Pages

Wednesday, June 27, 2012

പനി നിയന്ത്രണത്തിനുഏകോപിതവും വ്യാപകവുമായ പരിശ്രമം വേണം


പനി നിയന്ത്രണത്തിനുഏകോപിതവും വ്യാപകവുമായ പരിശ്രമം വേണം

          കേരളത്തില്‍ പലേടത്തും പനിയും പകര്‍ച്ചവ്യാധികളും പടരുന്നത് ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു. രോഗനിയന്ത്രണത്തിന് കൂടുതല്‍ ഏകോപിതവും വ്യാപകവുമായ പരിശ്രമം വേണമെന്നാണ് ഇതോര്‍മിപ്പിക്കുന്നത്. ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ മഴക്കാലം തുടങ്ങുന്നതോടെ രോഗങ്ങളും വ്യാപകമാകാറുണ്ട്. ഇക്കൊല്ലവും സ്ഥിതി വ്യത്യസ്തമല്ലെന്ന്, വിവിധ ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചില സ്ഥലങ്ങളില്‍ എച്ച് 1 എന്‍1 പനിയും കണ്ടുതുടങ്ങി. മലപ്പുറം ജില്ലയിലെ കല്പകഞ്ചേരിയില്‍ ഈ രോഗം മൂലം ഈയിടെ ഒരു വിദ്യാര്‍ഥി മരിച്ചു. എറണാകുളം ജില്ലയിലെ ചില ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം വ്യാപകമായിട്ടുണ്ട്. ഇതിനെക്കുറിച്ചു പഠിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. അനുഭവങ്ങള്‍ പാഠമാക്കി ജാഗ്രതപാലിച്ചെങ്കില്‍ ഇവയെല്ലാം, ഒരുപരിധിവരെയെങ്കിലും ഒഴിവാക്കാന്‍ കഴിയുമായിരുന്നു.പനിബാധയെക്കുറിച്ച് വിവരം ലഭിക്കുമ്പോള്‍ത്തന്നെ പരിശോധന നടത്താനും മുന്‍ കരുതലുകളെടുക്കാനും സംസ്ഥാനതലത്തില്‍ത്തന്നെ സംവിധാനം ആവശ്യമാണ്. പല രോഗങ്ങളുടെയും കാര്യത്തില്‍ ശരിയായ നിര്‍ണയത്തിനുള്ള സൗകര്യങ്ങള്‍ കേരളത്തില്‍ കുറവാണ്. ആ പോരായ്മയും പരിഹരിക്കണം.
 
ചികിത്സയും പ്രതിരോധത്തിനുള്ള മരുന്നുകളും മറ്റു സൗകര്യങ്ങളും സര്‍ക്കാര്‍ ആസ്പത്രികളിലെല്ലാം സജ്ജമാക്കിയാലേ ഇപ്പോഴത്തെ സ്ഥിതിവിശേഷം നേരിടാന്‍ കഴിയൂ. പാവപ്പെട്ടവരും സാധാരണക്കാരും ചികിത്സയ്‌ക്കെത്തുന്നത് സര്‍ക്കാര്‍ ആസ്പത്രികളിലായതിനാല്‍ ഇക്കാര്യത്തില്‍ അധികൃതരുടെ സവിശേഷശ്രദ്ധ ഉണ്ടാകണം. മഴക്കാലത്ത് ആവശ്യമായ 117 ഇനം മരുന്നുകളും മറ്റ് വസ്തുക്കളും ഷോര്‍ട്ട് ടെന്‍ഡറിലൂടെ വാങ്ങാന്‍ നടപടി സ്വീകരിച്ചതായാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പറഞ്ഞത്. മ
രുന്നുകള്‍ വാങ്ങുന്നതിനും ആവശ്യാനുസരണം വിവിധ ആസ്പത്രികളില്‍ സമയത്തുതന്നെ എത്തിക്കുന്നതിനും പണമോ സാങ്കേതിക നടപടിക്രമങ്ങളോ തടസ്സമായിക്കൂടാ. പല ജില്ലകളിലും ആയിരക്കണക്കിന് പനിബാധിതര്‍ ദിവസേന ചികിത്സയ്‌ക്കെത്തുന്നുണ്ട്. അതനുസരിച്ചുള്ള സംവിധാനങ്ങള്‍ ആസ്പത്രികളില്‍ ഒരുക്കിയില്ലെങ്കില്‍ ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ബുദ്ധിമുട്ടാകും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നേരത്തേ ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിരുന്നു. പ്രതിരോധനടപടികളില്‍ ഏറേ പ്രാധാന്യമുള്ളതാണ് ശുചീകരണം. ഇക്കാര്യത്തില്‍ പല തദ്ദേശസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പരിമിത മാണ്. സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ലക്ഷ്യം സാധിക്കുംവിധം പ്രാവര്‍ത്തികമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ വിചാരിച്ചാലേ കഴിയൂ. എന്നാല്‍, മാലിന്യനിര്‍മാര്‍ജനത്തിനും കൊതുക്, എലി നശീകരണത്തിനും മറ്റും പലേടത്തും സ്ഥിരംസംവിധാനമില്ല. മഴക്കാലപൂര്‍വശുചീകരണം പലേടത്തും ചടങ്ങ് മാത്രമാകുന്നു.

രോഗപ്രതിരോധംകൂടി ലക്ഷ്യമിട്ടുള്ള മാലിന്യനിര്‍മാര്‍ജന സംവിധാനവും സംസ്‌കാരവുമാണ് നമുക്കാവശ്യം. അധികൃതരും ജനങ്ങളും സഹകരിച്ച് ഊര്‍ജിതപരിശ്രമം നടത്തിയാലേ ആ ലക്ഷ്യത്തിലെത്താനാവൂ. ബോധവത്കരണപരിപാടികള്‍ വ്യാപകമാക്കിയാല്‍ മുന്‍കരുതലുകളെടുക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറാകും. മഴക്കാലത്തെ രോഗസാധ്യതകള്‍ തടയാനാവുംവിധം ജീവിതം ക്രമീകരിക്കാന്‍ കേരളീയര്‍ പൊതുവേ മടിക്കുന്നു. ഭക്ഷണം, കുടിവെള്ളം എന്നിവയുടെ കാര്യത്തില്‍ മഴക്കാലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗാണുമുക്തമായ കുടിവെള്ളമാണ് എല്ലായിടത്തും വിതരണം ചെയ്യുന്നതെന്നുറപ്പുവരുത്താന്‍ പോലും അധികൃതര്‍ക്ക് കഴിയുന്നില്ല. കരാറുകാരില്‍ പലരും ശുചിത്വമില്ലാത്ത ടാങ്കറുകളിലാണ് കുടിവെള്ളം എത്തിക്കുന്നതെന്ന് ഈയിടെ ചില സ്ഥലങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ജലവിതരണം രോഗാണുവിതരണത്തിന് തുല്യമാവുന്ന ആപത്കരമായ സ്ഥിതിയാണ് ഇതുവഴി ഉണ്ടാകുന്നത്. രോഗം, ചികിത്സ എന്നിവയ്ക്കപ്പുറമുള്ള ഇത്തരം കാര്യങ്ങള്‍ കൂടി പരിഗണിച്ച് അധികൃതര്‍ നടപടി എടുത്താലേ പൊതുജനാരോഗ്യസംരക്ഷണം കൂടുതല്‍ മെച്ചപ്പെടുത്താനാകൂ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: