Pages

Monday, April 9, 2012

BANANA FRUIT


വാഴപ്പഴം ആരോഗ്യത്തിനു ഉത്തമം


വര്‍ഷത്തില്‍ എല്ലാ ദിവസവും കഴിക്കാന്‍ ശുപാര്‍ശ ആവശ്യമില്ലാത്ത പഴം വാഴപ്പഴമാണ്. 130 രാഷ്ട്രങ്ങളില്‍ വാഴക്കൃഷിയുണ്ട്. കേരളമടക്കം ഇന്ത്യയില്‍ വാഴപ്പഴ വിപണി ശൃംഖല സുസംഘടിതമാണ്. കാലാവസ്ഥ അനുസരിച്ച് നടീലും വിളവെടുപ്പും ക്രമീകരിച്ചിട്ടുമുണ്ട്. ലോകത്തിലെ വാഴപ്പഴ ഉത്പാദനത്തിന്റെ 23 ശതമാനം ഇന്ത്യയിലത്രെ! പക്ഷേ, വാഴപ്പഴ സമൃദ്ധി ഉണ്ട് എന്ന് പറയുവാന്‍ സൂക്ഷിക്കണം. കാരണം വിലക്കയറ്റവും ഇറക്കവും ലഭ്യതയും ഒക്കെ എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്ന വിധം പ്രവര്‍ത്തിക്കുന്നു.

വര്‍ഷം മുഴുവന്‍ വാഴക്കൃഷി ചെയ്യാന്‍ പറ്റിയ ഭൂവിഭാഗമത്രെ കേരളം. എല്ലാ വീട്ടുപറമ്പിലും വാഴ വളര്‍ത്താം. മറ്റിടങ്ങളില്‍ കൃഷിക്കാരാണ് വാഴ നടുന്നത്. കേരളത്തില്‍ അല്പം ഭൂമിയുള്ളവര്‍ക്കും ഏതാനും മൂട് വാഴ നടാം. കുലയ്ക്ക് വേണ്ടി മാത്രമല്ല, ഇലയ്ക്കും തടയ്ക്കും വള്ളിക്കും ഒക്കെ വാഴ ഉപകരിക്കുന്നു. ഇതിന് പണ്ട് ഉണ്ടായിരുന്ന തടസ്സം ഇഷ്ടമൊത്ത തൈകള്‍ കിട്ടാത്ത പ്രയാസമായിരുന്നു. ടിഷ്യുകള്‍ച്ചര്‍ വാഴക്കന്നുകള്‍ വന്നതോടെ ആ പ്രയാസം പൂര്‍ണമായും മാറി.

കേരളത്തില്‍ എവിടെയും ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍ കിട്ടുന്ന നില ഇന്നുണ്ട്. ഏത്തന്‍, കപ്പ (ചെങ്കദളി), റോബസ്റ്റ, മട്ടി തുടങ്ങിയ ഇനങ്ങള്‍ സര്‍ക്കാര്‍ വക കഴക്കൂട്ടം ടിഷ്യുകള്‍ച്ചര്‍ ലബോറട്ടറിയിലും ആലത്തൂര്‍ ലബോറട്ടറിയില്‍ നേന്ത്രന്‍ ഗ്രാന്‍ഡ് നയര്‍' ഇനങ്ങളുടെയും ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. എ.വി.ടി. കമ്പനിയുടെ ടിഷ്യുകള്‍ച്ചര്‍ തൈകളും മറ്റു പല കമ്പനികളുടെ ടിഷ്യുകള്‍ച്ചര്‍ തൈകളും കേരളത്തിലെ കൃഷിക്കാര്‍ക്ക് വളരെ പരിചയമുണ്ട്. തമിഴകം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍ കേരളത്തില്‍ വിപുലമായി വിതരണമുണ്ട്. മേട്ടുപ്പാളയം, ബാംഗ്ലൂര്‍ തുടങ്ങിയവ വലിയ ടിഷ്യുകള്‍ച്ചര്‍ തൈ ഉത്പാദന കേന്ദ്രങ്ങളാണ്.

നേന്ത്രവാഴ ടിഷ്യുകള്‍ച്ചര്‍ തൈകളാണ് സുലഭം. തൈ വാങ്ങുമ്പോള്‍ 4-7 ഇലകള്‍ എങ്കിലും ഉണ്ടായിരിക്കണം.കുഴിക്ക് 50 സെ.മീ. നീളവും വീതിയും ആഴവും വേണം. അല്പം കുറഞ്ഞുപോയാലും തകരാറൊന്നുമില്ല. 10 കിലോ ചുണ്ണാമ്പോ കമ്പോസ്റ്റോ അഞ്ച് കിലോ മണ്ണിര കമ്പോസ്റ്റോ മണ്ണുമായി കലര്‍ത്തി കുഴി പാകപ്പെടുത്തണം.തൈ 'വെച്ചിരിക്കുന്ന' പോളിത്തീന്‍ കവര്‍ ബ്ലേഡുകൊണ്ട് മുറിച്ചുമാറ്റി മണ്ണും വേരും ഒട്ടും ഇളക്കാതെ കുഴിയിലെ മണ്ണില്‍ ഒരു ചെറുകുഴിയുണ്ടാക്കി അതിലേക്ക് നടുക. തുടര്‍ന്ന് മേല്‍മണ്ണ് എടുത്ത് ചുറ്റിലുമിട്ട് അമര്‍ത്തി തൈകള്‍ ഉറപ്പിക്കുക. വെയില്‍ മാറിയിട്ട് നടുന്നതാണ് നല്ലത്. അധികം വെയില്‍ തട്ടാതെ കുറച്ച് തണല്‍ നല്‍കണം. ദിവസവും വെള്ളം തളിക്കണം, മഴയില്ലെങ്കില്‍.

തെങ്ങിന്റെ സമീപം നടുമ്പോള്‍ വാഴയുടെ പുറത്ത് ഓലയും തേങ്ങയും വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തണല്‍ അല്പം കുറഞ്ഞാലും വാഴ വളരും. വീടിന് തൊട്ടടുത്താകുമ്പോള്‍ നനവിന് മീന്‍കഴുകിയ വെള്ളവും പച്ചക്കറി കഴുകിയ വെള്ളവുമൊക്കെ മതിയാകും.
സാധാരണ കുലയാണ് ലഭ്യമെങ്കില്‍ നട്ട് ഒരുമാസം കഴിഞ്ഞ് 100 ഗ്രാം വീതം മണ്ണിരകമ്പോസ്റ്റ് മണ്ണില്‍ചേര്‍ത്ത് കമ്പുകൊണ്ട് ഇളക്കിക്കൊടുക്കണം. വളം ചേര്‍ക്കുമ്പോള്‍ കണിശമായും നനയ്ക്കണം. ഇത് കുല വന്ന ശേഷവും എല്ലാ മാസവും ആവര്‍ത്തിക്കണം. രാസവളങ്ങള്‍ ചേര്‍ക്കണമെന്നില്ല. വെണ്ണീര്‍ കിട്ടുമ്പോള്‍ ഏതാനും ചിരട്ട വീതം മാസംതോറും ചേര്‍ത്താന്‍ നന്ന്. വേനല്‍ക്കാലത്ത് മൂന്ന് ദിവസത്തിലൊരിക്കല്‍ ഒരുകുടം വെള്ളം നല്‍കിയാല്‍ വളരെ നല്ലത്.

                                             പ്രൊഫ്‌.ജോണ്‍ കുരാക്കാര്‍ 


Top of Form
Bottom of Form

1 comment:

puduvairamji.blogspot.com said...

please post CPIM Congress photos. we are eagerly awaiting.