ഭാരതം ഇനി ഇരുട്ടില്‍ ആകരുത്
രാജ്യത്തെ
വൈദ്യുതി വിതരണസംവിധാനം പൊതുവെ തൃപ്തികരമല്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ
സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. ഉത്തരേന്ത്യയിലും കിഴക്കന്‍ മേഖലകളിലും
വിതരണശൃംഖല തകര്‍ന്നതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച 22 സംസ്ഥാനങ്ങള്‍ ഇരുട്ടിലായി.
തകരാര്‍ ഇത്ര രൂക്ഷവും വ്യാപകവുമാകുന്നത് ആദ്യമായിട്ടായിരിക്കും. മൂന്ന് പ്രധാന
ഊര്‍ജവിതരണ ശൃംഖലകള്‍ ഒന്നിച്ച് കേടായത് രാജ്യത്തിന്റെ പകുതിയിലേറെ പ്രദേശങ്ങളിലെ
ജനങ്ങളെ കാര്യമായി ബാധിച്ചു. 50,000 മെഗാവാട്ട് വൈദ്യുതി
പ്രസരണശേഷിയുള്ള ഈ ശൃംഖലകളുമായി ബന്ധപ്പെട്ട എല്ലാ വൈദ്യുതി നിലയങ്ങളുടെയും പ്രവര്‍ത്തനം
മുടങ്ങിയതുകൊണ്ടാണ് ഇത്രയേറെ പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചത്. ഒഡിഷയിലെ തല്‍ച്ചാര്‍
നിലയത്തിന്റെ പ്രവര്‍ത്തനവും മുടങ്ങിയതിനാല്‍, അവിടെനിന്ന്
ലഭിക്കേണ്ട വൈദ്യുതി കിട്ടാതായത് കേരളത്തെയും ബാധിച്ചു. വൈദ്യുതി വിതരണ
സംവിധാനങ്ങളില്‍ ചിലപ്പോള്‍ തകരാര്‍ സംഭവിച്ചേക്കാം. എന്നാല്‍, രാജ്യത്തിന്റെ പകുതിയിലേറെ ഭാഗം ഇരുട്ടിലാകാനിടയാക്കുംവിധമുള്ള തകരാറുകള്‍
ഉണ്ടാകുന്നത് ഈ മേഖലയുടെ പ്രവര്‍ത്തനത്തിലെ കടുത്ത പാകപ്പിഴകള്‍ കൊണ്ടാണെ ന്നേ
കരുതാനാവൂ.
വൈദ്യുതി പ്രതിസന്ധി ഉണ്ടായാല്‍ അതിവേഗം പരിഹരിക്കാനുള്ള സംവിധാനവും ഇന്ത്യയിലില്ലെന്ന് വ്യക്തമായിരിക്കുന്നു. ജനജീവിതത്തിലെന്നപോലെ രാജ്യത്തിന്റെ യശസ്സിലും ഇരുട്ട് പരത്തുന്നതാണ് ഇത്തരം വീഴ്ചകള്‍.വിതരണശൃംഖലയിലെ തകരാറുമൂലം ഒമ്പത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതിവിതരണം തിങ്കളാഴ്ച മുടങ്ങിയിരുന്നു. അത് ഒരുവിധം പരിഹരിച്ചപ്പോഴാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് വീണ്ടും ഗ്രിഡ് തകര്‍ച്ച ഉണ്ടായത്. വൈദ്യുതി നിലച്ചാല്‍ വെളിച്ചവും ഉപകരണങ്ങളുടെ പ്രവര്‍ത്തനവും മാത്രമല്ല മുടങ്ങുന്നത്. വൈദ്യുതിയിലോടുന്ന അഞ്ഞൂറോളം തീവണ്ടികള്‍ മുടങ്ങിയത് ഒട്ടേറെ യാത്രക്കാരെ വലച്ചു. തുരങ്കങ്ങളിലകപ്പെട്ട മെട്രോവണ്ടികളിലെ യാത്രക്കാര്‍ ഇരുട്ടിലൂടെ നടന്ന് പുറത്തെത്തേണ്ടിവന്നു. ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തിക്കാതായത് പല നഗരങ്ങളിലും വന്‍ ഗതാഗതക്കുരുക്കുണ്ടാക്കി. പശ്ചിമബംഗാളില്‍ കല്‍ക്കരിഖനിയില്‍ മുന്നൂറോളം തൊഴിലാളികള്‍ കുടുങ്ങി. ആധുനികജീവിതത്തിന്റെ ചാലകശക്തിയാണ് വൈദ്യുതി. അത് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ എല്ലാനിലയ്ക്കും കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തിയേ മതിയാകൂ.
ചില സംസ്ഥാനങ്ങള്‍ കേന്ദ്രനിര്‍ദേശം അവഗണിച്ച്, അനുവദനീയമായതിലുംകൂടുതല്‍ വൈദ്യുതി എടുത്തതാണ് വിതരണശൃംഖല
തകരാനിടയാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. യു.പി, ഹരിയാണ,
പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍
അധികവൈദ്യുതി എടുക്കുന്നതായി പരാതി ഉണ്ടായിരുന്നു. ഏതെങ്കിലും ഗ്രിഡില്‍നിന്ന്
വൈദ്യുതി അധികമായി വലിച്ചെടുത്താല്‍ അത് ലൈന്‍ തകരാറിലാകാന്‍ കാരണമാകും.
ദേശീയതലത്തില്‍ത്തന്നെ വൈദ്യുതിവിതരണം സുഗമവും ക്രമപ്രകാരവുമാക്കാനാണ് ഈ സംവിധാനം
ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത് തടസ്സപ്പെടുത്തുംവിധം പ്രവര്‍ത്തിക്കാന്‍ ഒരു
സംസ്ഥാനത്തെയും അനുവദിച്ചുകൂടാ. നിബന്ധനകള്‍ ലംഘിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ
കര്‍ശനമായ നടപടിയുണ്ടാകണം. ഇത്തരം കാര്യങ്ങളില്‍ ദേശീയതാത്പര്യം മുന്‍നിര്‍ത്തി
പ്രവര്‍ത്തിക്കാന്‍ ഏതെങ്കിലും സംസ്ഥാനം മടിച്ചാല്‍ മറ്റു പ്രദേശങ്ങളും അതിന്റെ
ദുഷ്ഫലം അനുഭവിക്കേണ്ടിവരും. പുറമെനിന്നുള്ള വൈദ്യുതിയെ കാര്യമായി ആശ്രയിക്കുന്ന
കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്കാണ് ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുക.
വിതരണശൃംഖലയിലെ തകരാറുകള്‍ ഇതിനകം പരിഹരിച്ചതായാണ് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍
അറിയിച്ചിരിക്കുന്നത്. ഇത് ഒരു പാഠമായിക്കണ്ട് ഈ രംഗത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍
ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിയണം. വൈദ്യുതിഉപയോഗം കൂടുകയും ജലലഭ്യത കുറയുകയും
ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. അതിനാല്‍ ജലവൈദ്യുതിപദ്ധതികളെ മാത്രം
ആശ്രയിച്ച് കേരളത്തിന് മുന്നോട്ടുപോകാനാവില്ല. കേന്ദ്രവൈദ്യുതിവിഹിതത്തിനും
പരിമിതിയുണ്ട്. ഈ സാഹചര്യത്തില്‍, സൗരവൈദ്യുതി പോലുള്ള ബദല്‍മാര്‍ഗങ്ങള്‍ക്ക്
കേരളം കൂടുതല്‍ പ്രാധാന്യം നല്‍കണം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment