Pages

Sunday, June 10, 2012

തീവണ്ടിയില്‍ വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു .


തീവണ്ടിയില്‍ വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍  വര്‍ദ്ധിച്ചു വരുന്നു .


തീവണ്ടിയാത്രയില്‍ വനിതായാത്രക്കാര്‍ നേരിടുന്ന അരക്ഷിതത്വം അടുത്ത കാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ്. സ്ത്രീയാത്രക്കാരികള്‍ അപമാനിക്കപ്പെടുകയോ അപായത്തില്‍പ്പെടുകയോ ചെയ്യുമ്പോള്‍ മാത്രമാണ് ഇക്കാര്യത്തെപ്പറ്റി സംസ്ഥാന സര്‍ക്കാറും റെയില്‍വേ അധികൃതരും സംസാരിക്കുന്നത്. മേലില്‍ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിനെക്കുറിച്ച് ഒട്ടേറെ വാഗ്ദാനങ്ങളും ഉണ്ടാകും. സംഭവത്തെക്കുറിച്ച് എല്ലാവരും മറക്കുന്നതോടെ വാഗ്ദാനങ്ങളും ജലരേഖയാകുന്നുവെന്നാണ് സൂചന. തിരുവനന്തപുരം- പാലക്കാട് അമൃത എക്‌സ്പ്രസ്സില്‍ എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം ടിക്കറ്റ് എക്‌സാമിനര്‍ കയറിപ്പിടിച്ചതാണ് ഇത്തരത്തിലുണ്ടായ ഏറ്റവുമൊടുവിലത്തെ സംഭവം. പെണ്‍കുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്ന സഹോദരന്‍ മറ്റെന്തോ ആവശ്യത്തിന് നീങ്ങിയപ്പോഴായിരുന്നു ഈ ദുരനുഭവമെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കേണ്ടതാണ്. എങ്കില്‍ മാത്രമേ മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കൂ. 

മാസങ്ങള്‍ക്കു മുമ്പ് മറ്റൊരു യാത്രക്കാരിയോട് ടി. ടി. ഇ. മോശമായി പെരുമാറിയിരുന്നു. ഇതു സംബന്ധിച്ച പരാതിയില്‍ രണ്ട് ടി. ടി. ഇ. മാരെ റെയില്‍വേ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സംഭവം ജനം മറന്നു തുടങ്ങിയപ്പോള്‍ ഇരുവരെയും റെയില്‍വേ തിരിച്ചെടുക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ റെയില്‍വേ മൃദുസമീപനം സ്വീകരിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോഴത്തെ സംഭവം. നേരത്തേ രണ്ട് ടി. ടി. ഇ. മാരുടെ ശിക്ഷ പിന്‍വലിച്ചതിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. കേസുമായി മുന്നോട്ടു പോകാനായിരുന്നു അധികൃതര്‍ക്ക് നല്‍കിയ നിര്‍ദേശം. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരായ പരാതിയിലായിരുന്നു ഇത്. സാമൂഹ്യവിരുദ്ധരോ മദ്യപിച്ചെത്തുന്ന സഹയാത്രികരോ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയോ ദ്രോഹിക്കുകയോ ചെയ്യുമ്പോള്‍ അക്കാര്യം റെയില്‍വേ പോലീസില്‍ അറിയിച്ച് രക്ഷയ്‌ക്കെത്തേണ്ടവരാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍. ഇവര്‍ തന്നെ സ്ത്രീപീഡകരായാല്‍ ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കുകയാണ് വേണ്ടത്. സാമൂഹ്യവിരുദ്ധരും മറ്റും സ്ത്രീകള്‍ മാത്രമായി ഒറ്റപ്പെട്ടു പോകുന്ന ഒഴിഞ്ഞ കംപാര്‍ട്ട് മെന്റില്‍ കയറുമ്പോള്‍ അത് തടയാന്‍ തീവണ്ടിയിലെ പോലീസിന് സാധിക്കും. എന്നാല്‍ ടിക്കറ്റ് എക്‌സാമിനര്‍മാര്‍ക്കു നേരെ ഇത്തരം സംശയങ്ങളൊന്നും സ്ത്രീയാത്രികരിലോ സഹയാത്രികരിലോ സുരക്ഷാ ഉദ്യോഗസ്ഥരിലോ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് സ്ത്രീകളോട് അപമര്യാദയായി പെരുമാറാന്‍ കൂടുതല്‍ അവസരം കിട്ടുകയാണ്. എറണാകുളത്തുനിന്ന് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന സൗമ്യയെ വണ്ടി ഷൊറണൂരെത്താറായപ്പോള്‍ ഒരാള്‍ താഴേക്ക് തള്ളിയിട്ട് ദ്രോഹിക്കുകയും ആ കുട്ടി മരിക്കുകയും ചെയ്തത് ഏറെ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും തുടക്കമിട്ടു.
 

തീവണ്ടികളില്‍ വനിതായാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഏറ്റവുമധികം പ്രാമുഖ്യം നല്‍കുന്നതെന്ന് റെയില്‍വേ മന്ത്രി തന്നെ പ്രഖ്യാപിച്ചതാണ്. എന്നാല്‍ പിന്നീടും ഇത്തരം സംഭവം ഉണ്ടായി. ഈ വര്‍ഷം ഫിബ്രവരിയില്‍ കോട്ടയത്തിനടുത്ത് കുറുപ്പന്തറയില്‍ വനിതാ കമ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവം മറക്കാറായിട്ടില്ല. ഈ സംഭവത്തില്‍ മഹാരാഷ്ട്രക്കാരനായ യുവാവിനെ വണ്ടിയിലെ സഹയാത്രികരും മറ്റും ചേര്‍ന്നു പിടികൂടുകയായിരുന്നു. ഡല്‍ഹി- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്സില്‍ ടിടി. ഇ. ഒരു സ്ത്രീയോട് മോശമായിപെരുമാറി. ഇതില്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടി. ടി. ഇ. ക്കെതിരെ നടപടി ആരംഭിച്ചിരുന്നു. യഥാസമയം കര്‍ശന നടപടിയുണ്ടായാല്‍ കുറ്റം ആവര്‍ത്തിക്കാനുള്ള സാധ്യത കുറയുമെന്നുറപ്പാണ്. വെളിച്ചം കുറഞ്ഞ പ്ലാറ്റ്‌ഫോമുകളും കംപാര്‍ട്ട്‌മെന്റുകളും അക്രമികള്‍ക്ക് തുണയാവുകയാണ്. തീവണ്ടികളില്‍ വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും പ്രശ്‌നമാണ്. പോലീസ് ഉണ്ടെങ്കില്‍ത്തന്നെ അപായസൂചന കിട്ടുമ്പോള്‍ അക്കാര്യം അവരെയോ സഹയാത്രികരെയോ അറിയിക്കാനുള്ള സംവിധാനവും തീവണ്ടികളിലില്ല. വിവരസാങ്കേതിക വിദ്യ വളരെയേറെ പുരോഗമിച്ചെങ്കിലും അതുപയോഗിച്ച് അപായ സൂചന നല്‍കാനുള്ള മാര്‍ഗമുള്‍പ്പെടെ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താനാവുമോ എന്ന കാര്യം അധികൃതര്‍ പരിഗണിക്കുന്നില്ലെന്നു വേണം കരുതാന്‍. തീവണ്ടിയില്‍ കവാടങ്ങളിലും മറ്റും നീരീക്ഷണ ക്യാമറ വെക്കുന്നത് സാമൂഹ്യവിരുദ്ധരെ തിരിച്ചറിയാന്‍ സഹായിച്ചേക്കും.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: