മലയാളിയെ വെടിവെച്ചു
കൊന്ന മൂന്ന് സൗദി യുവാക്കളുടെ തലവെട്ടി
അക്ബര്‍ പൊന്നാനി
സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മലയാളിയെ ജോലി
ചെയ്യുന്ന കടയില്‍ കയറി വെടിവെച്ചുകൊന്ന സംഭവത്തില്‍ കുറ്റക്കാരായ മൂന്ന് സൗദി
യുവാക്കളെ വധശിക്ഷയ്ക്ക് വിധേയരാക്കി. തൃശ്ശൂര്‍ ചാവക്കാട് പാവറട്ടി സ്വദേശി
തൊയക്കാട് അബ്ദുല്‍റഹ്മാന്‍ കുഞ്ഞുമുഹമ്മദ് (57) ആണ് 2009 സപ്തംബര്‍ ഏഴിന് മൂന്നംഗ സംഘം യന്ത്രതോക്കില്‍ നിന്നുതിര്‍ത്ത വെടിയേറ്റ്
കൊല്ലപ്പെട്ടത്.സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ സൈഹാത്തില്‍ ആണ് കേസിന് ആധാരമായ
സംഭവം നടന്നത്. 19-നും 28-നും ഇടയില്‍
പ്രായമുള്ളവരാണ് വധശിക്ഷയ്ക്ക് വിധേയരായവര്‍. ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന
വധശിക്ഷ ചൊവ്വാഴ്ച രാവിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് എന്ന സ്ഥലത്തുവെച്ച്
നടപ്പാക്കിയതായി സൗദി ആഭ്യന്തര വകുപ്പ് അറിയിച്ചു.
2009 റംസാന്‍ കാലത്തായിരുന്നു കൊലപാതകം. സൈഹാത്ത് ഖതീഫ് റോഡില്‍ ഹുസ്‌നൈന്‍ ഫുഡ്സ്റ്റഫ് എന്ന കടയില്‍ ജോലി ചെയ്തുവന്ന കുഞ്ഞുമുഹമ്മദ് ഉംറ നിര്‍വഹിക്കാന്‍ നാട്ടില്‍നിന്നെത്തിയ ഭാര്യ സാജിദ, മകള്‍ മൈസൂന്‍, മരുമകന്‍ ആസിഫ് (കാട്ടൂര്‍) എന്നിവരുമൊത്ത് മക്കയിലേക്ക് പോകുന്നതിനിടയില്‍ ചില ആവശ്യങ്ങള്‍ക്കായി കടയിലേക്ക് പോവുകയായിരുന്നു. ഇതിനിടയില്‍ മോഷണം നടത്താന്‍ കടയില്‍ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.
മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് അക്രമികള്‍ കുഞ്ഞുമുഹമ്മദിനെ വെടിവെച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ കുഞ്ഞുമുഹമ്മദ് മരിച്ചു.
കടയിലേക്ക് കടക്കുന്ന വാതിലിനുസമീപം തന്നെയാണ് കുഞ്ഞുമുഹമ്മദ് വെടിയേറ്റ് വീണത്. വെടിശബ്ദം പരിസരത്തുണ്ടായിരുന്നവര്‍ കേട്ടിരുന്നു. കൃത്യമായ നീക്കങ്ങളിലൂടെ ഖതീഫ് പരിസരവാസികളായ മൂന്ന് യുവാക്കളാണ് ഘാതകരെന്ന് കണ്ടെത്തി സൗദി പോലീസ് പിടികൂടുകയായിരുന്നു.കുഞ്ഞുമുഹമ്മദിന്റെ മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കുകയാണുണ്ടായത്. മറ്റു നിരവധി കവര്‍ച്ച സംഭവങ്ങളില്‍ ഇതേ പ്രതികള്‍ ഉള്‍പ്പെട്ടിരുന്നതായും ആഭ്യന്തരവകുപ്പ് ഇറക്കിയ പ്രസ്താവന വെളിപ്പെടുത്തി.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment