കൊള്ളപ്പലിശയ്ക്ക് പണം
കടംകൊടുക്കല്‍ നിയമവാഴ്ചയ്ക്കുപോലും വെല്ലുവിളിയാകുന്നു.
അമിതപലിശയ്ക്ക്
പണം കടംകൊടുക്കുന്നത് നിരോധിക്കാനുള്ള സര്‍ക്കാറിന്റെ നീക്കം ഈ രംഗത്തെ ആപത്കരമായ
സ്ഥിതിവിശേഷത്തിന് ഒരുപരിധിവരെയെങ്കിലും മാറ്റമുണ്ടാക്കുമെന്നാശിക്കാം. 2012-ലെ കേരള
അമിത പലിശ ഈടാക്കല്‍ നിരോധനബില്‍ ഓര്‍ഡിനന്‍സിലൂടെ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ്
ധനവകുപ്പിന്റെ തീരുമാനം എന്നറിയുന്നു. കൊള്ളപ്പലിശയ്ക്ക് പണം കടംകൊടുക്കല്‍, കേരളത്തില്‍ ഗ്രാമ, നഗര വ്യത്യാസമില്ലാതെ
തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ്സാണ്. വ്യക്തികളും ചെറുകിട, വന്‍കിടസ്ഥാപനങ്ങളുമെല്ലാം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ലൈസന്‍സ്
നേടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ത്തന്നെ, പലതും
വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പലിശയും മറ്റും ഈടാക്കാറുണ്ട്. പണത്തിന്
അത്യാവശ്യമുള്ളവരെ പരമാവധി ചൂഷണം ചെയ്യാന്‍ ഇത്തരം ഇടപാടുകാര്‍ മടിക്കാറില്ല. അവരെ
സമീപിക്കുന്നവരില്‍ പലര്‍ക്കും പിന്നീടൊരിക്കലും കടക്കെണിയില്‍നിന്ന് മോചിതരാകാന്‍
കഴിയാത്ത അവസ്ഥയും ചിലപ്പോള്‍ ഉണ്ടാകും. അമിതപലിശയ്ക്ക് പണം കടംകൊടുക്കുന്നവരും
അവരുടെ ഏജന്റുമാരും പണം തിരിച്ചുപിടിക്കാന്‍ നിയോഗിക്കപ്പെടുന്നവരുമടങ്ങുന്ന
കൂട്ടുകെട്ട് പലപ്പോഴും നിയമവാഴ്ചയ്ക്കുപോലും വെല്ലുവിളിയാകുന്നു. ഇവയെല്ലാം ഈ
രംഗത്ത് ചില നിയന്ത്രണങ്ങള്‍ അനിവാര്യമാക്കുന്നുണ്ട്.
വാണിജ്യബാങ്കുകള്‍ ഈടാക്കുന്ന പരമാവധി പലിശയുടെ രണ്ട്
ശതമാനത്തിലധികം കടംകൊടുപ്പുകാര്‍ ഈടാക്കാന്‍ പാടില്ലെന്നതടക്കമുള്ള വ്യവസ്ഥകള്‍
സ്വകാര്യ പണമിടപാടുകാര്‍ പരക്കെ ലംഘിക്കുന്നു. മറ്റുവഴിയില്ലാതെ ഇത്തരക്കാരില്‍
നിന്ന് വായ്പയെടുത്തവരില്‍ പലരും പിന്നീടുണ്ടാകുന്ന ചൂഷണങ്ങള്‍ സഹിക്കാന്‍ നിര്‍ബദ്ധരാകും.
അമിതപലിശ നിരോധിക്കാന്‍ കാര്യക്ഷമമായ സംവിധാനമില്ലാത്തതിനാല്‍, പരാതിപ്പെട്ടാലും പലപ്പോഴും ഫലമുണ്ടാകാറുമില്ല. ഈ സാഹചര്യത്തില്‍, നിര്‍ദിഷ്ടനിയമത്തിന് പ്രസക്തിയേറുന്നു.1958-ലെ പണം
കടംകൊടുപ്പുകാര്‍ നിയമത്തില്‍ പറയുന്നതില്‍ക്കൂടുതല്‍ പലിശ ഈടാക്കിയാല്‍, പുതിയ നിയമപ്രകാരം അത് അമിതപലിശയായി കണക്കാക്കും. ഇങ്ങനെ പലിശ
ഈടാക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അമിതപലിശ ഈടാക്കുന്നതിനെക്കുറിച്ച്
കടക്കാര്‍ക്ക് കോടതിയില്‍ ഹര്‍ജി നല്‍കാം. തിരിച്ചുകൊടുക്കാനുള്ള പണം
നിയമപ്രകാരമുള്ള പലിശസഹിതം കോടതിയില്‍ കെട്ടിവെക്കാന്‍,
കടക്കാര്‍ക്ക് അതുവഴി അവസരം ലഭിക്കുമെന്നത് ആശ്വാസകരമാണ്. കൂടുതല്‍ പലിശ കടക്കാരന്‍
ഇതിനകം നല്‍കിയിട്ടുണ്ടെങ്കില്‍ അത് വായ്പത്തുകയില്‍ വകകൊള്ളിക്കാനും കോടതിക്ക്
അധികാരമുണ്ടായിരിക്കും. പണത്തിനു പകരമായി വായ്പക്കാര്‍ പിടിച്ചെടുത്ത സ്ഥാവര,
ജംഗമവസ്തുക്കള്‍ തിരിച്ചുകൊടുക്കാനും കോടതികള്‍ക്ക് വിധിക്കാം. കടമെടുക്കുന്നവര്‍ക്ക്
സഹായകമാകുന്ന നിര്‍ദിഷ്ടനിയമം എത്രമാത്രം ഫലപ്രദമായി നടപ്പാക്കാനാവുമെന്ന്
അറിയാനിരിക്കുന്നതേയുള്ളൂ. പണം കടംകൊടുക്കുന്ന സ്ഥാപനങ്ങളില്‍ പലതും പലിശ
സംബന്ധിച്ചുള്ള രേഖകള്‍ നല്‍കുന്നുണ്ടാവില്ല. രേഖകളില്ലാതെതന്നെ പണം
കടംകൊടുക്കുകയും മുടക്കംവന്നാല്‍, ഭീഷണിയിലൂടെ തിരിച്ചുപിടിക്കുകയും
ചെയ്യുന്ന വിഭാഗക്കാരും ഈ രംഗത്തുണ്ട്. ചൂഷണം ചെയ്യപ്പെടുന്നവരില്‍ത്തന്നെ പലരും
നിയമനടപടികള്‍ക്കു മുതിരില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. അധികൃതര്‍ ഇച്ഛാശക്തിയോടെ
നടപടികള്‍ സ്വീകരിച്ചാല്‍, സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍
വ്യവസ്ഥാനുസൃതമാണ്പ്രവര്‍ത്തിക്കുന്നതെന്നുറപ്പുവരുത്താന്‍ കഴിയും. ചില
സ്വകാര്യപണമിടപാടുകാര്‍ വായ്പ തിരിച്ചുപിടിക്കാന്‍ നടത്തുന്ന അക്രമങ്ങള്‍
കേരളത്തില്‍ സാമൂഹികവിപത്തായി വളര്‍ന്നിട്ടുണ്ട്. കടം വാങ്ങിയവര്‍ക്കെതിരെ
നിയമാനുസൃതമായേ നടപടിയെടുക്കാവൂ എന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും നിര്‍ദേശിച്ചിരുന്നു.
വാഹനവായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുന്നവരുടെ വാഹനങ്ങള്‍
തിരിച്ചുപിടിക്കാന്‍ ധനകാര്യസ്ഥാപനങ്ങള്‍ ഗുണ്ടകളെ നിയോഗിക്കുന്നത്
നിയമവാഴ്ചയ്ക്ക് എതിരാണെന്നും ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. അതിന്
ആരെയെങ്കിലും അനുവദിച്ചാല്‍ അത് 'ക്രൈം സിന്‍ഡിക്കേറ്റി'നെ വളര്‍ത്തലാവുമെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. വായ്പത്തുക
തിരിച്ചുപിടിക്കാന്‍ ചില വന്‍ബാങ്കുകള്‍പോലും തെറ്റായവഴി സ്വീകരിക്കുന്നതായി
ആക്ഷേപമുണ്ട്. നിയമവിരുദ്ധമായ നടപടികള്‍ ഈ രംഗത്ത്, ആരില്‍
നിന്ന് ഉണ്ടായാലും തടയുകതന്നെ വേണം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment