Pages

Wednesday, June 13, 2012

MALAYALI TEMPLE IN FARIDABAD


മലയാളിക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമം;
ഫരീദാബാദില്‍ രണ്ടുമാസത്തിനിടെ മൂന്നാമത്തെ സംഭവം


ഫരീദാബാദ് സെക്ടര്‍ 23 അയ്യപ്പക്ഷേത്രത്തില്‍ പട്ടാപ്പകല്‍ കവര്‍ച്ചാ ശ്രമം. എന്നാല്‍, ക്ഷേത്ര ജീവനക്കാര്‍ തക്ക സമയത്ത് ഇടപെട്ടതിനെത്തുടര്‍ന്ന് മോഷ്ടാക്കളിലൊരാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു.ഫരീദാബാദില്‍ രണ്ടുമാസത്തിനിടെ മോഷ്ടാക്കള്‍ ലക്ഷ്യംവെക്കുന്ന മൂന്നാമത്തെ മലയാളി ക്ഷേത്രമാണിത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. ക്ഷേത്രമതില്‍ ചാടിക്കടന്നെത്തിയ രണ്ടുപേര്‍ ശിവപ്രതിഷ്ഠയ്ക്കു മുന്നിലെ മണി അറുത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ക്ഷേത്ര ജീവനക്കാരന്‍ ഗജേന്ദറാണ് മറ്റുള്ളവരെ വിളിച്ചുകൂട്ടി മോഷ്ടാക്കളെ നേരിട്ടത്. ഒരാള്‍ പിടിയിലായെങ്കിലും രണ്ടാമത്തെയാള്‍ രക്ഷപ്പെട്ടു. ക്ഷേത്രത്തിലെ ഏറ്റവും വലിയ മണികളിലൊന്നാണ് അറുത്തെടുക്കാന്‍ ശ്രമം നടന്നതെന്ന് പ്രസിഡന്റ് ഗോപകുമാര്‍ പറഞ്ഞു.

ഫരീദാബാദ് മേഖലയില്‍ മലയാളി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ചകള്‍ തുടര്‍ക്കഥയാവുമ്പോള്‍ പോലീസ് നിഷ്‌ക്രിയമാണെന്ന് വ്യാപക ആരോപണമുണ്ട്. മുമ്പ് നടന്ന രണ്ട് ക്ഷേത്രക്കവര്‍ച്ചകളിലും തെളിവുകള്‍ നല്‍കിയിട്ടുകൂടി പോലീസിന് ഒന്നും ചെയ്യാനായില്ല. ഏപ്രിലില്‍ സെക്ടര്‍ മൂന്നിലെ ക്ഷേത്രത്തിലും മെയ് അവസാനം സെക്ടര്‍ 31 ശ്രീകൃഷ്ണ നവഗ്രഹ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. സെക്ടര്‍ 31 ക്ഷേത്രത്തില്‍ മോഷണം നടത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. ഈ രണ്ടു മോഷണങ്ങളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സെക്ടര്‍ മൂന്നിലെ ക്ഷേത്രത്തില്‍ നിന്ന് ഏപ്രിലില്‍ വിളക്കുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷണം പോയിരുന്നു. സെക്ടര്‍ 31-ലെ ക്ഷേത്രത്തില്‍ നിന്ന് അയ്യപ്പ വിഗ്രഹത്തിന്റെയും ഹനുമാന്‍ വിഗ്രഹത്തിന്റെയും വെങ്കല പ്രഭാവലയം, ക്ഷേത്രത്തിലെ പണമുള്ള ഭണ്ഡാരങ്ങള്‍, 15, 000 രൂപ വീതം വിലയുള്ള ഓടു കൊണ്ടുള്ള രണ്ടു ദീപങ്ങള്‍, മൂവായിരത്തോളം രൂപ വിലയുള്ള ഓട്ടുമണി തുടങ്ങിയവയാണ് മോഷണം പോയത്. മോഷ്ടാക്കള്‍ ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് കയറുന്നതിന്റെയും ഭണ്ഡാരങ്ങളുമായി തിരിച്ച് പോകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ ക്ലിപ്പിങ് സഹിതം ക്ഷേത്ര ഭാരവാഹികള്‍ പോലീസിന് നല്‍കുകയും ചെയ്തു. എന്നാല്‍, നാളിതുവരെ ആരെയും പിടികൂടിയിട്ടില്ല. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വീഡിയോ ക്ലിപ്പിങ്ങില്‍ പതിഞ്ഞ മോഷ്ടാക്കളുമായി ഇപ്പോള്‍ പിടിയിലായവര്‍ക്ക് സാമ്യമുണ്ടെന്നും പറയുന്നുണ്ട്. സെക്ടര്‍ 23-ലെ പോലീസ് സ്‌റ്റേഷനിലാണ് ചൊവ്വാഴ്ച പരാതി നല്‍കിയത്. സെക്ടര്‍ മൂന്നിലെ ക്ഷേത്ര പ്രസിഡന്റ് ചന്ദ്രമോഹന്‍, സെക്ടര്‍ 31-ലെ ക്ഷേത്ര പ്രസിഡന്റ് ജയകുമാര്‍, ചന്ദ്രപ്രകാശ്, ഗോപകുമാര്‍ എന്നിവരും പോലീസ് സ്റ്റേഷനിലെത്തി. സെക്ടര്‍ 31 ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മോഷണം നടത്തിയവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും ഇവര്‍ പോലീസിന് കൈമാറി. തലസ്ഥാനത്ത് വളരെയധികം മലയാളികള്‍ താമസിക്കുന്ന ഫരീദാബാദ് മേഖലയില്‍ തുടര്‍ച്ചയായി മോഷണം നടക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി പ്രദേശത്തുകാര്‍ പറഞ്ഞു. മലയാളി ക്ഷേത്രങ്ങളില്‍ വില കൂടിയ വിളക്കുകളും കുടമണികളും മറ്റ് പൂജാ സാമഗ്രികളുമുണ്ടാകുമെന്ന് മോഷ്ടാക്കള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. ഫരീദാബാദിലെ മലയാളിക്ഷേത്രങ്ങള്‍ തുടര്‍ച്ചയായി മോഷ്ടാക്കള്‍ ലക്ഷ്യംവെക്കുമ്പോഴും പോലീസ് ഈ വിഷയത്തില്‍ ഗൗരവം കാണിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കിയിട്ടും പോലീസിന് ഒന്നും ചെയ്യാനാവാത്തതില്‍ പ്രദേശവാസികള്‍ക്ക് അമര്‍ഷമുണ്ട്.

പ്രൊഫ് .ജോണ്‍ കുരാക്കാര്‍


No comments: