Pages

Friday, May 18, 2012

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിന് യു.എ.ഇ. തയാറാകുന്നു


ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിന് യു.എ.ഇ. തയാറാകുന്നു
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപംനടത്താന്‍ യു.എ.ഇ.ക്ക് താത്പര്യം. പെട്രോകെമിക്കല്‍സ് ഉള്‍പ്പെടെയുള്ള മേഖലകളിലാണിത്. ഇത് പരിഗണിച്ച്, നിക്ഷേപം സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ അടങ്ങിയ ഒരു കര്‍മസമിതി രൂപവത്കരിച്ചു.
യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സെയിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ചചെയ്തു.

അബുദാബി നിക്ഷേപ അതോറിറ്റി ലോകത്തിലെ ഏറ്റവുംവലിയ പരമാധികാര ധനശേഖരമാണ്. ഇന്ത്യയില്‍ 50 കോടി ഡോളറിന്റെ നിക്ഷേപം റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇവര്‍ക്കുണ്ട്. സ്വകാര്യ ഓഹരികളിലൂടെയും മറ്റുമാണിത്. നേരിട്ട് നിക്ഷേപത്തിനുള്ള വഴികളാണ് ഇവര്‍ തേടുന്നത്. വാണിജ്യകാര്യമന്ത്രി ആനന്ദ് ശര്‍മയും അബുദാബി നിക്ഷേപ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനും കര്‍മസമിതിക്ക് നേതൃത്വം നല്‍കും.മൂന്നാമത് ഇന്ത്യ- അറബ് സാമ്പത്തികസമ്മേളനം മെയ് 21-നും 22-നും അബുദാബിയില്‍വെച്ച് നടക്കും. അബുദാബിയിലും ദുബായിലുമായി ജൂണില്‍ നടക്കാനിരിക്കുന്ന നിക്ഷേപം സംബന്ധിച്ച 'റോഡ് ഷോ'യെക്കുറിച്ചും യു.എ.ഇ. മന്ത്രിയുമായി വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ചര്‍ച്ചചെയ്തു. ഇന്ത്യയിലെ നിക്ഷേപകാലാവസ്ഥയെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥസംഘം അബുദാബിയും ദുബായിയും സന്ദര്‍ശിക്കുന്നുണ്ട്.

ഇന്ത്യയുടെ ഏറ്റവുംവലിയ വ്യാപാരപങ്കാളിയാണ് യു.എ.ഇ. ഊര്‍ജത്തിനായി ഇന്ത്യ ഏറ്റവും ആശ്രയിക്കുന്നതും ആ രാജ്യത്തെയാണ്. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ യു.എ.ഇ.യില്‍നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിച്ചേക്കും. എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന ഉറവിടമാണ് യു.എ.ഇ. എന്ന് കൃഷ്ണ പറഞ്ഞു. ഇന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ യു.എ.ഇ.യ്ക്ക് വിരോധമില്ലെന്ന് സംയുക്തപത്രസമ്മേളനത്തില്‍ യു.എ.ഇ. മന്ത്രിയും വ്യക്തമാക്കി.
         പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: