Pages

Sunday, August 12, 2012

LONDON OLYMPICS-2012-സുശീല്‍കുമാറിനു ഒളിമ്പിക്‌സില്‍ വെള്ളി വെള്ളി



സ്വര്‍ണം കൈവിട്ടതിന്റെ ഇത്തിരി സങ്കടം ബാക്കിനില്‍ക്കുമെങ്കിലും ഒരു മഹാരാജ്യത്തിന്റെ അഭിമാനം ഗോദയില്‍ നെഞ്ചുവിരിച്ച് കാത്തുസൂക്ഷിച്ചിരിക്കുകയാണ് സുശീല്‍കുമാര്‍. ഇന്ത്യയ്ക്ക് ലണ്ടന്‍ ഒളിമ്പിക്‌സില്‍ ലഭിച്ച രണ്ടാമത്തെ വെള്ളി മെഡല്‍. 66 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയുടെ ഫൈനലില്‍ ജപ്പാന്റെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ തത്‌സുഹിരൊ യൊനെമിത്‌സുവാണ് സുശീലിനെ മലര്‍ത്തിയടിച്ചുകളഞ്ഞത് (3-1). എങ്കിലും രണ്ട് ഒളിമ്പിക് മെഡലുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുകയാണ് ബെയ്ജിങ്ങില്‍ വെങ്കലം നേടിയ സുശീല്‍കുമാര്‍. ഒളിമ്പിക്‌സില്‍ വെള്ളി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഗുസ്തിക്കാരനും സുശീലാണ്. മൂന്ന് വെങ്കലങ്ങളായിരുന്നു ഇതുവരെ സുശീല്‍ അടക്കമുള്ള ഗുസ്തിക്കാര്‍ ഇന്ത്യയ്ക്ക് നേടിത്തന്നത്.ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍ സമ്പാദ്യം ആറായി. രണ്ടു വെള്ളിയും നാല് വെങ്കലവും. ഇതും ഒളിമ്പിക്‌സില്‍ ഒരു പതുചരിത്രം. ഷൂട്ടിങ്ങില്‍ വിജയകുമാറിന്റെ വകയായിരുന്നു ആദ്യ വെള്ളി. ഗുസ്തിയില്‍ തന്നെ യോഗേശ്വര്‍ ദത്ത് കഴിഞ്ഞ ദിവസം വെങ്കലം നേടി. ഗഗന്‍ നാരംഗ് (ഷൂട്ടിങ്), സൈന നേവാള്‍ (ബാഡ്മിന്റണ്‍), മേരി കോം (ബോകസിങ്) എന്നിവരാണ് മറ്റ് വെങ്കല മെഡല്‍ ജേതാക്കള്‍.മോഹിപ്പിച്ചൊരു സ്വര്‍ണം വിരല്‍ത്തുമ്പില്‍ നിന്ന് വഴുതിപ്പോയെങ്കിലും   അഭിമാനം നിറഞ്ഞതുതന്നെയായിരുന്നു ഫൈനല്‍ വരെയുള്ള സുശീലിന്റെ പോരാട്ടം. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച സുശീല്‍ പ്രീക്വാര്‍ട്ടറില്‍ ലോക ചാമ്പ്യനും ബെയ്ജിങ്ങിലെ സ്വര്‍ണമെഡല്‍ ജേതാവുമായ തുര്‍ക്കിയുടെ റംസാന്‍ സഹീനെ മലര്‍ത്തിയടിച്ചുകൊണ്ടാണ് പോരാട്ടം തുടങ്ങിയത് (3-1). പിന്നീട് ക്വാര്‍ട്ടറില്‍ ഉസ്ബക്കിസ്ഥാന്റെ ഇഖ്‌ത്യോര്‍ നവറുസോവിനെയും (3-1) ആവേശം തീചിതറിയ സെമിയില്‍ കസാക്കിസ്ഥാന്റെ അക്ഷുരെക് തനതറോവിനെയും (3-1) ആണ് സുശീല്‍ മറികടന്നത്.വാശിയേറിയ ആദ്യ മൂന്ന് മത്സരങ്ങളിലെ വേഗവും കരുത്തും സൂക്ഷ്മതയും പക്ഷേ, സുശീലിന് ഫൈനലില്‍ ആവര്‍ത്തിക്കാനായില്ല. പതിവ്‌പോലെ പ്രതിരോധവും ആക്രമണവും സമംചേര്‍ത്തുകൊണ്ടുള്ള മല്‍പ്പിടിത്തം തന്നെയാണ് സുശീല്‍ അവലംബിച്ചത്. എന്നാല്‍, ഇത്തരത്തിലുള്ള ഒരു ആക്രമണശ്രമം സുശീലിന് തിരിച്ചടിയാകുന്നതാണ് ആദ്യ പീരിയഡില്‍ തന്നെ കണ്ടത്. ഡൈവ് ചെയ്ത് കാലു വാരാനുള്ള സുശീലിന്റെ ശ്രമത്തെ കൂടുതല്‍ വേഗത കൈമുതലായ യോനെമിത്‌സു ചെറുക്കുക മാത്രമല്ല, ഒരു മിന്നല്‍ വെട്ടിമാറലിലൂടെ സുശീലിനെ വലതു കാല്‍ വാരി തന്റെ വരുതിയിലാക്കുകയും ചെയ്തു. ഇതിലൂടെ ലഭിച്ച ടെക്‌നിക്കല്‍ പോയിന്റിന്റെ ബലത്തിലാണ് യൊനെമിത്‌സു ആദ്യ പീരിയഡ് സ്വന്തമാക്കിയത്. മുന്‍ മത്സരങ്ങളില്‍ കണ്ടപോലെ രണ്ടാം പീരിയഡില്‍ സുശീല്‍ തിരിച്ചുവരുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. സുശീലിന്റെ കാലുവാരലുകളില്‍ നിന്ന് നന്നായി ഒഴിയാന്‍ കഴിഞ്ഞ യൊനെമിത്‌സു ഏതാണ്ട് പീരിയഡിന്റെ പകുതി ഭാഗത്ത് ഒരു അതിദ്രുതി നീക്കത്തിലൂടെ സുശീലിനെ പിടികൂടുകയും എടുത്തുയര്‍ത്തി അക്ഷരാര്‍ഥത്തില്‍ നിലത്തടിക്കുകയും ചെയ്തു. ഈ ടേക്ക്ഡൗണിലൂടെ മൂന്ന് വിലപ്പെട്ട പോയിന്റാണ് യൊനെമിത്‌സു നേടിയത്. പിന്നീട് ഓരോ നീക്കത്തിലും സുശീല്‍ തിരിച്ചുവരുമെന്ന് തോന്നിച്ചിരുന്നെങ്കിലും അപാരമായ പ്രതിരോധമികവാണ് ജാപ്പനീസ് ഫയല്‍വാന്‍ കാട്ടിയത്. പിന്നീട് നല്ല ചില വാരലുകള്‍ നടത്തിയെങ്കിലും ഒരൊറ്റ ടെക്‌നിക്കല്‍ പോയിന്റ് മാത്രമാണ് സുശീലിന് നേടാന്‍ കഴിഞ്ഞത്. പൂട്ടിട്ടുപിടിച്ച എതിരാളിയെ മലര്‍ത്തിയടിച്ച് ഡെയ്ഞ്ചര്‍ പൊസിഷനിലാക്കാന്‍ കഴിഞ്ഞതുമില്ല. ഇന്ത്യയുടെ സ്വര്‍ണസ്വപ്‌നം തകര്‍ത്തുകൊണ്ട് മത്സരവും സ്വര്‍ണവും യൊനെമിത്‌സുവിന് സ്വന്തം. ജാപ്പനീസ് താരത്തിന്റെ ആദ്യ ഒളിമ്പിക് സ്വര്‍ണമാണിത്.

സിരകള്‍ക്ക് തീപടര്‍ത്തിയ സെമിപോരാട്ടത്തില്‍ കസാക്കിസ്ഥാന്റെ അക്ഷുരെക് തനടരോിവനെ മലര്‍ത്തിയടിച്ചാണ് സുശീല്‍ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് ഫൈനലിന് യോഗ്യത നേടിയത് (3-1). ഒളിമ്പിക് ഫൈനലില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ബെയ്ജിങ്ങിലെ വെങ്കല മെഡല്‍ ജേതാവായ സുശീല്‍.ഒരുവേള കൈവിട്ടുപോവുകയാണെന്ന് കരുതിയ മത്സരമാണ് പേശികളിലേയ്ക്ക് തന്റെ അനുഭവസമ്പത്തും മുഴുവന്‍ ഇന്ത്യക്കാരുടെയും പ്രാര്‍ഥനയും പ്രതീക്ഷയുമെല്ലാം ഒന്നിച്ച് ആവാഹിച്ച് സുശീല്‍ പൊരുതി തിരിച്ചുപിടിച്ചത്. മൂന്ന് ടെക്‌നിക്കല്‍ പോയിന്റിന്റെ ആനുകൂല്യത്തില്‍ ആദ്യ പീരിയഡ് ഏറെക്കുറെ അനായാസമായി സ്വന്തമാക്കിയ സുശീലിലിനെതിരെ പക്ഷേ, അപ്രതീക്ഷിതമായി രണ്ടാം പീരിയഡില്‍ കസാക്ക് താരം തിരിച്ചുവന്നു. കാലു വാരാനുള്ള സുശീലിന്റെ ശ്രമത്തില്‍ നിന്ന് കുതറിമാറി സുശീലിനെ ബ്രിഡ്ജിലൂടെ മറിച്ചിട്ട തനാതറോവ് ഒറ്റയടിക്ക് മൂന്ന് ടെക്‌നിക്കല്‍ പോയിന്റുകളാണ് സ്വന്തമാക്കിയത്. പൊസിഷനിലും പ്രതിരോധത്തിലും സുശീല്‍ തന്നെ മേധാവിത്തം പുലര്‍ത്തിയെങ്കിലും ഇതേ പോയിന്റില്‍ ഈ പീരിയഡ് അവസാനിപ്പിച്ച് മത്സരം മൂന്നാം പീരിയഡിലേയ്ക്ക് നീട്ടാന്‍ തനതറോവിന് കഴിഞ്ഞു. മൂന്നാം പീരിയഡിലും ഇതുപോലെ സുശീലിന്റെ ഒരു പിഴവില്‍ നിന്നും മൂന്ന് പോയിന്റ് സ്വന്തമാക്കി തനതറോവ് മേധാവിത്തം ഉറപ്പിച്ചു. സുശീലില്‍ നിന്ന് കളി കൈവിട്ടുപോകുമെന്ന് എല്ലാവരും ഭയന്ന നിമിഷം. എന്നാല്‍, സുശീലിന്റ ഉള്ളിലെ പോരാളിയെ ലോകം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഡെയ്ഞ്ചറര്‍ പൊസിഷനില്‍ നിന്ന് വളഞ്ഞുപുളഞ്ഞ് രക്ഷപ്പെട്ട സുശീല്‍ എല്ലാ കരുത്തും കൈകളിലേയ്ക്ക് ആവാഹിച്ച് തനതറോവിനെ മറിച്ചടിച്ച് മൂന്ന് പോയിന്റ് സ്വന്തമാക്കി. അധികം വൈകിയില്ല. വീര്യം വീണ്ടെടുത്ത സുശീല്‍ ഒരിക്കല്‍ക്കൂടി മാരകശേഷ പുറത്തെടുത്ത് തനതറോവിനെ റഫറീസ് പൊസിഷനില്‍ പിടികൂടി എടുത്തുയര്‍ത്തി വട്ടം കറക്കി പൂര്‍ണമായും തന്റെ വരുതിലാക്കി. ഇതിലും കിട്ടി മൂന്ന് പോയിന്റ്. 6-3 എന്ന സുരക്ഷിതമായ ലീഡ്. ഇത് കളഞ്ഞുകുളിക്കാതെ തനതറോവിന്റെ ആക്രമണങ്ങളില്‍ നിന്ന് സമര്‍ഥമായി ഒഴിഞ്ഞുമാറി സമയം തള്ളിനീക്കിയ സുശീല്‍ മത്സരവും ഫൈനല്‍ ബര്‍ത്തും സ്വന്തമാക്കി. പോരാട്ടത്തിനൊടുവില്‍ ചോരയൊലിക്കുന്ന ചെവിയുമായാണ് തനാതറോവ് ഗോദ വിട്ടത്. സുശീല്‍ മൊത്തം ഒന്‍പത് ടെക്‌നിക്കല്‍ പോയിന്റ് സ്വന്തമാക്കിയപ്പോള്‍ തനതറോവിന് ആറ് പോയിന്റ് ലഭിച്ചു.പ്രീക്വാര്‍ട്ടറില്‍ ലോകചാമ്പ്യനെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ സുശീലിനു തന്നെയായിരുന്നു ക്വാര്‍ട്ടറില്‍ മേല്‍ക്കൈ. ഇതിന്റെ ബലത്തില്‍ ആദ്യ പീരിയഡ് 3-1 എന്ന സ്‌കോറില്‍ ഏറെക്കുറെ അനായാസമായി തന്നെയാണ് സുശീല്‍ നേടിയത്. രണ്ടാം പീരിയഡിന്റെ അവസാന രണ്ടു സെക്കന്‍ഡ് വരെ രണ്ട് ഒരു പോയിന്റിന്റെ ലീഡുണ്ടായിരുന്ന സുശീലിന് അപ്രതീക്ഷിതമായാണ് പോയിന്റുകള്‍ അടിയറവയ്‌ക്കേണ്ടിവന്നത്. സുശീലിനെ മലര്‍ത്തിയടിക്കാന്‍ ശ്രമിക്കുന്നതിന് പകരം തള്ളി റിങ്ങിന്റെ വെളിയില്‍ ചാടിച്ച് ടെക്‌നിക്കല്‍ പോയിന്റുകള്‍ സ്വന്തമാക്കുന്ന തന്ത്രമാണ് നവസുസോവി പയറ്റിയത്. ഇത് രണ്ട് പീരിയഡിലും ചെറിയ തോതിലെങ്കിലും വിജയം കാണുകയും ചെയ്തു. ഈ തന്ത്രത്തിനെതിരെ പ്രതിരോധിക്കാന്‍ സുശീലിന് ശരിക്കും മെയ്മറന്ന് അധ്വാനിക്കേണ്ടിവന്നു. ഈ അവസരങ്ങളിലെല്ലാം ഇടയ്‌ക്കൊക്കെ സുശീലിന് നല്ല പൊസിഷന്‍ ലഭിച്ചെങ്കിലും അത് പോയിന്റുകളായി പരിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍, മൂന്നാം പീരിയഡില്‍ സുശീല്‍ എതിരാളിക്കു മേല്‍ ശരിക്കും പിടിത്തമിട്ടു. അതിര്‍ത്തിവരയിലേയ്ക്ക് തള്ളിക്കൊണ്ടുപോയ എതിരാളിയെ മനോഹരമായ ഒരു ബ്രിഡ്ജ്ശ്രമത്തിലൂടെ മലര്‍ത്തിയടിച്ച് വിലപ്പെട്ട രണ്ട് ടെക്‌നിക്കല്‍ പോയിന്റാണ് സുശീല്‍ സ്വന്തമാക്കിയത്. ഇൗ ലീഡ് കൈമോശം വരാതെ അവസാനം വരെ കാക്കാനും സുശീലായി. സുശീല്‍ മൊത്തം ആറ് ടെക്‌നിക്കല്‍ പോയിന്റ് സ്വന്തമാക്കിയപ്പോള്‍ മൂന്ന് പോയിന്റ് കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു നവറുസോവിക്ക്. സ്വപ്‌നതുല്ല്യമായ തുടക്കം തന്നെയാണ് ഒളിമ്പിക്‌സില്‍ സുശീലിന് ലഭിച്ചത്. നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോകചാമ്പ്യനുമായ തുര്‍ക്കിയുടെ റംസാന്‍ സഹീനെയാണ് തോല്‍പിച്ചാണ് സുശീല്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ : 3-1.

നിലവിലെ ചാമ്പ്യനായ സഹീനെതിരെ വലിയ സാധ്യതകളൊന്നും കല്‍പ്പിക്കപ്പെടാതിരുന്ന സുശീല്‍ ക്ഷമയും പിഴവറ്റ പ്രതിരോധവും ആയുധമാക്കിയാണ് അട്ടിമറി ജയം സ്വന്തമാക്കിയത്. കൂടുതല്‍ തന്ത്രശാലിയായ സഹീന്‍ കാലില്‍ പിടികൂടിയതു വഴി രണ്ട് ടെക്‌നിക്കല്‍ പോയിന്റുകളും ആദ്യ പീരിയഡും അടിയറവച്ച സുശീല്‍ ആവേശകരമായാണ് പിന്നീട് തിരിച്ച് ഗോദയിലെത്തിയത്. ആദ്യ പീരിയഡില്‍ എതിരാളിയുടെ കാല്‍ ലക്ഷ്യമിട്ട് നടത്തിയ ഡൈവുകള്‍ ഫലം കാണാതെ പോയതിനാലാവണം രണ്ടാം പീരിയഡില്‍ ക്ഷമാപൂര്‍വമാണ് സുശീല്‍ മല്‍പ്പിടിത്തം നടത്തിയത്. നന്നായി പ്രതിരോധിച്ച സുശീല്‍ എതിരാളിക്ക് കാല് തൊടാന്‍ ഒരവസരവും നല്‍കിയില്ല. തക്കംനോക്കി ആക്രമിച്ചപ്പോഴാകട്ടെ സഹീനുമേല്‍ മികച്ച രീതിയില്‍ ആധിപത്യം ലഭിക്കുകയും ചെയ്തു. എന്നാല്‍, എതിരാളിയെ ഡെയ്ഞ്ചര്‍ പൊസിഷനില്‍ എത്തിക്കാനോ മികച്ച പൂട്ടുവഴി ടെക്‌നിക്കല്‍ പോയിന്റ് സ്വന്തമാക്കാനോ സുശീലിന് കഴിഞ്ഞില്ല. ഈ അധ്വാനത്തിനുള്ള കൂലി എക്‌സ്ട്രാടൈമിലെ പന്തിന്റെ നറുക്കെടുപ്പിലാണ് സുശീലിന് തുണയായത്. ക്ലിഞ്ച് പൊസിഷനില്‍ സഹീന്റെ കാലു വാരാന്‍ അവസരം ലഭിച്ച സശീല്‍ നിരാശപ്പെടുത്തിയില്ല. വാരിയകാല് തന്റെ ഇടതുകാലു കൊണ്ട് പൂട്ടുകകൂടി ചെയ്ത് സഹീനെ നിലത്തിട്ട് ഒരു പോയിന്റ് സുശീല്‍ സ്വന്തമാക്കി. അങ്ങനെ മത്സരം രണ്ട് പീരിയഡിനു ശേഷം തുല്ല്യ നിലയലായി.നിര്‍ണായകമായ മൂന്നാം റൗണ്ടിലും ക്ഷമ തന്നെയായിരുന്നു സുശീലിന്റെ പ്രധാന ആയുധം. ഏതാണ്ട് ഒരു മിനിഷ് കഴിഞ്ഞപ്പോള്‍ ഒന്നാന്തരമൊരു ഡൈവിലൂടെ എതിരാളിയെ പിടിത്തമിട്ട സുശീല്‍ കഷ്ടപ്പെട്ട് ഒരു ടെക്‌നിക്കല്‍ പോയിന്റ് സ്വന്തമാക്കുകയും ചെയ്തു. ഈ പോയിന്റ് പിന്നീടുള്ള ഒരു മിനിറ്റില്‍ അതിവിദഗ്ദധമായി കാത്തുസൂക്ഷിക്കുകയും ചെയ്തു ബെയ്ജിങ്ങിലെ വെങ്കല മെഡല്‍ ജേതാവ്. ബെയ്ജിങ്ങില്‍ സ്വര്‍ണം നേടിയ സഹീന്‍ 2007ലാണ് ലോകചാമ്പ്യനായത്.


                                     പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 

No comments: