Pages

Wednesday, August 29, 2012

അശാസ്ത്രീയ റോഡ്‌ നിര്‍മ്മാണവുംഅശ്രധയുമാണ് അപകടങ്ങള്‍ക്ക് കാരണം


അശാസ്ത്രീയ റോഡ്‌ നിര്‍മ്മാണവുംഅശ്രധയുമാണ് അപകടങ്ങള്‍ക്ക് കാരണം
കേരളത്തെ മുഴുവന്‍ നടുക്കിയ ദുരന്തമാണ് തിങ്കളാഴ്ച രാത്രി കണ്ണൂരില്‍ ചാലയ്ക്ക് സമീപമുണ്ടായത്. അവിടെ ഗ്യാസ് ടാങ്കര്‍ ലോറി തീപിടിച്ച് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സമീപത്തെ പല വീടുകളും കടകളും വാഹനങ്ങളും കത്തിനശിച്ചു. അടുത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടിവന്നു. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് സമീപവാസികളെ ഒഴിപ്പിച്ചത്. ഇവയെല്ലാം അപകടത്തിന്റെ വ്യാപ്തിയെത്രയെന്ന് വ്യക്തമാക്കുന്നുണ്ട്. ഓണ ഒരുക്കങ്ങളില്‍ കേരളം മുഴുകിയിരിക്കെ ഉണ്ടായ ഈ വന്‍ദുരന്തം സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക വര്‍ധിക്കാനും കാരണമായിരിക്കുന്നു. കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പാചകവാതക ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞ് കത്തുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കാരണവും മറ്റും വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എടുക്കുന്നതിനും ഒട്ടും വൈകിച്ചുകൂടാ. 
 
അറിഞ്ഞിടത്തോളം വിവരങ്ങള്‍ നല്‍കുന്ന സൂചന അശ്രദ്ധയും സുരക്ഷാവീഴ്ചയും ഈ ദുരന്തത്തിനും കാരണമായിട്ടുണ്ടെന്നാണ്. അപകടമുണ്ടായ ഭാഗത്ത് റോഡിലെ ഡിവൈഡര്‍ നിര്‍മിച്ചിരിക്കുന്നത് അശാസ്ത്രീയമായിട്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അവിടെ ജാഗ്രത പാലിക്കുന്നതിന് വേണ്ടത്ര മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പരാതിയുണ്ട്. അവയെക്കുറിച്ചും അന്വേഷണം നടത്തണം.പാചകവാതകവും ആപത്കരമായ മറ്റു വാതകങ്ങളും നിറച്ച ടാങ്കര്‍ലോറികള്‍ കേരളത്തില്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ പകലും രാത്രിയും ഓടുന്നുണ്ട്. ഇത്തരം ലോറി അപകടത്തില്‍പ്പെടുന്നത് ആദ്യമായല്ല.
 സുരക്ഷാവ്യവസ്ഥകള്‍ അവഗണിച്ചതാണ് പല അപകടങ്ങള്‍ക്കും കാരണമെന്ന് കണ്ടെത്തിയിരുന്നു. വന്‍ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പരിശോധനകള്‍ ഊര്‍ജിതമാക്കാറുണ്ട്. ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാം പഴയപടിയാകുകയാണ് പതിവ്. അപലപനീയമായ ഈ സ്ഥിതിവിശേഷത്തിന് മാറ്റം ഉണ്ടാക്കാന്‍ കണ്ണൂര്‍ദുരന്തം ബന്ധപ്പെട്ടവര്‍ക്ക് പ്രേരകമാകണം. അതിവേഗം തീപിടിക്കാവുന്നതോ അപായകരമോ ആയ വാതകങ്ങളും ദ്രാവകങ്ങളും രാസവസ്തുക്കളും മറ്റും കയറ്റുന്ന ടാങ്കര്‍ലോറികള്‍ക്ക് പല സുരക്ഷിതത്വ സംവിധാനങ്ങളും വേണമെന്ന് അധികൃതര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ വേഗം, പ്രധാന റോഡുകളില്‍ അവ ഓടേണ്ട രീതി, സമയം, ഡ്രൈവര്‍മാരുടെ യോഗ്യത, എണ്ണം തുടങ്ങിയവയുടെ കാര്യത്തിലും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത് സുരക്ഷിതത്വം ലക്ഷ്യമിട്ടാണ്. ഇടുങ്ങിയതും വശങ്ങളില്‍ ജനവാസമേറിയതുമായ റോഡുകളിലൂടെ പോകുമ്പോള്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. 
കണ്ണൂര്‍ സംഭവത്തില്‍ ടാങ്കര്‍ലോറിയുടെയും ഡ്രൈവറുടെയും കാര്യത്തില്‍ സുരക്ഷിതത്വവ്യവസ്ഥകളുടെ ലംഘനം ഉണ്ടായോ? ഉണ്ടെങ്കില്‍ എത്രത്തോളം എന്നതെല്ലാം അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. ടാങ്കര്‍ ലോറികളിലെല്ലാം സുരക്ഷാസംവിധാനങ്ങളുണ്ടെന്നും അവ ഓടിക്കുന്നവര്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ മടിക്കരുത്. 2010ലെ കരുനാഗപ്പള്ളി ടാങ്കര്‍ദുരന്തത്തില്‍, ഡ്രൈവിങ്ങില്‍ നിയമലംഘനമുണ്ടായതായി കണ്ടെ
ത്തിയിരുന്നു. റോഡുകളുടെ ദുരവസ്ഥയും അശാസ്ത്രീയമായ നിര്‍മാണവും അപകടങ്ങള്‍ക്കിടയാക്കും.ടാങ്കര്‍ലോറിഗതാഗതം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. അതിവേഗം തീപിടിക്കാവുന്നതോ അങ്ങേയറ്റം മാരകമായതോ ആയ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വ്യവസായശാലകളും ഇവിടെ ഒട്ടേറെയുണ്ട്. ഇവയെല്ലാം കണക്കിലെടുത്തുള്ളതാവണം സുരക്ഷിതത്വസജ്ജീകരണങ്ങളും മുന്‍കരുതലുകളും. അടിയന്തരസാഹചര്യമുണ്ടായാല്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ പരിമിതമാണെന്ന് കരുനാഗപ്പള്ളി ദുരന്തത്തെത്തുടര്‍ന്ന് വ്യക്തമായതാണ്. അന്നത്തേതിനെക്കാള്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും പോരായ്മകളുണ്ട്. അവയും പരിഹരിക്കേണ്ടിയിരിക്കുന്നു. സുരക്ഷിതത്വത്തിനു വേണ്ടിയുള്ള ബോധവത്കരണപരിപാടികളും കൂടുതല്‍ ഊര്‍ജിതമാക്കണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: