Pages

Friday, August 10, 2012

വല്ലാര്‍പാടം പദ്ധതി ലക്ഷ്യത്തിലേക്ക്‌


വല്ലാര്‍പാടം പദ്ധതി ലക്ഷ്യത്തിലേക്ക്‌

കബോട്ടാഷ് നിയമവ്യവസ്ഥകളില്‍ ഇളവുവരുത്തുമെന്ന കേന്ദ്ര ഷിപ്പിങ് മന്ത്രി ജി.കെ. വാസന്റെ പ്രഖ്യാപനം, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ കാര്യത്തിലുള്ള ആശങ്കകള്‍ അകറ്റിയിരിക്കുകയാണ്. തദ്ദേശ കപ്പല്‍ വ്യവസായത്തെ സംരക്ഷിക്കുന്നതിനായുള്ള കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകള്‍ ഈ പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒന്നര വര്‍ഷം മുന്‍പ് കമ്മീഷന്‍ ചെയ്ത ടെര്‍മിനലില്‍ പ്രതീക്ഷിച്ച പോലെ കപ്പലുകളോ കണ്ടെയ്‌നറുകളോ കൊണ്ടുവരുവാന്‍ കഴിയുന്നില്ല. ടെര്‍മിനലില്‍ ഇറക്കുമതി ചെയ്യുന്ന കണ്ടെയ്‌നറുകള്‍ ഇന്ത്യയിലെ തന്നെ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതിനോ അവിടെ നിന്നുള്ളവ വല്ലാര്‍പാടത്തേക്ക് കൊണ്ടുവരുന്നതിനോ മതിയായ ചെറുകപ്പലുകള്‍ ഇപ്പോള്‍ ലഭ്യമല്ല. കണ്ടെയ്‌നര്‍ ചരക്കുനീക്കത്തിന് ഇന്ത്യയിലാകെ ഒമ്പത് കപ്പലുകളേയുള്ളു. കബോട്ടാഷ് നിയമമനുസരിച്ച് ഈ കപ്പലുകളില്‍ തന്നെ കണ്ടെയ്‌നര്‍ ചരക്കുകള്‍ കൊണ്ടുപോകണം. വിദേശ കപ്പലുകളെ ആഭ്യന്തര ചരക്കുനീക്കത്തിന് ഉപയോഗിക്കാനാവില്ല.പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്‌നറുകളെങ്കിലും വല്ലാര്‍പാടത്ത് കൈകാര്യം ചെയ്യേണ്ടിവരും. ആഭ്യന്തര സര്‍വീസ് നടത്തുന്ന ഈ ഒമ്പത് കപ്പലുകള്‍ക്ക് മാത്രമായി ഈ മേഖലയില്‍ കാര്യമായൊന്നും ചെയ്യാനാവില്ല. ആഭ്യന്തര കണ്ടെയ്‌നര്‍ ചരക്കുനീക്കത്തിന് വിദേശത്ത് നിന്നുള്ള ചെറുകപ്പലുകള്‍ക്ക് കൂടി അനുവാദം നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 

കബോട്ടാഷില്‍ ഇളവുവരുത്തുന്നതില്‍ പ്രധാനമായും തടസ്സം നിന്നത് ഇന്ത്യയിലെ കപ്പലുടമകളാണ്. ആഭ്യന്തര ചരക്കുനീക്കത്തിന് വിദേശ കപ്പലുകള്‍ കടന്നുവരുന്നത്, തദ്ദേശീയ കപ്പല്‍ വ്യവസായത്തെ ബാധിക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ 12 മേജര്‍ തുറമുഖങ്ങളിലും 185 മൈനര്‍ തുറമുഖങ്ങളിലുമായി പ്രതിവര്‍ഷം 900 ദശലക്ഷം ടണ്‍ ചരക്കുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ 15 ശതമാനം മാത്രമാണ് കണ്ടെയ്‌നര്‍ ചരക്കുകള്‍. വല്ലാര്‍പാടവുമായി ബന്ധപ്പെടുന്ന ചരക്കുകളുടെ അളവ് അതിലും കുറവായിരിക്കും. ഇങ്ങനെ തീരെ പരിമിതമെന്നു കരുതാവുന്ന കണ്ടെയ്‌നര്‍ ചരക്കുകളുടെ കാര്യത്തില്‍ നിയമം ഇളവ് ചെയ്യണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കണ്ടെയ്‌നര്‍ ചരക്കുനീക്ക മേഖലയിലേക്ക് വിദേശ ചെറുകപ്പലുകള്‍ വരുന്നതോടെ കപ്പല്‍ക്കൂലിയില്‍ കാര്യമായ കുറവുവരുമെന്നും ഇന്ത്യന്‍ വ്യവസായ ലോകം പ്രതീക്ഷിക്കുന്നു. ഇത് ഉത്പന്നങ്ങളുടെ വില കുറയാനിടയാക്കും. ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണിയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാകും. വ്യവസായ ലോകത്തിന് മത്സരങ്ങളെ നേരിടാനും കഴിയും. ഇന്ത്യന്‍ കപ്പലുടമകളുടെ ആശങ്ക ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ ഇടപെടലുണ്ടാകണം. നികുതിഭാരം കൂടുതലാണെന്ന് കപ്പലുടമകള്‍ പരാതിപ്പെടുന്നു. 13 ഇനം നികുതികളാണ് ഇന്ത്യന്‍ കപ്പലുകള്‍ക്കുള്ളത്. വിദേശ കപ്പല്‍ കമ്പനികളുമായി മത്സരിക്കുന്നതിന് ഇത് തടസ്സമാകുന്നതായാണ് പരാതി. കപ്പലുടമാ സംഘവുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് ഷിപ്പിങ് മന്ത്രി പറഞ്ഞിട്ടുണ്ട്.
 

കബോട്ടാഷ് നിയമം എല്ലാ രാജ്യത്തും നിലവിലുള്ളതാണ്. പരിമിതമായ കാലത്തേക്ക് ഇളവുകള്‍ നല്‍കിയാണ് മിക്ക രാജ്യങ്ങളും പ്രതിസന്ധികളെ നേരിടുന്നത്. ഇന്ത്യന്‍ വ്യവസായ മേഖല കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റിനായി ഇപ്പോള്‍ ആശ്രയിക്കുന്നത് കൊളംബോ, സലാല, ദുബായ്, സിങ്കപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളെയാണ്. തടസ്സങ്ങള്‍ നീങ്ങുന്നതോടെ ഇന്ത്യന്‍ കണ്ടെയ്‌നര്‍ ചരക്കുകളില്‍ ഭൂരിഭാഗവും വല്ലാര്‍പാടത്തേക്ക് വരും. ചെലവുകള്‍ കുറയുമെന്ന് മാത്രമല്ല, വല്ലാര്‍പാടം വഴി ചരക്ക് നീക്കുമ്പോള്‍ സമയലാഭവുമുണ്ടാകും. ഇത് വ്യവസായ ലോകത്തിന് ഉണര്‍വേകും. കൊച്ചി തുറമുഖം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വല്ലാര്‍പാടം പദ്ധതിയില്‍ നിന്നുള്ള വരുമാനം കൂടുന്നതനുസരിച്ചാണ് കൊച്ചിയുടെ നിലനില്പ്. മാറിയ സാഹചര്യത്തില്‍, വല്ലാര്‍പാടത്തു നിന്ന് കൂടുതല്‍ വരുമാനം കൊച്ചി തുറമുഖത്തിന് ലഭിക്കും. കബോട്ടാഷില്‍ ഇളവു ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാറും തൊഴിലാളി സംഘടനകളും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും ജനപ്രതിനിധികളും ഒറ്റക്കെട്ടായി ശ്രമിച്ചതിനെത്തുടര്‍ന്നാണ് കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടായത്. പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നതിലും ഈ കൂട്ടായ്മ ഉണ്ടാകണം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: