Pages

Tuesday, August 14, 2012

താരങ്ങളെ വളര്‍ത്തുകയും ഭാരതം ശക്തി കാട്ടുകയും വേണം


താരങ്ങളെ വളര്‍ത്തുകയും
ഭാരതം ശക്തി കാട്ടുകയും വേണം
ഒളിമ്പിക് വേദിയില്‍ കായികക്കരുത്ത് പ്രദര്‍ശിപ്പിക്കുന്നതില്‍ ലണ്ടനില്‍ ഭാരതം ഒരടികൂടി മുന്നോട്ടു പോയിരിക്കുന്നു. രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം ആറു മെഡലുകള്‍. നാലുവര്‍ഷം മുമ്പ് ബെയ്ജിങ്ങില്‍ നേടിയതിന്റെ ഇരട്ടിമെഡല്‍. ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്ത്. ആതന്‍സിലാണ്(2004) പ്രൊഫഷണല്‍ സമീപനത്തോടെ ഇന്ത്യ ആദ്യമായി ഇറങ്ങിയത്. ഇതിന്റെ ഫലം പിന്നീടുള്ള ഒളിമ്പിക്‌സുകളില്‍ കണ്ടു. ബെയ്ജിങ്ങില്‍(2008) ഒരു സ്വര്‍ണമടക്കം മൂന്ന് മെഡല്‍. ലണ്ടനിലേത് ഒരു കുതിച്ചുചാട്ടമാണ്. ഈ വിജയം ഒരു ചവിട്ടുപടിയാക്കിയാല്‍ ബ്രസീലിലെ റിയോ ഡി ജനെയ്‌റോയില്‍ നടക്കുന്ന അടുത്ത ഒളിമ്പിക്‌സില്‍ മെഡല്‍ ശേഖരം രണ്ടക്കത്തിലേക്കുമെത്താം. ശക്തികാട്ടാന്‍ പറ്റുന്ന മേഖലകള്‍ നമുക്കുണ്ട്. അതില്‍ വേണ്ടത്ര നിക്ഷേപം നടത്തുകയും കൂടുതല്‍ താരങ്ങളെ വളര്‍ത്തുകയും ചെയ്താല്‍ നാലുവര്‍ഷത്തിനപ്പുറം കഥ മാറും. ഷൂട്ടിങ്ങിലും ഗുസ്തിയിലും രണ്ടു വീതവും ബോക്‌സിങ്ങിലും ബാഡ്മിന്റണിലും ഓരോ മെഡലുമാണ് ലണ്ടനിലെ സമ്പാദ്യം. അമ്പെയ്ത്ത് മറ്റൊരു അനുയോജ്യ ഇനമാണ്. ഈമേഖലകള്‍ക്കാണ് ഊന്നല്‍ കൊടുക്കേണ്ടത്. മൂന്ന് ഒളിമ്പിക്‌സുകള്‍ക്ക് മുമ്പുവരെ സഞ്ചാരികളുടെ സംഘം മാത്രമായിരുന്നു ഇന്ത്യയുടെ കായികതാരങ്ങള്‍. ആതന്‍സ് ഒളിമ്പികേ്‌സാടെയാണ് ആ അവസ്ഥ മാറാന്‍ തുടങ്ങിയത്. ആതന്‍സില്‍ മികച്ച ഷൂട്ടിങ് സംഘത്തെ അണിനിരത്തി. ഡബിള്‍ ട്രാപ്പ് ഷൂട്ടിങ്ങില്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വെള്ളിമെഡല്‍ നേടി ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തിന് അവകാശിയുമായി. 
 
ആതന്‍സില്‍ നേട്ടം റാത്തോഡില്‍ ഒതുങ്ങിയെങ്കിലും നാലുവര്‍ഷത്തിനുശേഷം ബെയ്ജിങ്ങിലെത്തിയപ്പോള്‍ നില കൂടുതല്‍ മെച്ചപ്പെട്ടു. അഭിനവ് ബിന്ദ്രയുടെ സ്വര്‍ണമടക്കം മൂന്നു മെഡല്‍. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമാണ് ബിന്ദ്രയുടേത്. ലണ്ടനില്‍ നേട്ടം ഇരട്ടിച്ചിരിക്കുന്നു. സ്വര്‍ണമില്ലെങ്കിലും കൂടുതല്‍ മേഖലകളില്‍ നമുക്ക് കരുത്തു കാട്ടാനാവുമെന്ന് ലണ്ടന്‍ പാഠമാവുകയാണ്. ലണ്ടനില്‍ വെള്ളി നേടിയ വിജയ്കുമാറും സുശീല്‍ കുമാറും വെങ്കല ജേതാക്കളായ സൈന നേവാളും മേ
രി കോമും യോഗേശ്വര്‍ ദത്തും ഗഗന്‍ നാരംഗും വരുംതലമുറയെ പ്രചോദിപ്പിക്കാതിരിക്കില്ല. പങ്കെടുത്ത 204 രാജ്യങ്ങള്‍ക്കും വനിതാപ്രാതിനിധ്യമുണ്ടായിരുന്നുവെന്നതാണ് ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സവിശേഷത. മുന്‍ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ കോ ചെയര്‍മാനായ ഒളിമ്പിക് സംഘാടക സമിതിക്ക് നല്ല നിലയില്‍ ഗെയിംസ് നടത്താനുമായി. സംഘാടനത്തിലും പ്രാതിനിധ്യത്തിലും മാത്രമല്ല, വേദികളിലെ പ്രകടനമികവിലും ലണ്ടന്‍ മറ്റ് ഒളിമ്പിക്‌സുകളേക്കാള്‍ മുന്നില്‍ നില്ക്കുന്നു. അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സും ജമൈക്കയുടെ മിന്നല്‍ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ടും ഇവിടെ ഇതിഹാസങ്ങളുടെ നിരയിലേക്കുയരുന്നത് കണ്ടു. മൂന്ന് ഒളിമ്പിക്‌സുകളില്‍ നിന്ന് പതിനെട്ടു സ്വര്‍ണമുള്‍പ്പെടെ 22 മെഡലുകള്‍, ഫെല്‍പ്‌സിന്റെ ഈ നേട്ടം മറികടക്കാന്‍ മറ്റൊരു താരമുണ്ടാവുമോയെന്ന് കണ്ടുതന്നെ അറിയണം. ബെയ്ജിങ്ങില്‍ നൂറ്, ഇരുനൂറ് മീറ്റര്‍ ഓട്ടങ്ങളിലും സ്പ്രിന്റ് റിലേയിലും ലോകറെക്കോഡോടെ സ്വര്‍ണം നേടിയ ബോള്‍ട്ട് ബ്രിട്ടന്റെ മണ്ണിലും മെഡല്‍ നേട്ടം ആവര്‍ത്തിച്ചാണ് എക്കാലത്തെയും മികച്ച അത്‌ലറ്റുകളുടെ കൂട്ടത്തില്‍ സ്ഥാനംപിടിച്ചത്. എണ്ണൂറു മീറ്റര്‍ ഓട്ടത്തില്‍ കെനിയക്കാരന്‍ ഡേവിഡ് റുഡിഷയുടെ റെക്കോഡ് നേട്ടം ലണ്ടനിലെ ഏറ്റവും മികച്ച പ്രകടനമാണെന്ന് കോ വിലയിരുത്തിയത് ഈയിനത്തില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയെന്ന നിലയില്‍ത്തന്നെയാണ്. ഇവയ്‌ക്കൊപ്പം മൂന്ന് സ്വര്‍ണം നേടിയ അമേരിക്കന്‍ സ്പ്രിന്റര്‍ അലിസണ്‍ ഫെലിക്‌സിന്റെയും ഇരട്ട സ്വര്‍ണത്തിനവകാശിയായ ബ്രിട്ടന്റെ ദീര്‍ഘദൂര ഓട്ടക്കാരന്‍ മുഹമ്മദ് ഫാറയുടെയും കുതിപ്പുകള്‍ അത്‌ലറ്റിക് രംഗത്തിന് നവോന്മേഷം പകരുന്നു. ലോകോത്തര പ്രതിഭകള്‍ക്കൊപ്പം രണ്ട് കാലുകളുമില്ലാതെ പൊയ്ക്കാലില്‍ മാറ്റുരച്ച ദക്ഷിണാഫ്രിക്കക്കാരന്‍ ഓസ്‌കര്‍ പിസ്റ്റോറിയസ്സിന്റെ മത്സരതൃഷ്ണയെ ആര്‍ക്കാണ് മറക്കാനാവുക? 

നാലു വര്‍ഷം മുമ്പ് ബെയ്ജിങ്ങില്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടമണിഞ്ഞ ആതിഥേയരായ ചൈനയെ പിന്തള്ളി അമേരിക്ക ഏറ്റവും മികച്ച കായിക രാജ്യമാവുന്നത് ലണ്ടനില്‍ കണ്ടു. 46 സ്വര്‍ണമുള്‍പ്പെടെ നൂറിലേറെ മെഡല്‍ നേടി
യാണ് അമേരിക്ക ഒന്നാംസ്ഥാനം പിടിച്ചെടുത്തത്. ബെയ്ജിങ്ങില്‍ നേടിയ 51 സ്വര്‍ണങ്ങളില്‍ പതിമ്മൂന്നെണ്ണം ചൈനയ്ക്ക് ഇത്തവണ അടിയറവെക്കേണ്ടി വന്നു. എങ്കിലും ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങിയ ഇനങ്ങളില്‍ ഒരു സ്വര്‍ണം പോലും മറ്റാര്‍ക്കും വിട്ടുകൊടുക്കാത്ത ചൈന വ്യക്തമായ പദ്ധതികളോടെയാവും റിയോയിലുമെത്തുക. ഉത്തേജക മരുന്നിന്റെ കറ ലണ്ടന്‍ ഒളിമ്പിക്‌സിനെയും പിടികൂടി. വനിതകളുടെ ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ ബെലാറസിന്റെ നഡേഷ ഒസ്റ്റാപ് ചുക്കാണ് മുപ്പതാം ഒളിമ്പിക്‌സിന്റെ കളങ്കമായത്. സ്പ്രിന്റ് ഇനങ്ങളിലെ ആധിപത്യം വഴി ലോകമെമ്പാടുമുള്ള ആരാധകരെ കൊതിപ്പിച്ച ജമൈക്ക പോലെയുള്ള രാജ്യങ്ങളില്‍ പ്രചോദനമുള്‍ക്കൊണ്ട് നമ്മുടെ രാജ്യം അടുത്ത ഒളിമ്പിക്‌സിന് ഒരുങ്ങുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഒപ്പം ഒരേയൊരു മലയാളി ഒളിമ്പിക് മെഡല്‍ നേട്ടക്കാരന്‍ മാനുവല്‍ ഫ്രെഡറിക്‌സിന്റെ പിന്‍ഗാമിയെ കായികകേരളത്തിന് കിട്ടുമെന്നും സ്വപ്നം കാണാം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: