Pages

Tuesday, May 29, 2012

FIRE BROKE OUT AT A SHOPPING MALL IN DOHA, QUATAR


ദോഹയിലെ ഷോപ്പിങ്മാളില്‍ തീപ്പിടിത്തം

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ പ്രമുഖ വാണിജ്യ സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 19 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ആറ് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളും നാല് അധ്യാപികമാരും രണ്ട് സര്‍ക്കാര്‍ ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരില്‍ ഏറെയും യൂറോപ്യരാണ്.ചൂടും പുക ശ്വസിച്ചതുമാണ് മരണകാരണം.
തിങ്കളാഴ്ച(28th May,2012) പകല്‍ 12 മണിക്കാണ് ദോഹയിലെ ഏറ്റവും വലിയ ഷോപ്പിങ് സമുച്ചയമായ അസീസിയയിലെ വില്ലേജിയോ മാളില്‍ തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണമറിവായിട്ടില്ല. മാളിലെ ഫുഡ്‌കോര്‍ട്ടിന്റെ അടുത്ത് നിന്നാണ് തീപ്പിടിത്തമുണ്ടായത്. ഫുഡ് കോര്‍ട്ടിന്റെ സമീപത്തെ ഡേ കെയര്‍ സെന്‍ററിലെ കുട്ടികളും അധ്യാപികമാരുമാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടയിലാണ് രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ മരിച്ചത്. മരിച്ചവരുടെ ആരുടെയും പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.തിരക്കേറിയ അസീസിയ റോഡില്‍ അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം നിലച്ചു. ഏഷ്യന്‍ ഗെയിംസ് നടന്ന ദോഹ സ്‌പോര്‍ട്‌സ് വില്ലേജിന് സമീപമാണ് വില്ലേജിയോ മാള്‍.
പരിക്കേറ്റ 17 പേരെ ഹമദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലു പേരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.ആഭ്യന്തരമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അന്‍സാരി രാത്രി വൈകി ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് അപകടത്തിന്റെ വ്യാപ്തി അറിയാനായത്. രണ്ടു മണിയോടെ തീ നിയന്ത്രിക്കാനായതായും ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചതായും മന്ത്രി പറഞ്ഞു.തീപ്പിടിത്തത്തില്‍ ഒട്ടേറെ കടകള്‍ നശിച്ചു. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതേയുള്ളൂ.2006 തുടങ്ങി ഈ മാള്‍ ഖത്തറിലെതന്നെ ഏറ്റവും ജനപ്രിയമായ ഷോപ്പിങ് വിനോദ കേന്ദ്രമാണ്. അമ്യൂസ്‌മെന്‍റ് പാര്‍ക്കുകളും സേ്കറ്റിങ് റിങ്ങും, തീയേറ്ററുകളും ഇവിടെയുണ്ട്.


                    പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments: