Pages

Tuesday, June 26, 2012

CRIMINALS RATE INCREASE IN KERALA


കേരളത്തിലെ കുറ്റകൃത്യങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ  മുന്നില്‍

കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും അടിയന്തരശ്രദ്ധ പതിയേണ്ട ഒന്നാണ്. ഇവിടത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് 424.1-ഉം ദേശീയ ശരാശരി 187. 6-ഉം ആണെന്ന് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2010 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ 6.7 ശതമാനം കേരളത്തില്‍ നടന്നവയാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്കും ഇവിടെ കൂടുതലായിരിക്കുന്നു. മറ്റു പല നഗരങ്ങളെയും അപേക്ഷിച്ച് കുറ്റകൃത്യനിരക്ക് കൊച്ചിയില്‍ അധികമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. തീരേ ചെറിയ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും വരെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതാണ് ഇവിടെ കേസുകളുടെ എണ്ണം ഇത്രയും കൂടാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മറ്റു പല സംസ്ഥാനങ്ങളിലും ഇതല്ല സ്ഥിതി. പരാതികള്‍ സ്വീകരിക്കല്‍, കേസെടുക്കല്‍ എന്നിവയുടെ നിരക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവേ കുറവാണ്. നിയമനടപടികളെപ്പറ്റി മലയാളികള്‍ക്ക് കൂടുതല്‍ അവബോധമുള്ളത് കേസിന്റെ എണ്ണം കൂടാന്‍ ഇടയാക്കുന്നുണ്ട്. ഈ വാദങ്ങള്‍ വലിയൊരുപരിധിവരെ ശരിയാണെങ്കിലും കേരളം ഈ പ്രശ്‌നത്തെ ഗൗരവമായിത്തന്നെ കാണണം. 

കുറ്റവാളികളെ അതിവേഗം പിടികൂടി ശിക്ഷ ഉറപ്പാക്കേണ്ടത് സാമൂഹികഭദ്രത നിലനിര്‍ത്തുന്നതിനും കൂടുതല്‍പേര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുന്നതിനും അനിവാര്യമാണ്. കുറ്റവാളികളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേരളത്തില്‍ പോലീസും വിവിധ അന്വേഷണവിഭാഗങ്ങളും ഉള്‍പ്പെട്ട വിപുലമായ സംവിധാനം തന്നെയുണ്ട്. അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ത്തന്നെ സ്ഥിതി ഏറേ മെച്ചപ്പെടും. കുറ്റാന്വേഷണത്തിലെ വേഗവും സമഗ്രതയും കാര്യക്ഷമതയും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സഹായമാകും. ആ നിലയ്ക്ക്, ഈ രംഗത്ത് നേരിയ വീഴ്ചപോലും ഉണ്ടായിക്കൂടാ. ഇതു മനസ്സിലാക്കി പ്രവര്‍ത്തിക്കാനും ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനും അന്വേഷണവിഭാഗങ്ങള്‍ക്ക് കഴിയണം. അങ്ങനെ ചെയ്താല്‍ ഫലം ലഭിക്കുമെന്ന് അടുത്തകാലത്തുതന്നെ പല കേസന്വേഷണങ്ങളിലും തെളിഞ്ഞിട്ടുണ്ട്. മാഫിയകളും ക്വട്ടേഷന്‍സംഘങ്ങളും സ്വന്തം നിലയ്ക്കും മറ്റുള്ളവര്‍ക്കുവേണ്ടിയും കേരളത്തില്‍ പലേടത്തും കുറ്റകൃത്യങ്ങള്‍ നടത്താറുണ്ട്. ഗുണ്ടാസംഘങ്ങള്‍ക്കിടയിലുള്ള കുടിപ്പകയും ചിലപ്പോള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിനു ഭീഷണിയാകുന്നു. തികഞ്ഞ ഇച്ഛാശക്തിയോടെ അധികൃതര്‍ പരിശ്രമിച്ചാലേ ഇക്കൂട്ടരെ മുഴുവന്‍ അമര്‍ച്ച ചെയ്യാന്‍ കഴിയൂ. പോലീസില്‍ത്തന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരുണ്ടെന്നും അവരെ ഒഴിവാക്കണമെന്നും അടുത്തകാലത്ത് ഹൈക്കോടതി പറയുകയുണ്ടായി. ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്. പോലീസിലെ കുഴപ്പക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനവും സംരക്ഷണവും നല്‍കുകയും വേണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഷ്‌കൃതസമൂഹത്തിനാകെ അപമാനമാണ്. നിയമനടപടികള്‍ക്കൊപ്പം ശക്തമായ സാമൂഹിക ഇടപെടല്‍കൂടി ആവശ്യമായ പ്രശ്‌നമാണിത്. വനിതാ കമ്മീഷനും നിയമസഹായസമിതികള്‍ക്കും മറ്റും നീതിതേടുന്ന സ്ത്രീകളെ കാര്യമായി സഹായിക്കാനാവും. കൊച്ചിയിലെ കുറ്റകൃത്യങ്ങളും അധികൃതരുടെ സവിശേഷപരിഗണന അര്‍ഹിക്കുന്നു. സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനംകൂടിയായ കൊച്ചിയില്‍ ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പദ്ധതികള്‍ വരുന്നുണ്ട്. അവിടെ കുറ്റകൃത്യനിരക്ക് കൂടുന്നു എന്ന് ഔദ്യോഗികരേഖകളില്‍ വരുന്നത് വികസനസാധ്യതകളെയും ബാധിക്കും. ഇവയെല്ലാം കണക്കിലെടുത്തുള്ള നടപടികളും മുന്‍കരുതലുകളുമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

                                                             പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: