Pages

Saturday, September 1, 2012

കേരളത്തിലെ കര്‍ഷകസമൂഹത്തിന് പ്രതീക്ഷ


കേരളത്തിലെ
കര്‍ഷകസമൂഹത്തിന് പ്രതീക്ഷ
കടാശ്വാസം ഉദാരമാക്കാനുള്ള സര്‍ക്കാറിന്റെ നീക്കം, പലവിധ പ്രശ്‌നങ്ങളാല്‍ വലയുന്ന, കേരളത്തിലെ കര്‍ഷകസമൂഹത്തിന് പ്രതീക്ഷയേകും. 2006-ന് ശേഷമുള്ള കാര്‍ഷികകടങ്ങള്‍ക്ക് ഇളവനുവദിക്കണമെന്ന് വ്യവസ്ഥയുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വഴിയാണ് ഇത് നടപ്പാക്കുക. ഓര്‍ഡിനന്‍സ് അനുസരിച്ച് ഏതുസ്ഥലവും ദുരിതബാധിതപ്രദേശമായി പ്രഖ്യാപിക്കാം. ഇത് പ്രാബല്യത്തിലാകുന്നതോടെ 2011 ഒക്ടോബര്‍ 31 വരെ കുടിശ്ശിക വരുത്തിയിട്ടുള്ള കടങ്ങള്‍ കമ്മീഷന് പരിഗണിക്കാനാകും. കേരളത്തിലെ കര്‍ഷകരില്‍ പലരും വിശേഷിച്ച് ചെറുകിടക്കാര്‍, കടമെടുത്താണ് കൃഷി നടത്തുന്നത്. കൃഷിനാശം, വിലത്തകര്‍ച്ച, സംഭരണസംവിധാനത്തിലെ പോരായ്മകള്‍ തുടങ്ങിയവ കാരണം നഷ്ടമുണ്ടാകുന്നവര്‍ക്ക് വായ്പ സമയത്ത് തിരിച്ചടയ്ക്കാന്‍ കഴിഞ്ഞെന്നുവരില്ല. കൃഷിയിറക്കണമെങ്കില്‍ വീണ്ടും വായ്പയെടുക്കേണ്ട സ്ഥിതിയിലാകും പലരും. ഇങ്ങനെ കടക്കെണിയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ ക്ലേശിക്കുന്നവര്‍ ഒട്ടേറേയുണ്ട്. മനംമടുത്ത് പലരും ആത്മഹത്യചെയ്തു. അതുകൊണ്ടാണ് കടാശ്വാസപദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നത്. അത് ഒരുപരിധിവരെയെങ്കിലും നിറവേറ്റാന്‍ സഹായകമാകുന്നതാണ് ഈ ഓര്‍ഡിനന്‍സ്. 

പ്രകൃതിദുരന്തമോ വിളനാശമോ ഉണ്ടാകുന്ന മേഖലകളെ പ്രത്യേക വിജ്ഞാപനംവഴി ദുരിതബാധിതമായി പ്രഖ്യാപിച്ച് കര്‍ഷകര്‍ക്ക് കടാശ്വാസകമ്മീഷന്‍ വഴി ഇനി നഷ്ടപരിഹാരം നല്‍കാനാകും. 2006 വരെയുള്ള കടങ്ങള്‍ക്ക് മാത്രമാണ് കടാശ്വാസകമ്മീഷനിലൂടെ ഇളവ് കിട്ടിയിരുന്നത്. ഇത് 2011 വരെയാകുമ്പോള്‍ ഒട്ടേറേ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. വയനാട്ടിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കെ. ജയകുമാര്‍ കമ്മീഷന്റെ ശുപാര്‍ശകളെത്തുടര്‍ന്നാണ് നിയമഭേദഗതിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. ഏതെങ്കിലും ദുരിതബാധിതപ്രദേശമായി പ്രഖ്യാപിക്കുന്നതിനും ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുമുള്ള നടപടിക്രമങ്ങളുടെ സങ്കീര്‍ണതയും കാലതാമസവും കര്‍ഷകരെയും കാര്‍ഷികമേഖലയുടെ പുരോഗതിയെയും ബാധിക്കും. ഇത്തരം കാര്യങ്ങളില്‍ പൊതുവേ സാങ്കേതികതയ്ക്ക് അമിതപ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഓരോ സ്ഥലത്തെയും സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം ഉടന്‍ എടുത്ത് നടപ്പാക്കാന്‍ കഴിഞ്ഞാലേ കര്‍ഷകര്‍ക്ക് പ്രയോജനം ഉണ്ടാകൂ. ഇതാണ് ഓര്‍ഡിനന്‍സ് പ്രധാനമായും ലക്ഷ്യമിടുന്നത്. അത് നടപ്പാക്കുന്നതോടെ നടപടിക്രമങ്ങള്‍ കടാശ്വാസകമ്മീഷന്‍ ലഘൂകരിക്കുമെന്നാണ് അറിയുന്നത്. രേഖകളും മറ്റും സമര്‍പ്പിച്ച് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കര്‍ഷകരില്‍ പലരും ഏറേ ബുദ്ധിമുട്ടുന്നു. പല സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും മറ്റും ഇക്കാര്യത്തില്‍ ഉദാരമായ സമീപനമല്ല സ്വീകരിച്ചുകാണാറുള്ളത്. വ്യവസ്ഥകളാണ് ഇതിനു കാരണമെങ്കില്‍ അത്തരം വ്യവസ്ഥകള്‍ മാറ്റുകതന്നെ വേണം. കടാശ്വാസകമ്മീഷന്‍ നിര്‍ദേശിക്കുന്ന കര്‍ഷകവിഹിതം അടയ്ക്കുന്നവര്‍ക്ക് പ്രമാണം വിട്ടുനല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടത് സ്വാഗതാര്‍ഹമാണ്. കര്‍ഷകവിഹിതം അടച്ചാലും സര്‍ക്കാര്‍വിഹിതം ലഭിച്ചില്ലെന്ന കാരണത്താല്‍ പല ബാങ്കുകളും പ്രമാണം തിരികെ നല്‍കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ഈ നടപടി. വേണ്ടത് വേണ്ടസമയത്ത് കിട്ടിയാലേ കൃഷിയും കര്‍ഷകനും രക്ഷപ്പെടൂ. ആശ്വാസപദ്ധതികളുടെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് അപ്പപ്പോള്‍ ലഭ്യമാക്കണം. അവ അര്‍ഹരുടെ കൈകളില്‍ത്തന്നെയാണ് എത്തുന്നതെന്നുറപ്പാക്കാനും അധികൃതര്‍ക്ക് കഴിയണം. കാര്‍ഷികമേഖല മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ പല തലങ്ങളിലും ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പലതും അവര്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്നവയല്ല. 
അതിന് സര്‍ക്കാറിന്റെ ഉദാരമായ സഹായംവേണ്ടി വരും. ഈ യാഥാര്‍ഥ്യത്തിലൂന്നിയുള്ളതാവണം എല്ലാ കാര്‍ഷികപദ്ധതികളും. ഏതു വിളയായാലും കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനം കിട്ടുന്ന വിപണനസംവിധാനം ഉറപ്പാക്കുകയും വേണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: