Pages

Sunday, March 4, 2012

HARITHA MITHRA AWARD TO KODAKAPARAMBIL PAULOSE


               ഹരിതമിത്രയുടെ' തിളക്കത്തില്‍ 
            കോടഞ്ചേരിയുടെ പച്ചക്കറിക്കാരന്‍
                                    
പൌലോസ്


മലയോര കുടിയേറ്റ കേന്ദ്രമായ കോടഞ്ചേരിയുടെ 'പച്ചക്കറിക്കാരന്‍' തമ്പിച്ചേട്ടന്‍ എന്ന കൊടകപ്പറമ്പില്‍ പൌലോസിനാണ് ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര അവാര്‍ഡ് ലഭിച്ചത്. 20 വര്‍ഷത്തെ പച്ചക്കറിക്യഷി ജീവിതമാണ് അദ്ദേഹത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.തീരെച്ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട പൌലോസിന് വീട്ടുപണിയിലും അടുക്കളപ്പണിയിലും ശ്രദ്ധിക്കേണ്ടി വന്നു. പച്ചക്കറി വാങ്ങാന്‍ ദിവസവും അങ്ങാടിയില്‍ പോകേണ്ടിയിരുന്ന തിനാല്‍ ആ പോക്ക് ഒഴിവാക്കുന്നതിനായി കുറച്ച് പച്ചക്കറി ക്യഷി നടത്തിയാലോ എന്ന് ചിന്തിച്ചു. വീട്ടാവശ്യത്തിനായി തുടങ്ങിയ ക്യഷി പിന്നീട് ചെറിയതോതില്‍ വിപുലീകരിക്കുകയുണ്ടായി. കോടഞ്ചേരി ക്യഷിഭവന്‍ കര്‍ഷക ദിനത്തിന് നല്കിയ അവാര്‍ഡാണ് അദ്ദേഹത്തിന് തന്റെ ക്യഷി വലിയതോതില്‍ വിപുലീകരിക്കാന്‍ പ്രചോദനമായത്.
ഹരിതമിത്ര അവാര്‍ഡ് സ്വീകരിക്കുന്നു

ആദ്യകാലങ്ങളില്‍ അദ്ദേഹം കൂലിപ്പണിക്കു പോവുകയും കല്യാണ പാചകക്കാരനായും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെ ങ്കിലും ജോലിയില്‍ നിന്നു സംത്യപ്തിയും, സമൂഹത്തില്‍ നിന്ന് അംഗീകാരവും ലഭിക്കാത്തതിനാല്‍ പൂര്‍ണ്ണമായും ഒരു ക്യഷിക്കാരനാകുവാന്‍ തീരുമാനിച്ചു.
കമുക് ക്യഷി ചെയ്തിരുന്ന ഒരുപാട് വയല്‍ പ്രദേശങ്ങള്‍ കോടഞ്ചേരിയില്‍ ഉണ്ടായിരുന്നു, കമുക് മഞ്ഞളിച്ച് പോയിരു ന്നതിനാല്‍ ഈ പ്രദേശങ്ങള്‍ പാട്ടത്തിനെടുത്ത് അദ്ദേഹം ക്യഷി ആരംഭിച്ചു. ഓരോ വര്‍ഷത്തിലും എകദേശം ആറ്, ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് ക്യഷി ചെയ്യുന്നു. ഇത് രണ്ടോ മൂന്നോ ഇടങ്ങളിലായിരിക്കും കിടക്കുന്നത്. ആദ്യ പ്ലോട്ടില്‍ ഏപ്രില്‍ മാസത്തില്‍ തന്നെ തന്റെ ക്യഷി അദ്ദേഹം ആരംഭിക്കും ഇഞ്ചി, പാവല്‍ , മുളക്, വഴുതന, വെണ്ട, മത്തന്‍, വെള്ളരി, ചുരക്ക, കാച്ചില്‍ , ചെറുകിഴങ്ങ്, മഞ്ഞള്‍, കച്ചോലം എന്നിവ ഈ സമയത്ത് ക്യഷി ചെയ്യും ഏകദേശം ആഗസ്ത്- സെപ്റ്റംബര്‍ മാസത്തില്‍ വിളവാകുന്നതിനാല്‍ മഴക്കാലത്തി ന്റെയും ഓണ വിപണിയുടെയും ഉയര്‍ന്ന വില പച്ചക്കറിക്ക് ലഭിക്കും.
രണ്ടാമത്തെ പ്ലോട്ടില്‍ ഒക്ടോബര്‍ മാസം പാവലും അതിരുകളില്‍ മറ്റ് പച്ചക്കറികളും ജനുവരിയില്‍ പാവല്‍ കായ്ച്ചു തുടങ്ങുമ്പോള്‍ നേന്ത്രനും നടും മെയ് മാസം പാവലിന്റെ വിളവെടുപ്പ് തീരുമ്പോള്‍ വാഴ പന്തലിനു മുകളില്‍ എത്തിയിരിക്കും. ജൂണോടെ വീണ്ടും പാവല്‍ വാഴയുടെ തടങ്ങളുടെ ഇടയില്‍ കയറ്റുകയും ഒക്ടോബറില്‍ രണ്ടും വിളവെടുപ്പു നടത്തുകയും ചെയ്യും.
അടുത്ത പ്ലോട്ടില്‍ പ്രധാനമായും ചെയ്യുന്ന കോവല്‍ ക്യഷി ഒക്ടോബറില്‍ ആരംഭിക്കുകയും ഡിസംബറില്‍ കായ്ഫലം ലഭിച്ചു തുടങ്ങുകയും ചെയ്യും മണ്‍സൂണാകുമ്പോള്‍ കായ്ഫലം തീരുമെന്നതിനാല്‍ ഏപ്രില്‍ തുടക്കത്തില്‍ തന്നെ ചേന ചേമ്പ് എന്നിവ നടും ഒക്ടോബറോടെ വിളവെടുപ്പു പൂര്‍ത്തിയാക്കും. കൂടാതെ ക്യഷിയിടങ്ങളുടെ ഇടച്ചാലുകളില്‍ നെല്ലും ക്യഷി ചെയ്യുന്നു,വയനാടന്‍ ഇനമായ ജീരകശാല ക്യഷി ചെയ്ത് നല്ല വിളവുണ്ടാക്കിയ അദ്ദേഹം പുതിയ വിത്തായ വൈശാഖ്, കൊടിയന്‍ കുട്ടാടന്‍ എന്നീ പരമ്പാഗത വിത്തുകളും ക്യഷി ചെയ്യുന്നു.
ഓരോ വര്‍ഷവും പ്ലോട്ടുകളിലെ ക്യഷി മാറ്റുന്ന അദ്ദേഹം മൂന്നു വര്‍ഷം മാത്രമേ ഒരു പ്ലോട്ടില്‍ പച്ചക്കറിക്യഷി ചെയ്യുകയുള്ളൂ.ചാണകം, കോഴികാഷ്ഠം, ആട്ടിന്‍ കാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ വളമായി ഉപയോഗിക്കുന്ന തമ്പിച്ചേട്ടന്‍ തോട്ടത്തിലെ ശുചിത്വം പ്രധാനപ്പെട്ട ഒന്നായി കരുതുന്നു.രാവിലെ നാലരക്കു വിളവെടുപ്പ് ആരം ഭിക്കുന്ന അദ്ദേഹം താമരശ്ശേരി ഈങ്ങാപ്പുഴ എന്നിവിടങ്ങളിലെ ആഴ്ചചന്തകളിലും വൈകുന്നേരം കോടഞ്ചേരിയിലെ ചന്തയിലും പണിക്കാരോടൊപ്പം നേരിട്ടു വില്ക്കുന്നു, അദ്ദേഹത്തിന്റെ പച്ചക്കറികള്‍ക്ക് എല്ലാ സ്ഥലത്തും വലിയ ഡിമാന്റുള്ളതിനാല്‍ മുഴുവന്‍ തന്നെ പെട്ടെന്ന് വിറ്റു തീരുന്നു. ആദ്യ കാലങ്ങളില്‍ പച്ചക്കറികള്‍ കോഴിക്കോടെ മാര്‍ക്കറ്റിലേക്കയച്ചിരുന്നെങ്കിലും അര്‍ഹിക്കുന്ന വില ലഭിക്കാത്തതിനാല്‍ പിന്നീട് വില്‍പന നേരിട്ടു നടത്തുകയായിരുന്നു.
പച്ചക്കറി ക്യഷിയില്‍ നിന്നുള്ള വരുമാനം കൊണ്ടു ജീവിക്കുന്ന തമ്പിച്ചേട്ടന്റെ ഭാര്യ ഷൈലയും രണ്ടു മക്കളുമടങ്ങുന്ന കൂടുംബം ക്യഷിയില്‍ അദ്ദേഹത്തെ സഹായിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നു. പുലര്‍ച്ചെ നാല് മുതല്‍ രാത്രി പതിനൊന്ന് മണി വരെ പണിയെടുത്ത് അധ്വാനത്തിന്റെ മഹത്വം കാണിച്ചു തരുന്ന തമ്പിച്ചേട്ടന്‍ ഇപ്പോള്‍ കോടഞ്ചേരിയുടെ സ്വന്തം പച്ചക്കറിക്കാരനായിത്തീര്‍ന്നിരിക്കുന്നു.
                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 

No comments: