Pages

Saturday, September 29, 2012

പ്രകൃതിവിഭവങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ സമഗ്രമായ ഒരു പുനരാലോചന വേണം


പ്രകൃതിവിഭവങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ സമഗ്രമായ ഒരു പുനരാലോചന വേണം

പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി സ്വകാര്യകമ്പനികള്‍ക്ക് വീതിച്ചുനല്‍കുന്നത് ലേലത്തിലൂടെ മാത്രമേ ആകാവൂ എന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത് ഇക്കാര്യത്തെ ആശങ്ക കൂടാതെ സമീപിക്കാനും യുക്തമായ തീരുമാനങ്ങള്‍ തക്കസമയത്ത് കൈക്കൊള്ളാനും കേന്ദ്ര സര്‍ക്കാറിന് തുണയാവും. അതേസമയം, കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നുള്ള ഒരു സന്ദേശവും സൂപ്രീംകോടതിയുടെ ഈ അഭിപ്രായത്തില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. പ്രകൃതിവിഭവങ്ങള്‍ പങ്കിടുന്നതില്‍ പൊതുനന്മ മാത്രമാണ് പരിഗണിക്കേണ്ടത് എന്ന് കോടതി ഓര്‍മപ്പെടുത്തിയിരിക്കുന്നു. പ്രകൃതിവിഭവങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത് ലേലത്തിലൂടെ മാത്രമേ പാടുള്ളൂ എന്ന് 2 ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി ഈവര്‍ഷം ഫിബ്രവരിയില്‍ വിധി പുറപ്പെടുവിച്ചിരുന്നു. ഇതു സംബന്ധിച്ച് വ്യക്തത തേടിക്കൊണ്ടാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലൂടെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചതും കോടതി ഇപ്പോള്‍ ഭരണഘടനാതത്ത്വങ്ങളുടെ വെളിച്ചത്തില്‍ അഭിപ്രായം വ്യക്തമാക്കിയതും. 
2 ജി സ്‌പെക്ട്രം ഇടപാടിലും കല്‍ക്കരി ഖനികള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതിലും സര്‍ക്കാറിന് വമ്പിച്ച നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) ചൂണ്ടിക്കാട്ടിയത് വമ്പിച്ച കോളിളക്കങ്ങളാണ് ഉണ്ടാക്കിയത്. 2 ജി സ്‌പെക്ട്രം റദ്ദാക്കിയ കോടതി വിധി 2007 സപ്തംബറിനും 2008 മാര്‍ച്ചിനും ഇടയിലുള്ള സ്‌പെക്ട്രം വിതരണത്തിനുമാത്രം ബാധകമായ ഒന്നാണെന്ന് ഭരണഘടനാ ബെഞ്ച് ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രകൃതിവിഭവം പങ്കിടുന്നതില്‍ ലേലമാണ് കൂടുതല്‍ അഭികാമ്യമായ സമ്പ്രദായമെങ്കിലും ഭരണഘടനപ്രകാരം അതുമാത്രമേ ആകാവൂ എന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ അഭിപ്രായം മറിച്ചായിരുന്നെങ്കില്‍ അത് തീര്‍ച്ചയായും ഏത് സര്‍ക്കാറിനും വൈഷമ്യങ്ങള്‍ വരുത്തിവെക്കുമായിരുന്നു. പ്രകൃതിവിഭവം കൈകാര്യം ചെയ്യുന്നതിന്, സങ്കീര്‍ണമായ ധനകാര്യവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തീരുമാനം വേണ്ടിവരുമെന്നതിനാല്‍ ആ തീരുമാനം ഏത് തരത്തില്‍ എടുക്കണമെന്ന് പറയാനുള്ള വൈദഗ്ധ്യം തങ്ങള്‍ക്കില്ലെന്ന് കോടതി പറഞ്ഞു. നയരൂപവത്കരണത്തില്‍ സര്‍ക്കാറിനുള്ള അവകാശത്തിന് കോടതി അങ്ങനെ അടിവരയിടുന്നു. ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രീംകോടതിയോടുള്ള ബഹുമാനം ഉയര്‍ത്തുന്നതാണ് ഈ അഭിപ്രായങ്ങള്‍.അതേസമയം, ഇക്കാര്യത്തില്‍ ഒരു കരുതല്‍ വേണമെന്ന് കോടതി ഭരണകര്‍ത്താക്കളെ ഓര്‍മിപ്പിക്കുന്നുമുണ്ട്. വിഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ കഴിയാവുന്നത്ര വരുമാനം നേടിയെടുക്കുന്നതിന് ലേലമാണ് നല്ല മാര്‍ഗമെങ്കിലും കൂടുതല്‍ വരുമാനമെന്നത് പൊതുജനനന്മയ്ക്ക് എപ്പോഴും ഗുണകരമായ ഒന്നല്ല എന്ന് കോടതി പറഞ്ഞത് ശ്രദ്ധിക്കേണ്ടതാണ്. മറ്റു മാര്‍ഗങ്ങളും അവലംബിക്കാം. അതിനര്‍ഥം സ്വേച്ഛാപരമായി ഇക്കാര്യങ്ങള്‍ തീരുമാനിക്കാമെന്നല്ല. അത്തരം നയതീരുമാനങ്ങള്‍ക്ക് സാമൂഹികനന്മയുടെയും ജനക്ഷേമത്തിന്റെയും അടിത്തറയുണ്ടായിരിക്കണം. സ്വകാര്യവ്യക്തികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള വാണിജ്യസംരംഭങ്ങള്‍ എന്ന നിലയ്ക്കായിരിക്കരുത് വിലപിടിപ്പുള്ള പ്രകൃതിവിഭവങ്ങളുടെ പങ്കുവെപ്പ്. ഇതില്‍ താത്പര്യമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതും മത്സരാധിഷ്ഠിതവുമായിരിക്കണം. അതല്ലെങ്കില്‍ എല്ലാവര്‍ക്കും തുല്യാവസരം എന്ന ചട്ടത്തിന്റെ ലംഘനമാവും എന്ന് കോടതി ചൂണ്ടിക്കാട്ടി. കല്‍ക്കരിഖനികള്‍ അനുവദിച്ചതിലും സുതാര്യത ഇല്ലാതെ പോയതാണ് വലിയ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയത്. സി.ബി.ഐ. തന്നെ കേസെടുത്തതും സര്‍ക്കാര്‍ ചില കമ്പനികളുടെ ലൈസന്‍സ് പിന്‍വലിച്ചതും അതിന്റെ സൂചനയാണല്ലോ. കല്‍ക്കരിയുടെ കാര്യത്തില്‍ ജസ്റ്റിസ് കേഹര്‍ പ്രത്യേകമായി അഭിപ്രായം പറയുകയുണ്ടായി. മൈനിങ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്പ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍) ചട്ടപ്രകാരം ലേലം മാത്രമേ പാടുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതിവിഭവങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ സമഗ്രമായ ഒരു പുനരാലോചന വേണ്ടതാണെന്ന് ഇതൊക്കെ കാണിക്കുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: