Pages

Sunday, July 8, 2012

സ്‌കൂളുകളിലും കോളേജുകളിലും പഠനനിലവാരം കുറഞ്ഞുവരുന്നു


സ്‌കൂളുകളിലും കോളേജുകളിലും പഠനനിലവാരം കുറഞ്ഞുവരുന്നു
 സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും പഠനനിലവാരം കുറഞ്ഞുവരുന്നതായി പരാതി വ്യാപകമാണ്. സ്‌കൂള്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയിറങ്ങുന്നവരില്‍ പലര്‍ക്കും തെറ്റുകൂടാതെ മലയാളം പോലും എഴുതാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗണിതമുള്‍പ്പെടെ ശാസ്ത്രവിഷയങ്ങളിലെ അറിവിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. സ്‌കൂളിലെ വിജയശതമാനം കൂട്ടാന്‍ വന്‍തോതില്‍ മാര്‍ക്ക് മോഡറേഷന്‍ നല്‍കുന്ന രീതി ആരംഭിച്ചിട്ട് ദശാബ്ദങ്ങളായി. ഇതാണ് വിദ്യാഭ്യാസ നിലവാരം താഴാന്‍ പ്രധാനകാരണമെന്നാണ് വിദ്യാഭ്യാസരംഗത്തെ ഈ അവസ്ഥയെക്കുറിച്ച് വേവ ലാതിപ്പെടുന്ന അധ്യാപകരുടെ വിലയിരുത്തല്‍. ഈ ദുരവസ്ഥ ഉന്നതവിദ്യാഭ്യാസമേഖലയിലേക്കും പടരുക യാണെന്ന ആശങ്കയുണര്‍ത്തുന്നതാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ മോഡറേഷന്‍ തീരുമാനം. ബി. ടെക്. കോഴ്‌സില്‍ ഒരു വിഷയത്തില്‍ തോല്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 20 മാര്‍ക്ക് വരെ നല്‍കി വിജയിപ്പിക്കാനാണ് സര്‍വകലാശാലയിലെ അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം. ഇതിനായി നൂറോളം അപേക്ഷകള്‍ കിട്ടിയെന്നും അതില്‍ 80 പേര്‍ക്ക് മാര്‍ക്ക് കൂട്ടിനല്‍കി വിജയിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. വിജയശതമാനം കുറഞ്ഞ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളെ തുടരാനനുവദിക്കുന്ന തിന് ന്യായീകരണമില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ വെളിച്ചത്തില്‍ വേണം ഇതിനെ കാണാന്‍. വിജയശതമാനം കൂട്ടാന്‍ മോഡ റേഷന്‍പോലുള്ള കുറുക്കുവഴികള്‍ ആശാസ്യമല്ല. വിദ്യാഭ്യാസത്തിന്റെ മൂല്യത്തില്‍ വിശ്വസിക്കുന്നവരെ അസ്വസ്ഥരാക്കുന്നതാണ് ഈ നടപടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ മുമ്പും മാര്‍ക്ക്ദാനം ഏറേ വിവാദ മായതാണ്. 

അക്കാദമിക് കൗണ്‍സിലാണ് ഇത്തരത്തില്‍ മാര്‍ക്ക് വെറുതെ നല്‍കാനുള്ള തീരുമാനമെടുത്തിട്ടുള്ളത്. രാഷ്ട്രീയക്കാരുടെ സമിതിയല്ല, മറിച്ച് അധ്യാപകരുള്‍പ്പെട്ടതാണ് അക്കാദമിക് കൗണ്‍സില്‍. ഈ സമിതിയില്‍ നിന്നാണ് ഇത്തരമൊരു തീരുമാനമുണ്ടായത് എന്നത് ഞെട്ടിക്കുന്നതാണ്. വിദ്യാര്‍ഥികളെ സമൂഹത്തിന് ഉപകരിക്കുന്ന സാങ്കേതിക വിദഗ്ധരാക്കുന്നതിനുള്ളതാണ് പ്രൊഫഷണല്‍ ബിരുദം. എന്‍ജിനീയറിങ് കോളേജു കളിലെ പഠനനിലവാരം ഉയര്‍ത്തിയാണ് വിദ്യാ ര്‍ഥികളെ ബിരുദധാരികളും സാമൂഹിക നിര്‍മിതിക്ക് ഉതകുന്നവരുമാക്കേണ്ടത്. വെറുതെ മാര്‍ക്ക് നല്‍കി ബിരുദം നേടിക്കൊടുക്കുന്നത് മികവുറ്റ സാങ്കേതികവിദഗ്ധരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തിന് വിരുദ്ധമാകും. സാങ്കേതിക ബിരുദധാരികളുടെ എണ്ണത്തിലല്ല അവരുടെ മികവിലാണ് നമുക്ക് ഊറ്റം കൊള്ളാനാവുക. പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ട അക്കാദമിക് സമിതിയാണ് വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനുള്ള നടപടിയെടുക്കുന്നതിനു പകരം ഇത്തരം എളുപ്പവഴികള്‍ തേടുന്നത് എന്നത് കൂടുതല്‍ ഖേദകരമാണ്. അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലെന്ന അപകര്‍ഷബോധം കുട്ടികളില്‍ ഉണ്ടാകാതിരിക്കാനാണ് സ്‌കൂള്‍തലത്തിലെ മോഡറേഷന്‍ എന്ന് കരുതാം. എന്നാല്‍, പ്രൊഫഷണല്‍ പഠനരംഗത്തും ഇത്തരത്തില്‍ മാര്‍ക്ക് വെറുതെ നല്‍കി കുട്ടികളെ വിജയിപ്പിക്കുന്നത് സമൂഹത്തിന് തന്നെ വലിയ ദോഷം ചെയ്യും.
 

യോഗ്യതയുള്ള അധ്യാപകരെ നിയോഗിച്ചും അടിസ്ഥാനസൗകര്യം വര്‍ധിപ്പിച്ചും പഠനനിലവാരം ഉ യര്‍ത്താനാണ് സര്‍ക്കാറും സര്‍വകലാശാലകളും ശ്രമിക്കേണ്ടത്. എന്‍ജിനീയറിങ്, എം.ബി.ബി.എസ്. തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കേണ്ടത് സങ്കീര്‍ണമായ വിഷയങ്ങളാണ്. അതുകൊണ്ടാണ് ഇത്തരം കോഴ്‌സുകളിലെ പ്രവേശനത്തിന് പ്രത്യേക പരീക്ഷവെക്കുന്നതും അതിലെ ഉയര്‍ന്ന മാര്‍ക്ക് മാനദ ണ്ഡമാക്കു ന്നതും. എന്നാല്‍, സ്വാശ്രയമേഖലയില്‍ പല കോളേജുകളും ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ മാനേജ്‌മെന്റ് സീറ്റിലും എന്‍. ആര്‍. ഐ. സീറ്റിലും പ്രവേശനം നല്‍കുന്നുവെന്ന് പരാതിയുണ്ട്. പല സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലും പഠനത്തിന് ചേരുന്നവരില്‍ 80 ശതമാനം വരെ പേര്‍ തോല്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിലവാരമില്ലാത്ത കോളേജുകള്‍ പൂട്ടണമെന്ന് നിര്‍ദേശിച്ചത്. വിജയശതമാനം ഇത്തരത്തില്‍ താഴുന്നത് വിദ്യാര്‍ഥികള്‍ക്കു തന്നെ ദോഷം ചെയ്യുമെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കോടതിയുടെ മുന്നറിയിപ്പിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് ബി. ടെക്കിന് മോഡറേഷന്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍വകലാശാല പിന്മാറണം.
 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: