Pages

Tuesday, May 1, 2012

MAY DAY LABOUR DAY


വേലുക്കുട്ടി മേശിരിക്ക്  തൊഴിലാളിദിനവും തൊഴില്‍ദിനം തന്നെയാണ്.

പാരമ്പര്യത്തിന്റെ തീച്ചൂളയില്‍ ഈ തൊഴിലാളിദിനത്തിലും വിയര്‍പ്പൊഴുക്കുകയാണ് വേലുക്കുട്ടി ആശാരി.തിരുവനന്തപുരം ചാല മരക്കട റോഡില്‍ അരനൂറ്റാണ്ടായി സ്വന്തം ആലയില്‍ പണിയായുധങ്ങള്‍ നിര്‍മിക്കുന്ന ഈ അറുപത്തെട്ടുകാരന് തൊഴിലാളിദിനവും തൊഴില്‍ദിനം തന്നെയാണ്.കെട്ടിട നിര്‍മാണത്തൊഴിലാളികളുടെയും ശില്പികളുടെയും പണിയായുധങ്ങളാണ് ആശാരി കൂടുതലും നിര്‍മിക്കുന്നത്. മുന്‍പുണ്ടായിരുന്ന, കറക്കി കാറ്റുണ്ടാക്കുന്ന 'തുരുത്തി'യെന്ന ഉപകരണത്തിനു പകരം മോട്ടോര്‍ ഘടിപ്പിച്ചു എന്നതുമാത്രമാണ് ഈ ആലയിലെ ഏക മാറ്റം.ഇരുമ്പിന്‍ കഷണങ്ങളെ ആവശ്യമായ രീതിയില്‍ മുറിച്ച് ആലയിലെ മരക്കരിയിലിട്ടു ചൂടാക്കി ചുട്ടുപഴുത്തതാക്കണം. ഇതിലേക്കായി ഉപകരണം കറക്കാന്‍ ഒരാള്‍ വേണം. ഇക്കാലത്ത് ഈ പണിക്ക് ആളെ കിട്ടാനുമില്ല. അതുകൊണ്ടാണ് മോട്ടോറിലേക്കു മാറിയതെന്ന് വേലുക്കുട്ടി ആശാരി പറയുന്നു.

രാവിലെ എട്ടിന് ആലയില്‍ എത്തുന്ന ഇദ്ദേഹം അല്പം മുറുക്കാന്‍ ചവച്ച് രസം വരുത്തും. പിന്നെ വലിയ ചുറ്റികയും എടുത്ത് ലോഹക്കഷണങ്ങളോട് പൊരുതും. ഇരുമ്പ് അങ്ങനെ രൂപംമാറി ഉളി മുതല്‍ വലിയ ചുറ്റിക വരെയാകും.

അച്ഛനപ്പൂപ്പന്‍മാരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ പന്ത്രണ്ടാംവയസ്സില്‍ കൊല്ലപ്പണിയിലേക്കു തിരിഞ്ഞതാണിദ്ദേഹം. പണിക്ക് ആളെ കിട്ടാതായപ്പോള്‍ സ്വന്തം മകനായ കുമാറിനെയും ഒപ്പം കൂട്ടി. സഹായിയായി സുരേഷും ഒപ്പമുണ്ട്. പരിഷ്‌കാരങ്ങളുടെ കുത്തൊഴുക്കില്‍പ്പെട്ട നഗരത്തിലെ പ്രധാന കമ്പോളമായ ചാല മരക്കട റോഡിലുള്ള ഏക കൊല്ലപ്പുരയാണിത്.

കാലം ഈ കൊല്ലപ്പുരയില്‍ കരി മൂടുമോ എന്ന ആശങ്കയിലാണ് വേലുക്കുട്ടി ആശാരിയും കുടുംബവും. ഭാര്യ സുശീലയും മൂന്നു മക്കളുമടങ്ങിയ കുടുംബത്തിന്റെ അടുപ്പെരിയുന്നതും ഈ ആലയില്‍നിന്നാണ്.

പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: