Pages

Wednesday, June 6, 2012

ഉത്തരമലബാറിന്റെ വികസനത്തിനായി ദുബായില്‍ നിക്ഷേപക സെമിനാര്‍


ഉത്തരമലബാറിന്റെ വികസനത്തിനായി ദുബായില്‍ നിക്ഷേപക സെമിനാര്‍

ഉത്തര മലബാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് രൂപം നല്കാനും പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനും ദുബായില്‍ നിക്ഷേപക സെമിനാര്‍ നടത്തുന്നു. ജൂണ്‍ എട്ടിനും ഒമ്പതിനും ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന സെമിനാറിന് നേതൃത്വം നല്കുന്നത് പ്രവാസികളായ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ 'വെയ്ക്കും' കണ്ണൂര്‍ ആസ്ഥാനമായുള്ള നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമാണ്. ഇതോടൊപ്പം വൈവിധ്യമാര്‍ന്ന പ്രദര്‍ശനവും നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 'നോര്‍ത്ത് മലബാര്‍ കോളിങ്' എന്ന പേരിലുള്ള സെമിനാര്‍ വെള്ളിയാഴ്ച രാവിലെ ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ പദ്ധതികളുടെ നിക്ഷേപസമാഹരണ-ബോധവത്കരണ പരിപാടികളും നടക്കും. ഉച്ചതിരിഞ്ഞ് കാസര്‍കോട്, വയനാട് ജില്ലകളുടെ വികസനം ലക്ഷ്യമിട്ടുള്ള പ്രത്യേക ചര്‍ച്ച നടക്കും. കൃഷി, തുണിവ്യവസായം, ടൂറിസം, കണ്ണൂര്‍ വികസനം എന്നീ വിഷയങ്ങളിലും പ്രത്യേക ചര്‍ച്ച നടക്കും. 
500 കോടിരൂപ മുതല്‍മുടക്കുന്ന കണ്ണൂരിലെ 'അഗ്രോണമി ഫാംസ് ഇന്ത്യ ലിമിറ്റഡി'ന്റെ അവതരണമാണ് നിക്ഷേപ സമാഹരണ പരിപാടിയിലെ പ്രധാന വിഷയം. രണ്ടുദിവസവും രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെ പ്രദര്‍ശനമുണ്ടാവും.
 
കേന്ദ്രമന്ത്രി കെ.വി.തോമസ്, കൃഷിമന്ത്രി കെ.പി.മോഹനന്‍, ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ്‌വര്‍മ, കെ.എം.ഷാജി എം.എല്‍.എ. എന്നിവരും വിവിധ സെഷനുകളിലായി പങ്കെടുക്കും. സംഘാടകസമിതി ചെയര്‍മാന്‍ അബ്ദുള്‍ഖാദര്‍ പനക്കാട്ട്, 'വെയ്ക്ക്' ജനറല്‍ സെക്രട്ടറി ടി.പി.സുധീഷ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിനോദ് നാരായണന്‍, സെക്രട്ടറി സി.വി.ദീപക്, കെ.വി.ആര്‍.ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ.പി.നായര്‍, പോപ്പുലര്‍ ഓട്ടോ പാര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ ബാലന്‍ നായര്‍ പാറയില്‍ എന്നിവര്‍ സംബന്ധിച്ചു.
 
പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: