Pages

Friday, September 21, 2012

ഓടിയ കുഞ്ഞ് കിണറ്റില്‍ വീണു; അമ്മ ചാടി രക്ഷിച്ചു


ഓടിയ കുഞ്ഞ് കിണറ്റില്‍ വീണു;
അമ്മ ചാടി രക്ഷിച്ചു
ഓട്ടത്തിനിടെ കിണറിന്റെ 30 അടി ആഴത്തിലേക്ക് വീണ പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ സുജയ്ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. രണ്ടു വയസ്സുകാരന്‍ ശ്രീക്കുട്ടന്റെ ജീവനെക്കുറിച്ചുള്ള ആശങ്ക മാത്രമായിരുന്നു മനസ്സില്‍. സുജയും ആഴങ്ങളിലേക്ക് ചാടി. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ ശ്രീക്കുട്ടന്‍ അമ്മയുടെ കൈയില്‍ സുരക്ഷിതനായി.സുജയുടെ മൂത്ത സഹോദരി സുമിത്ര താമസിക്കുന്ന വീട്ടില്‍വച്ചാണ് ശ്രീക്കുട്ടന്‍ കിണറ്റില്‍വീണത്. വാഴക്കുളത്തെ ഭര്‍തൃവീട്ടില്‍നിന്ന് ബുധനാഴ്ചയാണ് സുജ സ്വന്തം വീടായ മുട്ടം പിസിടി കോളനിയിലെ വെട്ടിക്കുന്നേല്‍ എത്തിയത്. അവിടെനിന്ന് സഹോദരി സുധയ്‌ക്കൊപ്പം വ്യാഴാഴ്ച രാവിലെ പുറവിളയിലുള്ള സുമിത്രയുടെ വീട്ടില്‍ എത്തുകയായിരുന്നു. സുജ ആദ്യമായാണ് സുമിത്രയുടെ വീട്ടില്‍ വരുന്നത്.

കുളിപ്പിക്കാനുള്ള ഒരുക്കത്തിനിടെ കുസൃതികാട്ടി ശ്രീക്കുട്ടന്‍ ഓടുകയായിരുന്നു. തറയില്‍നിന്ന് ഒരടി മാത്രമായിരുന്നു കിണറിന്റെ ആള്‍മറയുടെ ഉയരം. കിണര്‍ മൂടിയിരുന്ന വലയുടെ വിടവിലൂടെ ശ്രീക്കുട്ടന്‍ നിമിഷനേരം കൊണ്ട് താഴേക്കു വീണു. കുഞ്ഞിന്റെ പിന്നാലെ ഓടിവന്ന സുജ ഒരു നിമിഷം അന്തിച്ചുനിന്നു. നിലവിളികേട്ട് മറ്റുള്ളവരും വീടിനു പുറത്തെത്തി. ഇതിനിടെ സുധ വലനീക്കി. പിന്നെ സുജയും കിണറ്റിലേക്ക് ചാടി. 'കിണറിന്റെ വശത്തെ ഒരു കല്ലില്‍ ചവിട്ടി നില്‍ക്കാന്‍ പറ്റി. ഇതിനിടെ ശ്രീക്കുട്ടനെ കൈയില്‍ കിട്ടി. ഒരു കൈകൊണ്ട് പൈപ്പിലും പിടിച്ചു.' ആപത്തൊന്നും കൂടാതെ മകനെ രക്ഷിക്കാനായ സന്തോഷത്തി ല്‍ സുജ പറഞ്ഞു. പിന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും പുറത്തെത്തിച്ചു. ഇതിനിടെ വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.വാഴക്കുളം മരുതൂര്‍ ചെമ്പംമല പാണ്ടിപ്പാറയില്‍ ജോജിയുടെ ഭാര്യയാണ് സുജ.
 ഏകമകന്‍ കിണറ്റില്‍ വീണതും ഭാര്യ ഒപ്പംചാടി രക്ഷപ്പെടുത്തിയതും ജോജി പിന്നീടാണ് അറിഞ്ഞത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍




No comments: