Pages

Wednesday, May 16, 2012

TRIBUTE PAID TO MEXICAN WRITER CARLOSE


വിഖ്യാത എഴുത്തുകാരന്‍ കാര്‍ലോസ്അന്തരിച്ചു  

      ലോകപ്രശസ്ത മെക്‌സിക്കന്‍ എഴുത്തുകാരന്‍ കാര്‍ലോസ് ഫ്യുന്റസ് അന്തരിച്ചു. അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജൂലിയോ ഒര്‍ട്ടേഗയാണ് മരണവിവരം ലോകത്തെ അറിയിച്ചത്. 83-കാരനായ ഫ്യുന്റസ് തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സാഹിത്യവും രാഷ്ട്രീയവും ഇഴചേര്‍ന്ന ഭാഷയും നിലപാടും കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനാണ് കാര്‍ലോസ് ഫ്യുന്റസ്. നാടകങ്ങളും തിരക്കഥകളും എഴുതിയിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന കോളമിസ്റ്റും കൂടിയാണ്. മെക്‌സിക്കോ സിറ്റിയിലെ ഏഞ്ചല്‍സ് ഡെല്‍ പെഡെഗ്രല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിനും മരിയോ വര്‍ഗാസ് ലോസയ്ക്കും ജൂലിയോ കോര്‍ട്ടസാറിനുമൊപ്പം സ്പാനിഷ് ഭാഷയില്‍ എഴുതുന്നവരില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ച എഴുത്തുകാരനാണ് കാര്‍ലോസ് ഫ്യുന്റസ്. രാഷ്ട്രീയസൂചനകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ ചെറുകഥകളും നോവലുകളും നാടകങ്ങളും വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ദ ഓള്‍ഡ് ഗ്രിന്‍ജോ, 'ദ ഡെത്ത് ഓഫ് ആര്‍ടിമിയോ ക്രൂസ്', ഡെസ്റ്റിനി ഓഫ് ഡിസയര്‍, തുടങ്ങിയ നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഫിഡല്‍ കാസ്‌ട്രോ അനുകൂലിയായിരുന്നു ഫ്യുന്റസ് പിന്നീട് കാസ്‌ട്രോയുടേയും ഹ്യൂഗോ ചാവേസിന്റേയും വിമര്‍ശകനാകുന്നതും ലോകം കണ്ടു.


സ്പാനിഷ് പത്രമായ എല്‍ പെയ്‌സില്‍ രാഷ്ട്രീയകോളം എഴുതിയിരുന്നു. 1928 ല്‍ പനാമയിലാണ് ജനനം. 1954ല്‍ പുറത്തിറങ്ങിയ 'ലോസ് ഡയസ് എന്‍മാസ്‌കരദോസ്' എന്ന ചെറുകഥയാണ് അദ്ദേഹത്തിന്റെ ആദ്യകൃതി. 24 നോവലുകളും ഒമ്പത് ചെറുകഥാ സമാഹാരങ്ങളും ഡസന്‍ കണക്കിന് ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പല പുസ്തകങ്ങളും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയവയാണ്.

                          പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: