ഈസ്റര്‍ ആശംസകള്‍
യേശുവിന്റെ കല്ലറയുടെ മുമ്പില്‍ വച്ചിരുന്ന വലിയ കല്ല് പോലെ ചില കല്ലുകള്‍ ഉത്ഥാനത്തിന് തടസ്സങ്ങളാകാറുണ്ടോ? ഉള്ളിലെ ആത്മാവിന് പ്രകാശത്തോടെ പുറത്തുവരാന്‍ തടസ്സമാകുന്ന പാപത്തിന്റെ വലിയ കല്ലുകള്‍..."കല്ലറയുടെ വാതില്‍ക്കല്‍ നിന്ന് നമുക്കുവേണ്ടി ആര് കല്ല് ഉരുട്ടിക്കളയും'' എന്ന ചോദ്യം ഈ ഈസ്റര്‍ ദിനം പ്രസക്തമാണ്. പാപത്തിന്റെ കല്ലുകള്‍ മാറുന്നത് അനുതാപ ഹൃദയമുണ്ടാകുമ്പോഴല്ലേ? ഈസ്റര്‍ ആഘോഷമാകുന്നത് അനുതാപ ഹൃദയര്‍ക്കാണ് എന്നതല്ലേ സത്യം? പാപത്തിന്റെ കല്ലുകള്‍ ഉരുണ്ടു മാറുമ്പോഴുണ്ടാകുന്ന ആനന്ദമാകണം ഈസ്ററിന്റെ ആഘോഷം. ആത്മാവിന്റെ പ്രകാശനമാകണം ഈസ്ററിന്റെ ആഘോഷം.
ഈസ്റര്‍ ആഘോഷത്തിന്റേത് മാത്രമല്ല, കരച്ചിലിന്റേതുമാകണം. വി.യോഹന്നാന്റെ സുവിശേഷം 20-ാം അദ്ധ്യായത്തില്‍ മറിയ കല്ലറക്കല്‍ പുറത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് നാം വായിക്കുന്നില്ലേ? ക്രിസ്തുവിനെ കാണാഞ്ഞതിന്റെ കരച്ചില്‍ ആഘോഷത്തിമര്‍പ്പില്‍ പലപ്പോഴും ക്രിസ്തു കാണാതാവുന്നില്ലേ? അതിനെക്കുറിച്ചല്ലേ കരയേണ്ടത്. "ഞാന്‍ അവനെ എടുത്തുകൊണ്ട് പൊയ്ക്കൊള്ളാം'' എന്ന് മറിയ പറഞ്ഞത് നാം എന്തേ ശ്രദ്ധിക്കാതെ പോകുന്നു. നോമ്പ് വീടി, ഈസ്റര്‍ ആഘോഷിച്ചു. എന്നാല്‍ ക്രിസ്തു എവിടെ? അവനെ കൊണ്ടുപോകുവാന്‍ കഴിഞ്ഞിട്ടുണ്ടോ?
ഈസ്റര്‍ കഴിഞ്ഞ് ക്രിസ്തുവിനെ കണ്ടവര്‍ക്കും, ക്രിസ്തു കണ്ടവര്‍ക്കും കിട്ടിയത് സമാധാനമാണ്. സമാധാനം എന്നത് പ്രശ്നങ്ങളുടെ അസാന്നിദ്ധ്യമല്ല, ക്രിസ്തുവിന്റെ സാന്നിദ്ധ്യമാണ്. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ക്ക് ക്രിസ്തുവിന്റെ സാന്നിദ്ധ്യം നല്‍കിയ ജീവനെക്കുറിച്ച് നാം മറക്കരുത്. കൂടെ പാര്‍ക്കുവാന്‍ ക്രിസ്തുവിനെ ക്ഷണിക്കുന്നവര്‍ക്കാണ് സമാധാനം ലഭിക്കുക. ക്രിസ്തുവിന്റെ അസാന്നിദ്ധ്യമാണ് അസമാധാനം. ഈ ഈസ്റര്‍ ക്രിസ്തു സാന്നിദ്ധ്യത്തിന്റെ പെരുന്നാളാകണം. അടച്ചിട്ടിരിക്കുന്ന ഹൃദയത്തിന്റെ വാതിലുകള്‍ക്കുള്ളിലൂടെ പോലും അകത്ത് വരുവാന്‍ കഴിയുന്ന ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു, ആ ക്രിസ്തു സാന്നിദ്ധ്യമാകട്ടെ നമ്മുടെ എല്ലാ ആഘോഷത്തിന്റെയും കാരണം.
"സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഈസ്റര്‍ ആശംസകള്‍''
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment