭണങ്ങൾ കവർച്ച ചെയ്യപ്പെട്ടു. 1,24,000 രൂപയും മോഷണം പോയി. സംഘം ഓഫീസിന്റെ പിൻ വശത്തെ ജനാലക്കന്പി ഗ്യാസ് കട്ടർ ഉപയോഗിച്ചു മുറിച്ചു മാറ്റി അകത്തു കയറിയ മോഷ്ടാക്കൾ ലോക്കറിലെ പൂട്ടുകൾ തകർത്ത് സ്വർണാഭരണങ്ങളും പണവുമായി ഇടതു വശത്തെ വാതിൽ തുറന്ന് കടന്നു കളയുകയായിരുന്നു.ഇന്നലെ രാവിലെ 9.30ന് ഓഫീസിൽ എത്തിയ ബേബി എന്ന ക്ളാർക്കാണ് മോഷണ വിവരം അറിയുന്നത്. ലോക്കർ തുറന്നു കിടക്കുന്നതും രേഖകൾ എല്ലാ നിലത്തു വാരി വലിച്ചെറിഞ്ഞിരിക്കുന്നതും അവർ കണ്ടു. സംഘം സെക്രട്ടറി രാമചന്ദ്രൻ നായരാണ് വിവരം പൂജപ്പുര പൊലീസിൽ അറിയിച്ചത്. ഇടപാടുകാർ വായ്പയ്ക്കു പകരം പണയപ്പെടുത്തിയ സ്വർണമാണ് കവർച്ചചെയ്യപ്പെട്ടിരിക്കുന്നത്.

പൊലീസും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. ഡോഗ് സ്ക്വാ‌ഡിലെ നായ സമീപത്തെ കിള്ളിയാറു വരെ ഓടി നിന്നു. ജനാലക്കന്പി മുറിച്ചു മാറ്റിയിതിനു സമീപത്ത് ഭിത്തി കുറച്ച് തുറന്നിട്ടുണ്ട്. അവിടെ പേപ്പർ കൊണ്ട് അടച്ച നിലയിലാണ്. ചുമരു തുരക്കാനുള്ള ശ്രമം നടത്തിയ ശേഷമായിരിക്കണം ജനാല കന്പി മുറിച്ചെതെന്ന അനു
മാനത്തിലാണ് പൊലീസ്. സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക്, ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങിലെ ലോക്കറുകളിലാണ് സാധാരണ പണയ സ്വർണം സൂക്ഷിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടറുടെ പരിശോധന പ്രമാണിച്ചാണ് സ്വർണ്ണം സംഘം ഓഫീസിലേക്കു കൊണ്ടു വന്നതെന്ന് സംഘം ട്രഷറർ രവി പറഞ്ഞു. സ്വർണ്ണം സംഘം ഓഫീസിൽ തന്നെ ഉണ്ടെന്ന വിവരം ലഭിച്ചവരായിരിക്കണം മോഷണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് എന്നാണ് പൊലീസിന്റെ അനുമാനം.

ഏതാനും ദിവസം മുന്പ് അപരിചിതരമായ മൂന്നു പേർ സംഘം ഓഫീസിൽ എത്തിയിരുന്നുവെന്ന് ക്ളാർക്ക് ബേബിയും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഓഫീസിനു അടുത്തുള്ള ഒരു വീട്ടിലെ നായയെ മോഷ്ടാക്കൾ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയത് മൂന്നു ദിവസം മുന്പാണ്. അതേസമയം സഹകരണ സംഘത്തിനുള്ളിലെ ചിലർക്ക് കവർച്ചയിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. ചില്ലു ജനാല തുറന്നാണ് ഇരുന്പു കന്പി മോഷ്ടാക്കൾ മുറിച്ചു മാറ്റിയിരിക്കുന്നത്. ജനാല തുറക്കാൻ പാകത്തിൽ അതിലെ കൊളുത്ത് ഇട്ടിരുന്നില്ല. അതാണ് സംശയത്തിന് കാരണം. സംഘം ജീവനക്കാരിൽ നിന്നും ഭാരവാഹികളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ആദ്യം 280 പവനും പിന്നീട് 351 പവനും മോഷണം പോയെന്നാണ് ഭാരവാഹികളിൽ ചിലർ പൊലീസിനോടു പറഞ്ഞത്. പിന്നീട് രേഖകൾ പരിശോധിച്ച് 291 പവൻ എന്നു ഉറപ്പു വരുത്തുകയായിരുന്നു. ഒരു കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ സംഘത്തിനുണ്ട്. മ്യൂസിയം സി.ഐ മോഹൻകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: