Pages

Tuesday, July 10, 2012


കുവൈത്തില്‍ ഗതാഗത നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തും

രാജ്യത്ത് നിലവിലുള്ള നിയമം ലംഘിക്കുന്ന വിദേശികളെ നാട് കടത്തുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നു. അതിനായി 'അഡ്മിനിസ്‌ട്രേറ്റിവ് ഡീപോര്‍ട്ടേഷന്‍ നിയമം' നടപ്പാക്കും. വാഹനം ഓടിക്കുമ്പോള്‍ 'റെഡ് ട്രാഫിക് ലൈറ്റ്' മറി കടക്കുന്നവരെയും രാജ്യത്തെ സര്‍വീസ് ചാര്‍ജുകള്‍ അടയ്ക്കാത്തവരെയും കര്‍ശന ശിക്ഷാ നടപടികള്‍ക്ക് ശേഷം നാടുകടത്തുമെന്ന് സര്‍ക്കാര്‍ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി. കര്‍ശനമായ നടപടി പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് വിദഗ്ധ ഉന്നതതല സമിതിക്ക് രൂപം നല്‍കിയതായും പ്രസ്തുത സമിതിയുടെ നിര്‍ദേശപ്രകാരം കുറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുന്നതിന് സമിതി നിര്‍ദേശിക്കുമെന്നും വക്താവ് വിശദീകരിച്ചു. ആരോഗ്യം, നിയമം, മുനിസിപ്പാലിറ്റി, തൊഴില്‍, ഗതാഗതം തുടങ്ങിയ സര്‍ക്കാര്‍ വകുപ്പു നിയമങ്ങള്‍ ലംഘിക്കുന്ന വിദേശികളെ കണ്ടെത്തി എത്രയും വേഗം ശിക്ഷാനടപടികള്‍ പൂര്‍ത്തിയാക്കി നാട് കടത്തുന്നതിനാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. 
കഴിഞ്ഞവാരം കുവൈത്തില്‍ വാഹനാപകടത്തില്‍പ്പെട്ടവരില്‍ 11 പേര്‍ മരിച്ചു. ഇവരില്‍ 8 പേര്‍ വിദേശികളും 3 പേര്‍ സ്വദേശികളുമാണ് മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതിവേഗം, ചുവപ്പ് സിഗ്‌നല്‍ മറികടക്കുക, വഴിയോരങ്ങളില്‍ അലക്ഷ്യമായി വാഹനങ്ങള്‍ നിര്‍ത്തിയിടുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍പ്പെട്ട നിരവധി വാഹനങ്ങള്‍ കണ്ടെത്തുകയും ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പതിനായിരത്തോളം പേര്‍ക്കാണ് ഗതാഗതവകുപ്പ് നടത്തിയ നിരീക്ഷണത്തെത്തുടര്‍ന്ന് നോട്ടീസ് നല്‍കാനിടയായത്. നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: