സുരക്ഷ
എല്ലാ രംഗത്തും
അവഗണിക്കപ്പെടുന്നു
ഭാരതത്തില്‍ സുരക്ഷ എല്ലാ രംഗത്തും അവഗണിക്കപെടുകയാണ്. നാടിന്റെ ദീപാവലി ആഘോഷത്തിന് പൂത്തിരിയുടെ തിളക്കം സമ്മാനിക്കാന്‍ തയ്യാറെടുത്ത കുറേപ്പേര്‍ മരണത്തിന്റെ കരിമ്പുകയ്ക്കുപിന്നില്‍ മറഞ്ഞു. ശിവകാശിയിലെ പടക്കശാലയില്‍ നടന്ന പൊട്ടിത്തെറിയില്‍ നാല്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒട്ടേറേ പേര്‍ കടുത്ത പൊള്ളലോടെ ആസ്പത്രികളില്‍ കഴിയുന്നു. സര്‍ക്കാര്‍ എത്ര വലിയ തുക നല്‍കിയാലും പരിക്കേറ്റവരുടെയും അപകടത്തില്‍ മരിച്ചവരുടെ വീട്ടുകാരുടെയും വേദനയ്ക്കും നഷ്ടത്തിനും പരിഹാരമാവില്ല.സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കു പുറമേ, പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാര്‍ക്കും തുടര്‍ സ്‌ഫോടനങ്ങളില്‍ അപായം പറ്റിയെന്നറിയുന്നു. സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കാത്തതിന്റെ പേരില്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ട സ്ഥാപനത്തിലാണ് വെടിമരുന്നിന് തീപിടിച്ചത്. ലൈസന്‍സ് റദ്ദാക്കിയെങ്കിലും അതിന്റെ പ്രവര്‍ത്തനം തടയാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്നാണ് സ്ഥാപനത്തിലുണ്ടായിരുന്ന തൊഴിലാളികളുടെ സാന്നിധ്യത്തില്‍ നിന്ന് വ്യക്തമാവുന്നത്. സുരക്ഷാകാര്യത്തില്‍ അധികൃതര്‍ക്ക് കടുത്ത വീഴ്ച പറ്റി. ദീപാവലി ആഘോഷത്തിനുള്ള ആവശ്യം മുന്‍നിര്‍ത്തി വന്‍തോതില്‍ പടക്കവും മറ്റും നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു സ്‌ഫോടനം നടന്ന ഓംശക്തി ഫയര്‍ വര്‍ക്‌സ് എന്ന സ്ഥാപനം.
ശേഷിയില്‍ കവിഞ്ഞ രാസവസ്തുശേഖരം അവിടെയുണ്ടെന്ന് കണ്ടെത്തിയാണ് സ്‌ഫോടകവസ്തു വിഭാഗം ലൈസന്‍സ് റദ്ദാക്കിയതെന്നറിയുന്നു. അധിക ജോലി തീര്‍ക്കാന്‍ വേണ്ടി പ്രവൃത്തിപരിചയമില്ലാത്തവരെക്കൂടി പണിക്ക് നിയോഗിച്ചിട്ടുമുണ്ടാകാം. അമിതലാഭം മുന്‍നിര്‍ത്തിയുള്ള സ്ഥാപനമുടമയുടെ ഇത്തരം നടപടികളാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് വ്യക്തം. ഈ സ്ഥാപനത്തില്‍ സുരക്ഷ സംബന്ധിച്ച നാല്പതോളം വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയാണ് സ്‌ഫോടകവസ്തുവിഭാഗം ലൈസന്‍സ് റദ്ദാക്കിയതെന്നറിയുന്നു. ഉത്സവകാലത്തെ ഉയരുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത് ശേഷിയില്‍ കവിഞ്ഞവിധം നിര്‍മാണം നടത്തുന്ന വേറെയും പല പടക്കശാലകളിലും അപകടം പതുങ്ങിയിരിക്കുന്നുണ്ടാവാം. അതിനാല്‍ അധികൃതര്‍ ഇനിയെങ്കിലും വ്യാപകമായ പരിശോധന നടത്തണം. സുരക്ഷാമാനദണ്ഡം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. അപകടം തടയാന്‍ ശക്തമായ നിയമങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍, അത് പാലിക്കാന്‍ പല പടക്കനിര്‍മാണ ശാലകളും തയ്യാറല്ല. നിയമം ലംഘിക്കുന്നവരെ കണ്ടെത്തിയും യഥാസമയം നടപടിയെടുത്തും അപകടം തടയാന്‍ അധികൃതരും തയ്യാറല്ലെന്നുവേണം കരുതാന്‍. സുപ്രധാന പടക്കനിര്‍മാണകേന്ദ്രമായ ശിവകാശിയില്‍ ആദ്യമായല്ല ഇത്തരം അപകടം. രണ്ട് വര്‍ഷത്തിനകം 250-ഓളം പേര്‍ പടക്കശാലകളിലെ സ്‌ഫോടനങ്ങളില്‍ മരിച്ചിട്ടുണ്ട്. അതിലുമെത്രയോ അധികം പേര്‍ പരിക്കും പൊള്ളലുമേറ്റ് ശയ്യാവലംബികളായിട്ടുണ്ട്. രാജ്യത്തെ പടക്കനിര്‍മാണത്തിന്റെ 90 ശതമാനവും നടക്കുന്നത് ശിവകാശിയിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും സ്‌ഫോടനമുണ്ടായപ്പോള്‍ തീയണയ്ക്കാന്‍ പര്യാപ്തമായ അഗ്‌നിശമന സംവിധാനം അവിടെയുണ്ടായിരുന്നില്ലെന്നാണ് സൂചന. സ്ഥിതി നിയന്ത്രണ വിധേയമാകും മുന്‍പ് പുറമേ നിന്നുള്ളവര്‍ അവിടെ കയറുന്നത് തടയാന്‍ വേണ്ടത്ര പോലീസ് സന്നാഹവും ഉണ്ടായിരുന്നില്ല. അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് അധികൃതര്‍ പടക്കശാലകള്‍ക്ക് അടുത്ത് താമസിക്കുന്നവരെ ബോധവത്കരിക്കേണ്ടതുണ്ട്. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളോടെ നിയമവിധേയമായി മാത്രം പ്രവര്‍ത്തിക്കാന്‍ പടക്കനിര്‍മാതാക്കളെ നിര്‍ബദ്ധരാക്കണം. 2000 കോടിയോളം രൂപയുടെ വിറ്റുവരവുള്ളതാണ് ശിവകാശിയിലെ പടക്ക വ്യവസായം. എന്നിരിക്കേ ഈ രംഗത്ത് ജോലി ചെയ്യുന്ന ഒരു ലക്ഷത്തിലധികം പേരുടെ സുരക്ഷ അവഗണിക്കാന്‍ സ്ഥാപന ഉടമകളെ അനുവദിച്ചുകൂടാ. ശിവകാശിയില്‍ മാത്രമല്ല, കേരളത്തിലും പടക്കനിര്‍മാണകേന്ദ്രങ്ങളില്‍ അപകടം പതിവാണ്. പൂരങ്ങളുടെയും പെരുന്നാളുകളുടെയും കാലത്താണ് സംസ്ഥാനത്ത് ഇത്തരം അപകടങ്ങള്‍ വ്യാപകമാവുന്നത്. ശിവകാശിയിലെ അനുഭവത്തില്‍ നിന്ന് ഇത്തരം കാര്യങ്ങളിലെല്ലാം കേരളം പാഠമുള്‍ക്കൊള്ളണം. ഏറേപ്പേര്‍ ജീവന്‍ പണയം വെച്ചാണ് നമ്മുടെ ഉത്സവങ്ങള്‍ക്ക് പൂത്തിരിയും മത്താപ്പും ഒരുക്കുന്നതെന്ന് നാം തിരിച്ചറിയണമെന്നതാണ് മറ്റൊരു പ്രധാന കാര്യം. ആഘോഷത്തിന് ഇവ ഒഴിച്ചുകൂടാത്തതാവാം. എന്നാല്‍, ഇവയുടെ ഉപയോഗം പരമാവധി പരിമിതപ്പെടുത്താനെങ്കിലും നാമോരോരുത്തരും ശ്രമിക്കേണ്ടതല്ലേ? പടക്ക നിര്‍മ്മാണ മേഖലകളില്‍ മാത്രമല്ല എല്ലാ രംഗങ്ങളിലും സുരക്ഷ കര്‍ശനമാക്കണം .
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment