Pages

Thursday, August 9, 2012

പ്രകൃതിചൂഷണം ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമാകും


പ്രകൃതിചൂഷണം
 ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമാകും
വൈകിയെത്തിയ കനത്ത മഴയും ഉരുള്‍പൊട്ടലും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒട്ടേറെപ്പേരുടെ മരണത്തിനും വന്‍നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയിരിക്കുന്നു. ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലുമായി കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. രണ്ട് ജില്ലകളിലെയും മലയോര പ്രദേശങ്ങളില്‍ കനത്ത മഴക്കെടുതികളുണ്ടായി. ഒട്ടേറെ വീടുകള്‍ തകരുകയും ഏക്കര്‍കണക്കിന് കൃഷി നശിക്കുകയും ചെയ്തു. പലേടത്തും റോഡുകള്‍ ഒലിച്ചുപോയിട്ടുണ്ട്. മലമ്പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ വീടുകള്‍ ഒലിച്ചുപോയി. പലേടത്തും ജനജീവിതം സ്തംഭിച്ചു. കണ്ണൂര്‍ ജില്ലയിലെ പഴശ്ശി ഡാമിന്റെ അപകടകരമായ സ്ഥിതി ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു. ദുരന്തവും ദുരന്തഭീതിയും ഈ രണ്ട് ജില്ലകളിലെ പല പ്രദേശങ്ങളിലും ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങളെല്ലാം എത്രയുംവേഗം എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയണം. സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതലുകളെടുക്കുകയും വേണം.
അപ്രതീക്ഷിതമായി മഴ കനത്തതും ഉരുള്‍പൊട്ടിയതുമാണ് ഇത്രയേറെ കെടുതികള്‍ ഉണ്ടാകാന്‍ കാരണം. ഇതിനെക്കുറിച്ച് എന്തെങ്കിലും മുന്നറിയിപ്പുകള്‍ നല്‍കാന്‍ അധികൃതര്‍ക്കായില്ല. കനത്ത മൂടല്‍മഞ്ഞും മഴയും പലേടത്തും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നൂറിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചില സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നറിയിച്ചിട്ടുണ്ട്. ആശ്വാസനടപടികളുടെ കാര്യത്തില്‍ ഉദാരമായ സമീപനംതന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏകോപനത്തോടെ ചിട്ടയായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഓരോ പ്രദേശത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയണം. റോഡുകള്‍ നന്നാക്കാനും വൈദ്യുതി, വാര്‍ത്താവിനിമയബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും വൈകിക്കൂടാ. ജനജീവിതം സാധാരണ നിലയിലാക്കാന്‍ ഇവയെല്ലാം അടിയന്തരമായി ചെയ്‌തേ പറ്റൂ. കൃഷിനാശം കൊണ്ടുണ്ടായ നഷ്ടം കണക്കാക്കിവരുന്നതേയുള്ളു. ഇങ്ങനെ ജീവിതമാര്‍ഗം മുട്ടിയവര്‍ക്കും മതിയായ സഹായം നല്‍കണം.
പ്രകൃതിക്ഷോഭങ്ങള്‍ പൂര്‍ണമായി തടയാനാവില്ലെങ്കിലും, അല്പം ദീര്‍ഘവീക്ഷണത്തോടെ ബന്ധപ്പെട്ടവരെല്ലാം പ്രവര്‍ത്തിച്ചാല്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ കഴിയും. മഴക്കാലത്തെ അപകടസാധ്യതകളറിഞ്ഞ് മുന്നൊരുക്കങ്ങള്‍ നടത്തുകയും ജാഗ്രതപാലിക്കുകയും ചെയ്യുന്ന കാര്യത്തില്‍ പൊതുവേ അധികൃതര്‍ വിമുഖരാണ്. പഴശ്ശി ഡാമിന്റെ സ്ഥിതിതന്നെ ഇതിനുദാഹരണമാണ്. ഡാമിന്റെ ഷട്ടറുകളില്‍ പലതും തുറക്കാനായില്ല.
 

ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയതായി ആക്ഷേപമുണ്ട്. കുറച്ച് ഷട്ടറുകള്‍ പോലും തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉണ്ടാകുമായിരുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. അണക്കെട്ടുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ഇതോര്‍മിപ്പിക്കുന്നു. റോഡുകളുടെയും വൈദ്യുതി ലൈനുകളുടെയും മറ്റും കാര്യത്തിലും മഴക്കാലത്ത് കൂടുതല്‍ കരുതല്‍ അനിവാര്യമാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ജനങ്ങളെ അറിയിക്കുകയും വേണം.
  ദുരന്തങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു വേണ്ട അത്യാധുനികസംവിധാനങ്ങളുടെ കാര്യത്തിലുള്ള പോരായ്മകളും അടിയന്തരമായി പരിഹരിക്കേണ്ടിയിരിക്കുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങള്‍ പ്രകൃതിക്ഷോഭത്തിന്റെ കെടുതികള്‍ വര്‍ധിപ്പിക്കുമെന്ന വസ്തുത മറന്നുകൂടാ. അമിതമായ പ്രകൃതിചൂഷണവും ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമാകുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. സുരക്ഷ ഉറപ്പാക്കാനുള്ള വഴി തേടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍കൂടി അധികൃതരുടെയും സമൂഹത്തിന്റെയും മനസ്സിലുണ്ടാകണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: