Pages

Monday, May 21, 2012

മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ കടമ


മാതാപിതാക്കളുടെ സംരക്ഷണം
മക്കളുടെ കടമ

പ്രായമായ മാതാപിതാക്കളെ മക്കള്‍ നോക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കയാണ്. മക്കളുണ്ടെങ്കിലും ആരോരും നോക്കാനില്ലാതെ ഏറെപ്പേര്‍ കഷ്ടപ്പെടുന്നുവെന്ന് കണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിട്ടുള്ളത്. ഇത് നല്ലതു തന്നെ. എന്നാല്‍ പ്രായപൂര്‍ത്തിയായ മക്കളുള്ളവരെപ്പോലും സര്‍ക്കാര്‍ സംരക്ഷിക്കേണ്ട സാഹചര്യം ഉണ്ടായതെങ്ങനെയെന്ന് ആലോചിക്കാന്‍ ഈ തീരുമാനം പ്രേരകമാകണം. സ്വന്തം മാതാപിതാക്കള്‍ക്ക് ഈ പെന്‍ഷന്‍ വാങ്ങേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മക്കള്‍ അച്ഛനമ്മമാരെ നോക്കാത്ത സ്ഥിതിയില്‍ മാറ്റം വരുത്താനാവണം ശ്രമം. വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിയും മുമ്പൊക്കെ പേരക്കുട്ടികള്‍ക്ക് എന്നും കളിക്കൂട്ടുകാരാണ്. കുട്ടികളുടെ കുറുമ്പും കുസൃതിയും അവര്‍ ഇഷ്ടപ്പെടും. കുടുംബത്തിലെ പഴങ്കഥകളും കുട്ടിക്കഥകളും പറഞ്ഞുകൊടുക്കും. കുട്ടികള്‍ക്ക് നല്ലകാര്യങ്ങളും നേര്‍വഴിയും ചൊല്ലിക്കൊടുക്കുന്നത് അപ്പൂപ്പനും അമ്മൂമ്മയുമൊക്കെയാണ്. എന്നാല്‍ ഇന്ന് ഈ അവസ്ഥയില്‍ മാറ്റം വന്നിട്ടുണ്ട്. പ്രായമായവരുടെ പരിരക്ഷ എടുത്താല്‍ പൊങ്ങാത്ത ബാധ്യതയാണെന്ന് കരുതുന്നവരുടെ എണ്ണം കുറവല്ല.

പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ വയസ്സന്മാരെ പാര്‍പ്പിക്കാനുള്ള കേന്ദ്രങ്ങള്‍ നമ്മുടെ നാട്ടിലും എല്ലായിടത്തും കാണാം. പണമുള്ളവര്‍ അച്ഛനമ്മമാരെ ഇത്തരം കേന്ദ്രങ്ങളിലാക്കും. അങ്ങനെയൊരു സംരക്ഷണം ഏര്‍പ്പാടാക്കാന്‍പോലും മനസ്സില്ലാത്തവര്‍ അവരെ വീട്ടില്‍ ഒറ്റയ്ക്കാക്കും, അല്ലെങ്കില്‍ തെരുവിലിറക്കിവിടും. ഉള്ള സൗകര്യം വെച്ച് ആവും വിധം മാതാപിതാക്കളെ പരിപാലിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ മറിച്ചുള്ള പ്രവണത ഏറിവരികയാണ്. അനാഥരായി തെരുവിലലയുന്നവരെ പാര്‍പ്പിക്കാനുള്ള ശരണാലയങ്ങളുടെ എണ്ണം കൂടിവരികയാണ്. അവിടെ പല അച്ഛനമ്മമാരും മക്കള്‍ തങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ ഇന്നോ നാളെയോ വരുമെന്ന് കരുതി കാത്തിരിക്കയാണ്. അച്ഛനമ്മമാരെ ദൈവത്തെപ്പോലെ കാണുന്നതാണ് നമ്മുടെ സംസ്‌കാരം. പ്രായമാകുമ്പോള്‍ അവരെ ബഹുമാനിക്കണം, പരിരക്ഷിക്കണം. ഇതൊന്നും സാധിക്കില്ലെന്ന് വരുന്നത് നല്ല കാര്യമല്ല. അപ്പൂപ്പനെയും അമ്മൂമ്മയെയും അവഗണിക്കുന്ന അച്ഛനമ്മമാരെ കണ്ട് പഠിക്കുന്ന കുട്ടികള്‍ അതേ മാര്‍ഗം സ്വീകരിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ജീവിതയാത്രയില്‍ മുതിര്‍ന്നവരെ ഒപ്പം കൂട്ടണമെന്നും പരസഹായം വേണ്ടിവരുമ്പോള്‍ അവര്‍ക്ക് താങ്ങും തണലുമാകണമെന്നുമുള്ള സന്ദേശം സ്വന്തം പ്രവൃത്തിയിലൂടെയാണ് വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടത്. അണുകുടുംബസംവിധാനമായതും കുട്ടികളുടെ എണ്ണം കുറഞ്ഞതുമൊക്കെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമാണ്. ഒറ്റ മകനോ മകളോ ആണെങ്കില്‍ അവര്‍ മാതാപിതാക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് വേണ്ടത്. അച്ഛനമ്മമാര്‍ക്കുവേണ്ടി വിദേശത്തെ ജോലി പോലും ഉപേക്ഷിച്ചു വന്നവര്‍ ഏറെയുണ്ട് എന്ന കാര്യം മറന്നുകൊണ്ടല്ല ഇത് പറയുന്നത്.

പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ പെന്‍ഷന്‍ നല്‍കിവന്നത്. എന്നാല്‍ മക്കളുടെ അവഗണന മൂലം പലരും അവശത അനുഭവിക്കുന്നുണ്ട്. മക്കള്‍ നോക്കുന്നില്ലെന്നതു സംബന്ധിച്ച് ജില്ലാ കളക്ടറോ ജനപ്രതിനിധിയോ സാക്ഷ്യപ്പെടുത്തിയാല്‍ പെന്‍ഷന്‍ കിട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. സര്‍ക്കാരിന് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നുവെന്ന അവസ്ഥ ഇന്നത്തെ യുവതലമുറയെ ആത്മപരിശോധനയ്ക്ക് പ്രേരിപ്പിക്കേണ്ടതാണ്. നമ്മെ വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെ ഇത്തരത്തില്‍ അവഗണിക്കുന്ന അവസ്ഥ വരുന്നത് ശരിയാണോ എന്ന് ആലോചിക്കണം. പ്രായമായവരെ കറിവേപ്പില പോലെ ഉപേക്ഷിക്കുന്ന സ്ഥിതിയില്‍ മാറ്റം വരണം. പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം വന്നതോടെ മാതാപിതാക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തൂവെന്ന് ആരും കരുതരുത്. ഇതോടെ തങ്ങളുടെ ബാധ്യത പൂര്‍ണമായും തീര്‍ന്നുവെന്നും വിചാരിക്കരുത്. സ്വാര്‍ഥത മൂലമാണ് പലരും പ്രായമായവരെ നോക്കാന്‍ സമയവും സൗകര്യവുമില്ലെന്ന് നടിക്കുന്നത്. ഇത് കാപട്യമാണ്. സ്വന്തം കുട്ടികള്‍ക്ക് സുഖവും സൗകര്യവും ഒരുക്കാന്‍ എത്ര പണവും സമയവും ചെലവിടാന്‍ മടിക്കാത്തവരാണ് പലപ്പോഴും മാതാപിതാക്കളെ അവഗണിക്കുന്നത്. ഈ സ്ഥിതി ഉണ്ടാകരുത്. മക്കളുണ്ടായിട്ടും സര്‍ക്കാറിന്റെ അനാഥപെന്‍ഷന്‍സ്വീകരിക്കേണ്ട അവസ്ഥ തന്റെ മാതാപിതാക്കള്‍ക്ക് വരുത്തില്ലെന്ന് ഓരോരുത്തരും ഉറപ്പാക്കണം.

                                       പ്രൊഫ് .ജോണ്‍ കുരാക്കാര്‍


No comments: