ആര്യങ്കാവില്‍ മയിലിന് ഏറ്റുമുട്ടലിനൊടുവില്‍
പരിക്കേറ്റു
പൊരിഞ്ഞ
ഏറ്റുമുട്ടലിനൊടുവില്‍ അവന്‍ എതിരാളിക്കു മുന്നില്‍ തല കുനിച്ചു. തോറ്റുകൊടുക്കാന്‍
മനസ്സില്ലായിരുന്നു, പക്ഷേ, പിടലി ഒടിഞ്ഞുപോയാല്‍ വേറെ മാര്‍ഗമില്ലല്ലോ.
ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപമായിരുന്നു മയിലുകളുടെ അങ്കത്തിന്
കളമൊരുങ്ങിയത്. ശനിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. ഒരു മണിക്കൂറോളം നീണ്ട
പോരാട്ടത്തിനൊടുവിലാണ് ഒരു മയിലിന്റെ കഴുത്തിനു പരിക്കേറ്റത്. മയിലിനെ ഉച്ചയോടെ
കൊല്ലത്തെ ജില്ലാ മൃഗസംരക്ഷണകേന്ദ്രത്തില്‍ എത്തിച്ചു. ആവശ്യമായ ചികിത്സ നല്‍കിയശേഷം
ആര്യങ്കാവ് ഫോറസ്റ്റ് അധികൃതര്‍ തിരികെ കൊണ്ടുപോയി.എക്‌സ്-റേയില്‍ മയിലിന്റെ
കഴുത്തിലെ 3, 4, 5, 6 കശേരുക്കള്‍ക്ക് സ്ഥാനചലനം
സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. പോരാട്ടത്തിനിടയില്‍ മയിലുകളുടെ കഴുത്തുകള്‍
കുരുങ്ങിയപ്പോള്‍ ഇങ്ങനെ സംഭവിച്ചതാകാമെന്ന് പരിശോധന നടത്തിയ ഡോ. സജയ്, ഡോ. മോഹന്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ മയിലിന്റെ ചിറകിനടിയില്‍ കാലുകള്‍ക്ക്
മുകളിലായി ആഴത്തിലുള്ള ഒരു മുറിവും ഉണ്ട്. കഴുത്തില്‍ കുട്ടികള്‍ ധരിക്കുന്ന സോക്‌സുകൊണ്ട്
കെട്ടി സംരക്ഷണം കൊടുത്തിരിക്കുകയാണിപ്പോള്‍. മുറിവ് തുന്നിക്കെട്ടിയിട്ടുണ്ട്.
കഴുത്തിലെ സോക്‌സ് മാറ്റി കുറച്ചുകൂടി ഉറപ്പുള്ള ബാന്‍ഡേജ് വേണ്ടിവരുമെന്നു
ഡോക്ടര്‍ പറഞ്ഞു. ഇപ്പോഴത്തെ സംരക്ഷണത്തിന്റെ ഫലമറിഞ്ഞിട്ടു വേണം ബാന്‍ഡേജ് ഇടാന്‍.
മയിലിന് പോളിബയോണ്‍ ആന്റിബയോട്ടിക് കുത്തിവെപ്പും എടുത്തു. തുടര്‍ന്ന് നല്‍കാനുള്ള
മരുന്നുകളും കൊടുത്തുവിട്ടു. മയിലിന്റെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാരെ അറിയിക്കാനും
നിര്‍ദേശിച്ചിട്ടുണ്ട്.
മയിലുകളുടെ എണ്ണം കൂടിയതോടെ അവ തമ്മില്‍ പോരടിക്കുന്നതു
നിത്യസംഭവമായിട്ടുണ്ടെന്ന് മയിലിനെ കൊണ്ടുവന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ
വിക്രമന്‍ പിള്ള, ശ്രീജിത്ത്, ആന്‍സെന്‍
എന്നിവര്‍ പറഞ്ഞു. ആഹാരത്തിനും ഇണയ്ക്കും വേണ്ടിയുള്ള വാശിയേറിയ മയില്‍പ്പോരുകളാണ്
മിക്കവാറും നടക്കാറുള്ളത്.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment