Pages

Tuesday, October 2, 2012

യുവത്വം നിലനിര്‍ത്തുക; ഏതു പ്രായത്തിലും


യുവത്വം നിലനിര്‍ത്തുക;
ഏതു പ്രായത്തിലും
ജിജോ സിറിയക്‌
മൂവാറ്റുപുഴയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ വച്ചാണ് പൗലോസ് ചേട്ടനെ പരിചയപ്പെട്ടത്. വയസ്സ് 90 ആയി. ഒരു പാളത്തൊപ്പി വച്ച് മഴയത്ത് പറമ്പില്‍ തേക്കിന്‍തൈകള്‍ നടുകയാണ്. എട്ട് മക്കളില്‍ മൂന്നുപേര്‍ വിദേശത്താണ് വീട്ടില്‍ നല്ല ചുറ്റുപാടുണ്ട്.ഞാന്‍ ചോദിച്ചു: ''ചേട്ടന്‍ ഈ പ്രായത്തില്‍ തേക്ക് വച്ചിട്ട് ആര്‍ക്ക് വെട്ടാനാ...?'' തന്റെ കൈയിലിരുന്ന തേക്കിന്റെ വേര് ശ്രദ്ധയോടെ കുഴിച്ചിട്ടശേഷം പൗലോസ് ചേട്ടന്‍ അധികം അകലെയല്ലാതെ നില്‍ക്കുന്ന വലിയ തേക്ക് ചൂണ്ടിക്കാട്ടി പറഞ്ഞു: ''25 വര്‍ഷം മുമ്പ് ഞാനിത് നട്ടപ്പോഴും ഒരാള്‍ ഈ ചോദ്യം ചോദിച്ചു. പിന്നെ, നമ്മള് വെട്ടിയതെല്ലാം നമ്മള് വച്ചതല്ലല്ലോ... ഒടേതമ്പുരാന്‍ അനുവദിച്ചാല്‍ ചിലപ്പോള്‍ ഈ തേക്കെല്ലാം ഞാന്‍ തന്നെ വെട്ടും...''ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കും ശുഭാപ്തിവിശ്വാസവും ആ വാക്കുകളില്‍ പ്രകടമായിരുന്നു. നാല്പത് പിന്നിടുമ്പോഴേ പ്രായമായെന്ന് പരിതപിക്കുന്നവര്‍ക്ക് പൗലോസ് ചേട്ടന്‍ നല്ലൊരു മറുപടിയാണ്. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ തന്നെ ''ഇനി എങ്ങനെയും ബാക്കികാലം കഴിച്ചുകൂട്ടി അങ്ങ് പോണം'' എന്ന് സ്വയം വിലപിക്കുന്നവരാണ് നമ്മിലേറെപ്പേരും.

പ്രായമായെന്നത് മാനസികമായ ഒരവസ്ഥയാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ട്. വാര്‍ധക്യത്തില്‍ ജീവിക്കുന്ന 25 വയസ്സുകാരനെയും യുവാവായി കഴിയുന്ന 75 കാരനെയും സമൂഹത്തില്‍ കണ്ടെത്താം. 80 വയസ്സ് പിന്നിട്ടശേഷവും പുത്തന്‍ ബിസിനസുകളും പദ്ധതികളും ആവിഷ്‌കരിച്ച് വിജയിക്കുന്ന എത്രയോ വ്യവസായികള്‍ നമുക്ക് ചുറ്റുമുണ്ട്. 90ലും മന്ത്രിക്കസേര സ്വപ്നം കാണുകയും അതിനായി യത്‌നിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെയും നമുക്ക് പരിചയമുണ്ടാകും. ഇവരെല്ലാം കലണ്ടര്‍ കണക്കിലുള്ള പ്രായത്തെ മനസ്സിന്റെ ചെറുപ്പം കൊണ്ട് അതിജീവിച്ചവരാണ്.

ഇവര്‍ എങ്ങനെയാണ് ചെറുപ്പം നിലനിര്‍ത്തുക? ഇത്തരക്കാരുടെ ജീവിതത്തെ പൊതുവെ വിലയിരുത്തുമ്പോള്‍ ചില കാര്യങ്ങള്‍ വെളിപ്പെടും.ഇവര്‍ക്കെല്ലാം ജീവിതത്തില്‍ ലക്ഷ്യങ്ങളുണ്ട്. ഓരോ ലക്ഷ്യവും സാക്ഷാത്കരിക്കുമ്പോള്‍ അടുത്ത ലക്ഷ്യങ്ങളിലേക്ക് അവര്‍ ചുവടുവയ്ക്കും. പുതിയ കാര്യങ്ങള്‍ നിരീക്ഷിക്കാനും പഠിക്കാനുമുള്ള ഉത്സാഹം ഇവര്‍ക്കുണ്ട്. മറ്റൊന്ന് ഇവര്‍ക്ക് ഒരു ജീവിതക്രമം ഉണ്ടാകും എന്നതാണ്. കൃത്യമായ വ്യായാമം, ചിട്ടയായ ഭക്ഷണം എന്നിവ ഇതിന്റെ ഭാഗമാണ്. ഇവരിലേറെപ്പേരും ദൈവവിശ്വാസികളായിരിക്കും എന്നതും ശ്രദ്ധേയമാണ്.
കലണ്ടറിലെ പ്രായം ഒരിക്കലും ഇവരെ അലോസരപ്പെടുത്താറില്ല. ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഊര്‍ജസ്വലത ഇവരുടെ ഓരോ നീക്കത്തിലും പ്രകടമാണ്. 90ലും ഇവര്‍ സ്വപ്നങ്ങള്‍ കാണുന്നു. രോഗത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ അവര്‍ ഒരിക്കലും ആധിപിടിക്കില്ല.

യുവത്വമെന്നാല്‍ കര്‍മോത്സുകതയാണ്; വാര്‍ധക്യമെന്നാല്‍ നിഷ്‌ക്രിയതയും. പ്രായം കൂടുന്തോറും അനുഭവസമ്പത്തേറും. ഇതിനെ സ്വന്തം ജീവിതത്തിനും സമൂഹത്തിനും മുതല്‍ക്കൂട്ടാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്തശേഷം വെറുതെ വീട്ടിലിരുന്ന് തുരുമ്പെടുക്കുന്ന എത്രയോ പ്രതിഭകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. കാലത്ത് ഒന്ന് നടക്കാന്‍ പോകും. പിന്നെ ടി.വി. കണ്ടിരിക്കും. ബാക്കി സമയം ഉറക്കം. ഇത്തരക്കാര്‍ വൈകാതെ മാറാരോഗികളായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.സമൂഹത്തില്‍ നിന്ന് ഒത്തിരി പിന്തുണയും പ്രോത്സാഹനവും നമ്മുടെ ജീവിതത്തില്‍ ലഭിച്ചിട്ടുണ്ട്. സമൂഹത്തിന് നാം എന്തു നല്‍കി എന്ന ചോദ്യം പ്രസക്തമാണ്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് മുന്നില്‍ യഥാര്‍ത്ഥ 'സര്‍വീസി'നുള്ള വലിയ ലോകം തുറന്നുകിടപ്പുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് സഹായകമാകുന്നതിനൊപ്പം നമ്മുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് ഏറെ പിന്തുണ നല്‍കുമെന്ന കാര്യം വിസ്മരിക്കരുത്.

നല്ല സൗഹൃദങ്ങളും യുവത്വത്തിന്റെ ലക്ഷണമാണ്. സൗഹൃദക്കൂട്ടായ്മകള്‍ നമ്മുടെ ഉന്മേഷം വര്‍ധിപ്പിക്കും. ഉല്ലാസയാത്രകള്‍, ഗ്രൂപ്പായുള്ള സേവനസംരംഭങ്ങള്‍ എന്നിവയ്‌ക്കെല്ലാം ധാരാളം അവസരങ്ങളുണ്ട്. സ്വാര്‍ത്ഥലാഭങ്ങളില്ലാതെ പൊതുരംഗത്തും ആത്മീയരംഗത്തുമൊക്കെ പ്രവര്‍ത്തിക്കാന്‍ മറ്റാരെയുംകാള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കഴിയും.
ഉത്സാഹവും ഊര്‍ജസ്വലതയും നിറഞ്ഞ ജീവിതചര്യകള്‍കൊണ്ട് വാര്‍ധക്യത്തിനു മുന്നില്‍ നാം ഒരു ചിറ കെട്ടുകയാണ്. യുവത്വം എന്നും നിലനിര്‍ത്താന്‍ അതുവഴി സാധിക്കും. പ്രായത്തെ പഴിക്കുന്നവര്‍ ഒരുകാര്യം ഓര്‍മിക്കുക: 90-ാം വയസ്സിലാണ് മൈക്കലാഞ്ചലോ തന്റെ മികച്ച കലാരൂപങ്ങള്‍ സൃഷ്ടിച്ചത്.

                                                   പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: