ഇടുക്കി
ജില്ല മുഴുവന്‍ പാരിസ്ഥിതിക ദുര്‍ബലമേഖലയില്‍
ഇടുക്കി ജില്ലയെ മുഴുവന്‍ പാരിസ്ഥിതികദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശം. പശ്ചിമഘട്ടത്തിലെയും അതിനോട് ചേര്‍ന്ന മേഖലകളിലെയും ജൈവവൈവിധ്യ പ്രദേശങ്ങള്‍ കണ്ടെത്താനായി കേന്ദ്ര പരിസ്ഥിതിമന്ത്രാലയം നിയമിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ജില്ലയിലെ നാല് താലൂക്കുകളും സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന അതീവ ദുര്‍ബല പ്രദേശമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.എട്ടുമാസം മുമ്പ് കമ്മിറ്റി ഗവണ്‍മെന്‍റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഇപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.
അതീവ പരിസ്ഥിതിലോല മേഖലയായ (ESZ-1)സോണ്‍ ഒന്നിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്ന പീരുമേട് താലൂക്ക് ഉള്‍പ്പെടുന്നത്. ഇത്തരം മേഖലയില്‍ അമ്പത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള അണക്കെട്ടുകള്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്ന് കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോള്‍ അത് മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ചിടത്തോളം ആശാവഹമാണ്.
എന്നാല്‍, പീരുമേട് കൂടാതെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ താലൂക്കുകളും കമ്മിറ്റി റിപ്പോര്‍ട്ടില്‍ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആശങ്ക പകരുന്നു. സോണ്‍ ഒന്നില്‍ വരുന്ന മേഖലകളില്‍ ചെയ്തുകൂടാത്ത കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകും. പുതിയ ഹൈവേകളോ എക്‌സ്പ്രസ് റോഡുകളോ ഇത്തരം മേഖലകളില്‍ നിര്‍മ്മിക്കരുതെന്നാണ് ഒരു നിര്‍ദേശം. കൂടാതെ ഇത്തരം മേഖലകളിലെ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ അനുമതി വേണ്ടിവരും. റെയില്‍പദ്ധതികള്‍ ഈ മേഖലയില്‍ പാടില്ല. പുതിയ അണക്കെട്ടുകളോ പത്ത് മെഗാവാട്ടില്‍ അധികം വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ ഡാമോ ഇത്തരം പ്രദേശങ്ങളില്‍ നിര്‍മ്മിക്കരുത്.
കേരളത്തിലെ പതിമൂന്ന് താലൂക്കുകളാണ് റിപ്പോര്‍ട്ടില്‍ സോണ്‍ ഒന്നില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇടുക്കിക്ക് പുറമെ, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൊല്ലത്തെ പുനലൂര്‍, പാലക്കാട്ടെ മണ്ണാര്‍കാട്, ചിറ്റൂര്‍, പത്തനംതിട്ടയിലെ റാന്നി, തിരുവനന്തപുരത്തെ നെടുമങ്ങാട്, തൃശ്ശൂരിലെ ഇരിങ്ങാലക്കുട, വയനാട്ടിലെ വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബെത്തേരി എന്നിവയാണത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി തൃശ്ശൂര്‍ ജില്ലയിലെ തൃശ്ശൂര്‍ എന്നിവ സോണ്‍ രണ്ടിലും ആയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment