Pages

Tuesday, July 17, 2012

തൊഴില്‍പരിശീലനംവിപുലമാക്കണം


തൊഴില്‍പരിശീലനംവിപുലമാക്കണം
 തൊഴിലധിഷ്ഠിതവിദ്യാഭ്യാസത്തിന് പ്രസക്തി വര്‍ധിച്ച സാഹചര്യത്തില്‍ ഈ രംഗത്ത് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ അടുത്തകാലത്തായി അധികൃതര്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള പദ്ധതികള്‍ സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കൂടുതല്‍ വിപുലമാക്കിയാല്‍ ഒട്ടേറെപ്പേര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. വിദ്യാഭ്യാസകാലഘട്ടം കഴിയുന്നതിനൊപ്പംതന്നെ തൊഴിലിന് യോഗ്യരാക്കുംവിധം നൈപുണ്യ വിദ്യാഭ്യാസപദ്ധതി നടപ്പാക്കാനുള്ള തീരുമാനം ഈ വഴിക്കുള്ള കൂടുതല്‍ ശ്രദ്ധേയമായ മറ്റൊരു ചുവടുവെപ്പാണ്. ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. എന്നിവയിലും ബി.എ., ബി.എസ്‌സി, ബി.കോം തുടങ്ങിയ ബിരുദതലങ്ങളിലുമാണ് ഈ പദ്ധതി നടപ്പാക്കുക. ഒട്ടേറെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസകോഴ്‌സുകള്‍ നിലവിലുണ്ടെങ്കിലും സ്‌കൂള്‍, കോളേജ് തലങ്ങളില്‍ പഠിച്ചിറങ്ങുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും ഒരുതരത്തിലുള്ള തൊഴില്‍പരിശീലനവും ലഭിക്കുന്നില്ല. ഇവരില്‍ ഉന്നതപഠനത്തിന് ആഗ്രഹമില്ലാത്തവരും അവസരം ലഭിക്കാത്തവരുമെല്ലാം തൊഴില്‍ തേടുക സ്വാഭാവികമാണ്. എന്നാല്‍ തൊഴില്‍വൈദഗ്ധ്യം ഇല്ലാത്തത് ഇക്കൂട്ടര്‍ക്ക് ജോലിസാധ്യത കുറയ്ക്കുന്നു. സാധാരണ ജോലികള്‍ക്കപ്പുറം മറ്റൊന്നും ചെയ്യാനറിയാത്ത തൊഴില്‍രഹിരുടെ എണ്ണം വര്‍ധിച്ചുവരുമെന്നതാണ് ഇതിന്റെ ആത്യന്തികഫലം. തൊഴില്‍പരിശീലനം കൂടുതല്‍ വ്യാപകമാക്കുന്നത് ഈ സ്ഥിതിവിശേഷത്തിന് കുറച്ചെങ്കിലും മാറ്റമുണ്ടാക്കും.
മൂന്നു ലക്ഷത്തിലേറെ കുട്ടികള്‍ക്ക് പന്ത്രണ്ടാംപദ്ധതിക്കാലത്ത് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നൈപുണ്യപദ്ധതി. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും പിന്നീട് എയ്ഡഡ് മേഖലയിലും തൊഴില്‍പരിശീലനം നല്‍കും. സ്‌കൂള്‍തലത്തില്‍ ഒരു കുട്ടിക്ക് 10,000 രൂപ ഇതിന് ചെലവ് വരുമെന്നു കണക്കാക്കപ്പെടുന്നു. സ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, വി.എച്ച്.എസ്.ഇ. എന്നിവിടങ്ങളിലാണ് പരിശീലനം നല്‍കുക. സര്‍വകലാശാലാതലത്തില്‍, ബിരുദത്തോടൊപ്പം, തൊഴില്‍നൈപുണ്യ കോഴ്‌സ് പഠിച്ചതിന് മറ്റൊരു ബിരുദവും ലഭിക്കും.വിദ്യാഭ്യാസമേഖലയില്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളില്‍ പലതും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാറില്ലെന്നത് ഖേദകരമായ വസ്തുതയാണ്. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ പരിഗണിക്കാതെയും സമഗ്രമായ പഠനങ്ങള്‍ നടത്താതെയും പദ്ധതികളും പരിഷ്‌കാരങ്ങളും കൊണ്ടുവരുന്നതാണ് ഈ സ്ഥിതിവിശേഷത്തിനുള്ള പ്രധാനകാരണം. പഠനപരിഷ്‌കാരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളും നമ്മുടെ വിദ്യാഭ്യാസമേഖലയെ പലതരത്തില്‍ ബാധിക്കാറുണ്ട്. ഇതിനെച്ചൊല്ലി വ്യവഹാരങ്ങള്‍ അനിശ്ചിതമായി നീളുന്നതും ഇവിടെ സാധാരണമാണ്. പരിഷ്‌കാരങ്ങളെയും പദ്ധതികളെയും കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തശേഷം അവ നടപ്പിലാക്കിയാല്‍ തര്‍ക്കങ്ങളും മറ്റും ഒഴിവാക്കാന്‍ കഴിയും. നൈ പുണ്യകോഴ്‌സുകളുടെ കാര്യത്തിലും ഈ സമീപനമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇവിടത്തെ തൊഴില്‍മേഖലയിലെ സാഹചര്യങ്ങള്‍, സാധ്യതകള്‍, വിദ്യാര്‍ഥികളുടെ അഭിരുചി തുടങ്ങിയവ കണക്കിലെടുത്തുള്ളതാവണം തൊഴില്‍പരിശീലനം. അത് മികച്ച നിലയില്‍ത്തന്നെ നല്‍കാനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും അധികൃതര്‍ക്ക് കഴിയണം. ജോലിസാധ്യത വര്‍ധിപ്പിക്കുന്നതിനു മാത്രമല്ല, സ്വയംതൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടുന്നതിനും ഇത്തരം പരിശീലനം സഹായകമാകും. തൊഴിലില്ലായ്മ പ്രശ്‌നമായി തുടരുന്ന സാഹചര്യത്തില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ തൊഴില്‍പരിശീലനം വ്യാപകമാക്കിയാല്‍ കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയും. വിദ്യാര്‍ഥികളില്‍ ശുഭപ്രതീക്ഷയും ആത്മവിശ്വാസവും വളര്‍ത്താന്‍ ഉതകുമെന്നതാണ് തൊഴില്‍പരിശീലനത്തിന്റെ മറ്റൊരു നേട്ടം.

പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: