Pages

Wednesday, April 25, 2012

108 KANNADA BOOKS RELEASED


108 കന്നട പുസ്തകങ്ങള്‍
പ്രകാശനം ചെയ്തു
 കന്നട മറ്റു ഭാഷക്കാരെക്കൂടി പഠിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി ആര്‍. അശോക് പറഞ്ഞു. ജ്ഞാനപീഠം ജേതാവ് കുവെമ്പുവിന്റെ 108-ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 108 കന്നട പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂര്‍ നഗരം പലതുകൊണ്ടും ലോകപ്രശസ്തമാണ്. പല ദേശങ്ങളില്‍ നിന്നുള്ള വിഭിന്ന ഭാഷക്കാരുള്ള മഹാനഗരം കൂടിയാണിത്. കന്നട ഭാഷ പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ അതിനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

മാതൃഭാഷയെ മറക്കുന്നത് അമ്മയെ മറക്കുന്നതിനു തുല്യമാണെന്ന് പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. വൈകാരികവും വൈചാരികവുമായ മാതൃഭാഷയിലൂടെ മാത്രമേ മനുഷ്യന് പൂര്‍ണതയുണ്ടാകുകയുള്ളൂ. കന്നട ഭാഷയെ ജനങ്ങളുടെ മനസ്സില്‍ പ്രതിഷ്ഠിച്ച സാഹിത്യകാരനാണ് കുവെമ്പു. രാമായണവും മറ്റു പുരാണങ്ങളും നാടിന്റെ അസ്തിത്വത്തിനു രൂപം നല്‍കാന്‍ അദ്ദേഹം ഉപയോഗിച്ചു. ശ്രീകൃഷ്ണ ആലനഹള്ളി, പൂര്‍ണചന്ദ്ര തേജസ്വി, യു.ആര്‍. അനന്തമൂര്‍ത്തി, ചന്ദ്രശേഖര കമ്പാര്‍ എന്നീ കന്നട സാഹിത്യകാരന്മാരെല്ലാം കേരളീയര്‍ക്ക് പരിചിതരാണ്. ഇവരുടെ കൃതികള്‍ മൊഴിമാറ്റം നടത്തി മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.ഒരു സാഹിത്യകാരന്റെ ഓര്‍മയ്ക്കായി 108 പുസ്തകങ്ങള്‍ ഒരുമിച്ചു പ്രകാശനം ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് കേന്ദ്ര സാഹിത്യഅക്കാദമി സെക്രട്ടറി അഗ്രഹാര കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇതോടൊപ്പം 108 എഴുത്തുകാര്‍ ആദരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരന്‍ ഡി. ജവരെഗൗഡ, ബൈരമംഗല രാമെഗൗഡ, അശ്വഥ് നാരായണ എം.എല്‍.സി. എന്നിവര്‍ സംസാരിച്ചു.ഡോ. എച്ച്.എസ്. രാമചന്ദ്രഗൗഡ, ഡോ. കമല ഹെമ്മികെ, ഡോ. ചന്ദ്രകാന്ത പോക്കളെ, നാടി സോജ, ഡോ. മോഹന കുണ്ടാര്‍, സറൊജു കാട്കര്‍, സി.പി.കെ., ഡോ. കെ.വി. ശ്രീനിവാസ മൂര്‍ത്തി, അഗ്രഹാര കൃഷ്ണമൂര്‍ത്തി, ഡോ. മല്ലികാ ഗണ്‍ടി, ഡോ. വിജയശ്രീ സബരത തുടങ്ങി 108 എഴുത്തുകാരുടെ പുസ്തകങ്ങളാണ് പുറത്തിറക്കിയത്. എഴുത്തുകാരെ യോഗത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. സി.വി.ജി. ഇന്ത്യയാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.
                                  പ്രൊഫ് ജോണ്‍ കുരാക്കാര്‍


No comments: