Pages

Friday, July 27, 2012

തീവണ്ടിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം


തീവണ്ടിയില്‍ സ്ത്രീകള്‍ക്ക്
 സുരക്ഷ ഉറപ്പാക്കണം

       തീവണ്ടിയാത്രയ്ക്കിടയില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത് സാധാരണമായിട്ടും അത്തരം സംഭവങ്ങളെ ഗൗരവമായിക്കണ്ട് നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. യാത്രക്കാര്‍ക്കു മാത്രമല്ല, സമൂഹത്തിനാകെ ആശങ്കയുണ്ടാക്കുന്നതാണ് ഈ സ്ഥിതിവിശേഷം. ഈയിടെ മൈസൂരില്‍ പീഡനശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ നാലംഗഅക്രമിസംഘം തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു. വെള്ളമില്ലാത്ത പുഴയിലേക്ക് വീണു പരിക്കേറ്റ അവര്‍ ചികിത്സയിലാണ്. കേരളത്തിലും തീവണ്ടികളില്‍ അടുത്തകാലത്ത് പീഡനങ്ങളും പീഡനശ്രമങ്ങളും ഉണ്ടായി. പട്ടാപ്പകല്‍ മറ്റു യാത്രക്കാരുടെ മുന്നില്‍വെച്ചുതന്നെ സ്ത്രീകളെ അപമാനിക്കാന്‍ അക്രമികള്‍ മുതിരാറുണ്ട്. മനോരോഗികളും സ്ഥിരം കുറ്റവാളികളും മാത്രമല്ല, സ്ത്രീകളുടെ സംരക്ഷണത്തിന് ചുമതലപ്പെട്ട റെയില്‍വേ ഉദ്യോഗസ്ഥര്‍ പോലും ചിലപ്പോള്‍ പീഡകരാകുന്നു. തീവണ്ടിയാത്ര സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷിതമല്ലെന്ന് കരുതാനിടയാക്കുന്നതാണ് ഇവയെല്ലാം.

ജോലികഴിഞ്ഞ് തീവണ്ടിയില്‍ മടങ്ങുകയായിരുന്ന സൗമ്യ എന്ന പെണ്‍കുട്ടിക്കുണ്ടായ ദുരന്തം, സുരക്ഷാകാര്യങ്ങളിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ അധികൃതര്‍ക്ക് പ്രേരകമാകുമെന്ന് പൊതുവേ കരുതപ്പെട്ടിരുന്നു. എന്നാല്‍, അന്ന് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വാഗ്ദാനങ്ങളില്‍ പലതും പാലിക്കപ്പെട്ടില്ല. തീവണ്ടികളില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്ന റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനംകൊണ്ടും ഫലം ഉണ്ടായില്ല. യാത്രക്കാരില്‍ നിന്നോ കുറ്റവാളികളില്‍ നിന്നോ ഉണ്ടാകുന്ന പീഡനശ്രമങ്ങള്‍ ഒരു പരിധിവരെയെങ്കിലും തടയാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ കഴിയും. എന്നാല്‍, ചില ടിക്കറ്റ് പരിശോധകര്‍ നടത്തിയ അതിക്രമങ്ങള്‍ സ്ത്രീകളുടെ ഭീതി വര്‍ധിപ്പിക്കുന്നു. ഇന്ത്യന്‍ റെയില്‍വേക്ക് അപമാനമുണ്ടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകണം. ദൗര്‍ഭാഗ്യവശാല്‍, അവരോട് റെയില്‍വേയിലെ ഉന്നതാധികൃതര്‍ മൃദുസമീപനം പുലര്‍ത്തുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് രണ്ട് ടി.ടി.ഇ.മാരെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. താമസിയാതെ ഇവരെ തിരിച്ചെടുത്തു. ഇത്തരം നടപടികളെ നീതിപീഠം നിശിതമായി വിമര്‍ശിക്കുകയുണ്ടായി. സ്ത്രീകളോട് മോശമായി പെരുമാറുന്ന റെയില്‍വേ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ഒരു ദാക്ഷിണ്യവും പാടില്ല.സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍ പലപ്പോഴും സഹയാത്രികര്‍ അവരുടെ രക്ഷയ്‌ക്കെത്താത്തതും അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നുണ്ട്. അതിക്രമങ്ങളുണ്ടായാല്‍ കണ്ടില്ലെന്നു നടിക്കുകയും സഹായം അഭ്യര്‍ഥിച്ചാല്‍ ഒഴിഞ്ഞുമാറുകയും ചെയ്യുന്നവരാണ് പലരും.
 

മൈസൂരില്‍ തിരക്കുള്ള തീവണ്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അക്രമികള്‍ ശ്രമം നടത്തിയിട്ടും സഹയാത്രികരില്‍ ഒരാള്‍പോലും പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ നിസ്സംഗത അപലപനീയവും ആപത്കരവുമാണ്. ഒഴിവാക്കാന്‍ കഴിയുന്ന അതിക്രമങ്ങളുടെ കാര്യത്തില്‍പ്പോലും യാത്രക്കാര്‍ അനങ്ങാതിരുന്നാല്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയേ ഉള്ളൂ.പീഡനങ്ങളും പീഡനശ്രമങ്ങളും തുടരുന്ന സാഹചര്യത്തില്‍ റെയില്‍വേയും സംസ്ഥാന അധികൃതരും ചേര്‍ന്ന് സുരക്ഷാ സംവിധാനങ്ങളും നടപടികളും കുറ്റമറ്റതാക്കിയേ മതിയാകൂ. യാത്രക്കാര്‍ക്ക്, വിശേഷിച്ച് സ്ത്രീകള്‍ക്ക്, തീവണ്ടികളിലും സ്റ്റേഷനുകളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയണം. പല തീവണ്ടികളിലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ല. വേണമെന്നുവെച്ചാല്‍ ഈ പോരായ്മ റെയില്‍വേക്ക് അതിവേഗം പരിഹരിക്കാവുന്നതേയുള്ളൂ. അതിക്രമങ്ങളുണ്ടായാല്‍ യാത്രക്കാര്‍ക്ക് അധികൃതരെ ഉടന്‍ വിവരം അറിയിക്കാനുള്ള സംവിധാനവും എല്ലാ കമ്പാര്‍ട്ടുമെന്റുകളിലും അനിവാര്യമാണ്. അത്യാധുനികസംവിധാനങ്ങളും ചുമതലാബോധമുള്ള ഉദ്യോഗസ്ഥരും അടങ്ങുന്നതും സദാ പ്രവര്‍ത്തനക്ഷമതയുള്ളതുമായ സുരക്ഷാ വിഭാഗമാണ് റെയില്‍വേയില്‍ വേണ്ടത്. വിദഗ്ധരുടെ സഹായത്തോടെ അത് യാഥാര്‍ഥ്യമാക്കാന്‍ ഒട്ടും വൈകിക്കൂടാ. യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്വന്തംനിലയ്ക്ക് ചെയ്യേണ്ടതെല്ലാം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറും ശ്രദ്ധിക്കണം.
                                            പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 


No comments: