Pages

Friday, August 17, 2012

HOTEL FOOD AND ORDINARY PEOPLE


ഹോട്ടല്‍ ഭക്ഷണവും
 സാധാരണ ജനങ്ങളും
 കേരളത്തില്‍ പല ഹോട്ടലുകളിലും മോശമായ ഭക്ഷണമാണ് വില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ജനത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. തൊഴിലാളികളും ജോലിക്കാരുമായ ഒട്ടേറേ പേര്‍ക്ക് എന്നും ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കേണ്ടിവരും. വീട്ടുകാരൊന്നിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലവും അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണം ഹോട്ടലുകളിലാക്കുന്നതും പതിവാണ്. ഹോട്ടലുകളുടെ നിലനില്‍പ്പ് ഉപഭോക്താക്കളെ ആശ്രയിച്ചാണ്. എന്നാല്‍, ലാഭം ലക്ഷ്യമിട്ട് മോശമായ ഭക്ഷണം നല്‍കുന്നതും മറ്റും ശരിയായ രീതിയല്ല. വൃത്തിക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കി നല്ല ഭക്ഷണം നല്‍കാന്‍ ഹോട്ടലുടമകളും ജീവനക്കാരും തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഹോട്ടലുകളിലെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമല്ലെന്ന് വ്യക്തമാക്കുന്നതാണ് 'മാതൃഭൂമി' പ്രസിദ്ധീകരിച്ച 'ഭയം വിളമ്പുന്ന ഭോജനശാലകള്‍' എന്ന പരമ്പര. ഭക്ഷ്യവസ്തുക്കളിലെ മായം, പഴകിയതും പൂപ്പല്‍ വന്നതുമായ മാംസവും മറ്റും വീണ്ടും ചൂടാക്കി നല്‍കുന്ന രീതി, അടുക്കളയിലെ വൃത്തിഹീനമായ ചുറ്റുപാടുകള്‍ തുടങ്ങിയവയാണ് പല ഹോട്ടലുകളിലെയും ഭക്ഷണത്തെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നത്. 

 
ചില ഹോട്ടലുകളില്‍ കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെന്ന് കണ്ടെത്തി യിരുന്നു. അതത് ദിവസം ചെലവാകാത്ത ഭക്ഷണം ഫ്രീസറില്‍ എടുത്തുവെക്കും. അത് പിറ്റേന്ന് മറ്റൊരു രൂപത്തിലും പേരിലുമാകും അലങ്കാരത്തോടെ തീന്‍മേശയില്‍ എത്തുന്നത്. മാംസം മൂന്നുമണിക്കൂര്‍ തുറന്നുവെച്ചാല്‍ മോശമാകുമെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ തുറന്നുവെച്ച ഭക്ഷണമാകാം പലപ്പോഴും തണുപ്പുപെട്ടിയില്‍ കയറുന്നത്. ഫ്രീസറില്‍ കയറ്റുന്ന ദിവസം കവറില്‍ രേഖപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലേടത്തും അത് പാലിക്കപ്പെടുന്നില്ല.
 ദിവസങ്ങളോളം ഇരുന്ന് പൂപ്പല്‍ പിടിച്ച ഭക്ഷണം പോലും പിന്നീട് ഉപയോഗിക്കുന്നുണ്ടെന്നാണ് ഈയിടെ നടന്ന പരിശോധന
കളില്‍ കണ്ടെത്തിയത്. അടുക്കളയിലെ ജീവനക്കാരുടെ രോഗാവസ്ഥയും ശ്രദ്ധിക്കപ്പെടുന്നില്ല. ടൈഫോയ്ഡ് ബാധിച്ച പാചകക്കാരനെ വരെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടു. ഒരേ എണ്ണ തന്നെ ആഴ്ചകളോളം വറുക്കാനും പൊരിക്കാനും ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാര്യവും അവഗണിക്കപ്പെടുന്നു. മായം ചേര്‍ന്ന മുളകുപൊടി, മസാലപ്പൊടികള്‍, നിറം ചേര്‍ക്കാനും രുചിക്കും ഉപയോഗിക്കുന്ന അനാരോഗ്യകരമായ രാസവസ്തുക്കള്‍ തുടങ്ങിയവയും ഒഴിവാക്കപ്പെടേണ്ടതാണ്. 
 
തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച ഒരാള്‍ മരിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. സംഭവം വിവാദമായപ്പോള്‍ ആരോഗ്യവകുപ്പധികൃതര്‍ക്ക് പരിശോധന നടത്താതെ വയ്യെന്നായി. ഹോട്ടലുകളിലെ അടുക്കളകളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരുകയും ചെയ്തു. അതോടെ ഹോട്ടലുടമകളും അല്‍പ്പം മനസ്സിരുത്തിത്തുടങ്ങിയെന്ന് കരുതാം. ഹോട്ടലുടമകള്‍ സ്വമേധയാ ശുചിത്വമാസം ആചരിക്കാന്‍ തീരുമാനിച്ചത് നല്ല കാര്യമാണ്. അടുക്കളയോടുചേര്‍ന്നുള്ള മലിനജലക്കുഴലുകളും മറ്റും മാറ്റുന്നുണ്ടെന്ന് ഹോട്ടലുടമാസംഘം ഉറപ്പാക്കണം.
 അവരുടെ പ്രതിനിധികള്‍ മേഖല തിരിച്ച് ഹോട്ടലുകളുടെ ശുചിത്വം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളും എടുത്തുതുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. ലൈസന്‍സിനുള്ള അടിസ്ഥാന
സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ന്യായമായ സമയം നല്‍കണം. ഇതോടൊപ്പംതന്നെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള പരിശോധന തുടരുകയും വേണം. നിയമാനുസൃതം പരിശോധന നടത്താന്‍ സംസ്ഥാനത്ത് 100-ല്‍ താഴെ ഉദ്യോഗസ്ഥര്‍ മാത്രമേ ഉള്ളൂവെന്ന് പറയുന്നു. 
പിടിച്ചെടുക്കുന്ന ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനുള്ള സൗകര്യവും പരിമിതമാണ്. ലബോറട്ടറിയില്‍ നല്‍കിയ സാംപിളിന്റെ ഫലം വരാന്‍ മാസങ്ങളെടുക്കുമെന്നാണ് പറയുന്നത്. ഇത്തരം പോരായ്മകള്‍ കഴിയുംവേഗം പരിഹരിക്കണം. സര്‍ക്കാര്‍ തലത്തിലുള്ള പരിശോധനയ്‌ക്കൊപ്പം ഹോട്ടലുടമകളുടെ തികഞ്ഞ സഹകരണം കൂടിയുണ്ടെങ്കിലേ ഹോട്ടല്‍ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാനാകൂ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: